ക്ലബ് തലത്തിൽ സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയിട്ടും അതിമനോഹരമായ ഫുട്ബോൾ കൊണ്ട് ആരാധകരെ ത്രസിപ്പിച്ചിട്ടും ലയണൽ മെസിക്ക് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ദേശീയ ടീമിനായി നേട്ടങ്ങളൊന്നും സ്വന്തമാക്കാൻ കഴിയാത്തതിന്റെ പേരിലാണ് താരത്തെ ഏവരും വിമർശിച്ചിരുന്നത്. അർജന്റീനയിൽ നിന്ന് വരെ മെസി വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്.
2021 വരെയുള്ള കാലയളവിൽ ഒരു ലോകകപ്പും മൂന്നു കോപ്പ അമേരിക്കയും ഉൾപ്പെടെ നാല് ഫൈനലുകളിൽ മെസിയുടെ അർജന്റീന കളിച്ചെങ്കിലും ഒന്നിൽ പോലും കിരീടം നേടാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. ഇതോടെ ക്ലബിന് വേണ്ടി മാത്രം മികച്ച പ്രകടനം നടത്തുകയും ദേശീയ ടീമിലേക്ക് വരുമ്പോൾ നിറം മങ്ങുകയും ചെയ്യുന്നുവെന്ന താരമെന്ന രീതിയിലാണ് മെസിയെ പലരും വിലയിരുത്തിയത്.
എന്നാൽ 2021 കോപ്പ അമേരിക്ക മുതൽ 2022 ലോകകപ്പ് വരെ അർജന്റീനക്കൊപ്പം കളിച്ച ടൂർണമെന്റുകളിൽ മെസി ഇതിനു മറുപടി നൽകി. ഇതിലെല്ലാം ഗംഭീരം പ്രകടനം നടത്തിയ മെസി അർജന്റീനക്കൊപ്പം സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കി. തന്നെ വിമർശിച്ചവർക്കുള്ള മറുപടിയായി മെസി സ്വന്തമാക്കിയ കിരീടങ്ങളെല്ലാം മെസിയുടെ പ്രതികാരം കൂടിയായിരുന്നുവെന്നാണ് ഡി മരിയ പറയുന്നത്.
“ഫുട്ബോൾ മെസിക്ക് പ്രതികാരം ചെയ്യാനുള്ള അവസരം നൽകുന്നു. മെസി ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ്. മെസിക്ക് നിങ്ങളോട് പ്രതികാരം ചെയ്യണമെന്ന് തോന്നുകയാണെങ്കിൽ താരമത് ചെയ്‌തിരിക്കും. താരം സന്തോഷവാനായി സഹതാരങ്ങളിൽ വിശ്വാസമർപ്പിച്ച് കളിക്കുകയാണെങ്കിൽ എതിരാളികൾ ആരാണെന്ന് നോക്കാതെ തന്നെ ഏതു മത്സരത്തിന്റെയും ദിശ മാറ്റാൻ ശ്രമിക്കും.” ഡി മരിയ പറഞ്ഞു.
🗣Di Maria:
— Dugeri💎 (@Dugeri_) February 18, 2023
“Football always gives Messi the opportunity of revenge. He is the best in history, and if he wants to revenge on you, he will do it.. When he’s happy and believe in the team, he can change any game at anytime no matter the opponent.." pic.twitter.com/55mHz8MrVt
2014 ലോകകപ്പിന്റെ ഫൈനലിൽ എത്തി പരാജയപ്പെട്ട അർജന്റീന ടീമിൽ നിന്നും മെസിക്കൊപ്പം 2022 ലോകകപ്പിലും കളിച്ച ഒരേയൊരു താരമാണ് ഡി മരിയ. ലോകകപ്പിന് ശേഷം രണ്ടു താരങ്ങളും വിരമിക്കുമെന്നാണ് കരുതിയതെങ്കിലും അടുത്ത കോപ്പ അമേരിക്ക വരെ ടീമിനൊപ്പം തുടരുകയെന്നതാണ് രണ്ടു പേരും ലക്‌ഷ്യം വെക്കുന്നത്.