സിദാൻ ഇനിയും കാത്തിരിക്കേണ്ടി വരും, ഫ്രാൻസ് പരിശീലകസ്ഥാനത്ത് തുടരാൻ ദെഷാംപ്‌സ് |Qatar 2022

തുടർച്ചയായ രണ്ടാമത്തെ ലോകകപ്പിലും ഫ്രാൻസിനെ വിസ്‌മയകരമായ കുതിപ്പിലേക്കാണ് പരിശീലകനായ ദിദിയർ ദെഷാംപ്‌സ് നയിക്കുന്നത്. ഈ വർഷത്തെ ബാലൺ ഡി ഓർ ജേതാവായ ബെൻസിമ, കഴിഞ്ഞ ലോകകപ്പ് ടീമിന് നേടിക്കൊടുത്ത പോഗ്ബ എന്നിവരടക്കം ഏഴോളം പ്രധാന താരങ്ങളെ ടൂർണമെന്റിന് മുൻപേ തന്നെ നഷ്‌ടമായെങ്കിലും അതിനെ സമർത്ഥമായി അതിജീവിച്ച് ഈ ലോകകപ്പ് നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കുന്ന ടീമായി അവർ മുന്നിൽ തന്നെയുണ്ട്. ഓരോ എതിരാളിയെയും ആധികാരികമായി തന്നെ കീഴടക്കി ടീമിപ്പോൾ സെമി ഫൈനലിൽ എത്തി നിൽക്കുന്നു.

നിരവധി വർഷങ്ങളായി ഫ്രാൻസിന്റെ പരിശീലകസ്ഥാനത്ത് തുടരുന്ന ദെഷാംപ്‌സ് ഈ ലോകകപ്പിന് ശേഷം സ്ഥാനം ഒഴിയുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഫ്രാൻസ് ടൂർണമെന്റിൽ നിന്നും നേരത്തെ പുറത്തായാൽ അതിനുള്ള സാധ്യതയും കൂടുതലായിരുന്നു. എന്നാൽ ടീം മികച്ച പ്രകടനം നടത്തി സെമി ഫൈനൽ വരെയെത്തിയതോടെ ദെഷാംപ്‌സ് പരിശീലകസ്ഥാനത്ത് തുടരുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയൻ പറയുന്നത്. 2024 വരെ ഫ്രാൻസ് പരിശീലകനായി ദെഷാംപ്‌സ് ടീമിനൊപ്പം ഉണ്ടാകുമെന്നാണ്.

ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ നോയൽ ലെ ഗ്രേയ്റ്റ് പറയുന്നത് ദെഷാംപ്‌സിന്റെ ഭാവിയെ സംബന്ധിച്ച തീരുമാനം അദ്ദേഹത്തിനു തന്നെ എടുക്കണമെന്നാണ്. ഫ്രാൻസ് ഈ ലോകകപ്പിന്റെ സെമി ഫൈനലിൽ പുറത്തു പോയാലും അദ്ദേഹം തുടരുന്നതിൽ ആർക്കും എതിർപ്പുണ്ടാകില്ലെന്നുറപ്പാണ്. 2016ൽ യൂറോ കപ്പിന്റെ ഫൈനൽ വരെയെത്തി കിരീടം പോർച്ചുഗലിന് മുന്നിൽ അടിയറവു വെച്ച ദെഷാംപ്‌സിന് 2020 യൂറോ കപ്പിലും കിരീടം നേടാൻ കഴിഞ്ഞില്ല. 2024 വരെ ഫ്രാൻസിനൊപ്പം തുടരുന്നതിലൂടെ യൂറോ കിരീടം കൂടി സ്വന്തമാക്കൻ അദ്ദേഹത്തിന് അവസരം ലഭിക്കും.

അതേസമയം ദെഷാംപ്‌സ് ഫ്രാൻസ് ടീമിൽ നിന്നും പുറത്തു പോകാൻ വൈകുന്നത് ടീമിന്റെ ഇതിഹാസതാരമായ സിനദിൻ സിദാന്റെ കാത്തിരിപ്പ് നീളാൻ കാരണമാകും. ഫ്രാൻസ് ടീമിന്റെ പരിശീലകസ്ഥാനം സിദാൻ ഏറ്റെടുക്കുമെന്നും അതിനു വേണ്ടിയാണ് അദ്ദേഹം പിഎസ്‌ജി മാനേജർ സ്ഥാനം നിരസിച്ചതെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ദെഷാംപ്‌സ് ഫ്രാൻസ് പരിശീലകനായി തുടർന്നാൽ ഏതെങ്കിലും ക്ലബിന്റെ പരിശീലകനായി റയൽ മാഡ്രിഡിനൊപ്പം ചരിത്രനേട്ടം കുറിച്ച സിദാൻ തിരിച്ചു വരാനും സാധ്യതയുണ്ട്.

Rate this post
FIFA world cupFranceQatar2022