ഇന്നലെ ഫ്രഞ്ച് ലീഗിൽ നടന്ന പിഎസ്ജി-മാഴ്സെ പോരാട്ടത്തിലെ വിവാദങ്ങൾ അവസാനിക്കുന്നില്ല. കൂട്ടത്തല്ലും വംശീയഅധിക്ഷേപങ്ങൾക്കും പുറമെ മുഖത്ത് തുപ്പിയെന്ന പരാതിയാണ് ഇപ്പോൾ പുതിയതായി ഉയർന്നു വന്നിരിക്കുന്നത്. നേരത്തെ വംശീയഅധിക്ഷേപത്തിൽ പ്രതിസ്ഥാനത്ത് നിന്നിരുന്ന അൽവാരോ ഗോൺസാലസാണ് ഇപ്പോൾ ഇര. ആരോപണവിധേയവനാവട്ടെ പിഎസ്ജി സൂപ്പർ താരം എയ്ഞ്ചൽ ഡിമരിയയും.
മത്സരത്തിന്റെ മുപ്പത്തിയേഴാം മിനുട്ടിലാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയ സംഭവവികാസങ്ങൾ അരങ്ങേറിയത്. ഡിമരിയ മനഃപൂർവം അൽവാരോ ഗോൺസാലസിന്റെ മുഖത്ത് തുപ്പുകയായിരുന്നു എന്നാണ് മാഴ്സെ പരിശീലകൻ ആരോപിച്ചിരിക്കുന്നത്. ഇത് ടിവി കാമറകളിൽ പതിഞ്ഞിട്ടുമുണ്ട്. ഇതിനെ തുടർന്ന് ഗോൺസാലസ് റഫറിയോട് അപ്പീൽ ചെയ്യുന്നുമുണ്ട്. എന്നാൽ റഫറി ഇക്കാര്യം അവഗണിച്ചു വിടുകയായിരുന്നു.മത്സരശേഷം മാഴ്സെ പരിശീലകൻ ആൻഡ്രേ വില്ലാസ് ബോസ് ഇക്കാര്യം തുറന്നുപറയുകയും ചെയ്തു.
” നെയ്മറുടെ കാര്യത്തിൽ അങ്ങനെ സംഭവിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. അങ്ങനെ സംഭവിച്ചിട്ടില്ല എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഫുട്‍ബോളിൽ റേസിസത്തിന് ഒരു സ്ഥാനവുമില്ല. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ഗുരുതരമായ പിഴവാണ്. പക്ഷെ ഇല്ല എന്നാണ് ഞാൻ കരുതുന്നത്. അതിന് മുമ്പ് ഞങ്ങൾക്കും ഇത്പോലെ ഒരു സാഹചര്യം ഉണ്ടായിട്ടുണ്ട്. ഡിമരിയ ഞങ്ങളുടെ താരത്തിന്റെ മുഖത്ത് തുപ്പുകയായിരുന്നു. ഇത്തരം കാര്യങ്ങൾ ഫുട്ബോളിൽ നിന്ന് തന്നെ ഒഴിവാക്കേണ്ടതാണ്. ഈ സംഭവവികാസങ്ങൾ മഹത്തായ മത്സരത്തിലെ കറുത്ത പാടുകളാണ് ” അദ്ദേഹം ടെലിഫൂട്ടിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇതേ അൽവാരോ ഗോൺസാലസ് തന്നെയാണ് നെയ്മറെ കുരങ്ങൻ എന്ന് വിളിച്ചു എന്ന് ആരോപിക്കപ്പെടുന്ന താരം. എന്നാൽ കളി തോറ്റാൽ അംഗീകരിക്കാൻ പഠിക്കണം എന്നാണ് ഗോൺസാലസ് ഇതിന് മറുപടിയായി നെയ്മറിന് നൽകിയത്. എന്നാൽ നെയ്മർ ഇതിനും മറുപടി നൽകി. തന്റെ തെറ്റ് താൻ ഒരിക്കലും ഏറ്റു പറയാൻ പോവുന്നില്ലെന്നും താൻ ഞങ്ങളുടെ ജീവിതത്തിലേക്ക് റേസിസം കൊണ്ടുവന്നുവെന്നും താനൊരിക്കലും ബഹുമാനം അർഹിക്കുന്നില്ലെന്നുമാണ് നെയ്മർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.