മെസിയെ പേടിക്കേണ്ടതില്ല, നെയ്‌മർക്കെതിരെ മെനഞ്ഞ തന്ത്രം തന്നെ മതിയാകുമെന്ന് ക്രൊയേഷ്യൻ പരിശീലകൻ |Qatar 2022

ലോകകപ്പ് സെമി ഫൈനലിൽ അർജന്റീനയെ നേരിടുമ്പോൾ മികച്ച ഫോമിൽ കളിക്കുന്ന സൂപ്പർതാരം ലയണൽ മെസിയെ ക്രൊയേഷ്യ പേടിക്കേണ്ട കാര്യമില്ലെന്ന് പരിശീലകൻ സ്ളാക്കോ ദാലിച്ച്. ബ്രസീലിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നെയ്‌മറെ പൂട്ടാൻ വേണ്ടി നടത്തിയ പ്രതിരോധതന്ത്രം അതുപോലെ ആർത്തിച്ചാൽ സെമി ഫൈനലിൽ ലയണൽ മെസ്സിയെയും തടുക്കാൻ കഴിയുമെന്നാണ് തുടർച്ചയായ രണ്ടു പ്രാവശ്യം ക്രൊയേഷ്യയെ ലോകകപ്പിന്റെ ഫൈനൽ പോരാട്ടത്തിലേക്ക് നയിക്കാൻ തയ്യാറെടുക്കുന്ന പരിശീലകൻ പറയുന്നത്.

ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബ്രസീലിന്റെ ശക്തമായ ആക്രമണനിരയെ ക്രൊയേഷ്യ തടുത്തു നിർത്തിയെങ്കിലും എക്‌സ്ട്രാ ടൈമിൽ അതിനെ പൊളിച്ച് മനോഹരമായൊരു ഗോൾ നെയ്‌മർ നേടിയിരുന്നു. എന്നാൽ ശക്തമായി തിരിച്ചടിച്ച ക്രൊയേഷ്യ കളി തീരാൻ മൂന്നു മിനുട്ട് ശേഷിക്കെ സമനില ഗോൾ നേടിയതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടിൽ രണ്ടു ബ്രസീലിയൻ താരങ്ങൾ ലക്‌ഷ്യം കാണാൻ പരാജയപ്പെട്ടപ്പോൾ 4-2 എന്ന സ്‌കോറിൽ വിജയം നേടിയാണ് ക്രൊയേഷ്യ സെമി ഫൈനലിലേക്ക് മുന്നേറിയത്.

ക്രൊയേഷ്യ സെമി ഫൈനൽ കളിക്കുമ്പോൾ അവിടെ വലിയ ഭീഷണിയായി മുന്നിലുള്ളത് ലോകകപ്പിൽ മികച്ച ഫോമിൽ കളിക്കുന്ന ലയണൽ മെസിയാണ്. ഇതുവരെ നാല് ഗോളുകളും രണ്ട് അസിസ്റ്റുകളും ടൂർണമെന്റിൽ നേടിയ താരത്തിന് ഏതു പ്രതിരോധത്തെയും പൊളിക്കാനുള്ള കഴിവുണ്ടെന്നതിൽ ആർക്കും സംശയമില്ല. എന്നാൽ ലോകത്തിലെ ഏറ്റവും മികച്ച താരത്തെ നേരിടുന്ന കാര്യത്തിൽ പൂർണമായ ആത്മവിശ്വാസം ക്രൊയേഷ്യൻ പരിശീലകനുണ്ട്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് അദ്ദേഹമത് വെളിപ്പെടുത്തുകയും ചെയ്‌തു.

“മെസിയെ കൃത്യമായി നിരീക്ഷിച്ചു കൊണ്ടേയിരിക്കണം, എന്നാൽ അത് മെസിക്കൊപ്പം ഒരു കളിക്കാരൻ എന്ന നിലയിലല്ല. അവസാനത്തെ മത്സരത്തിൽ ഞങ്ങളത് ചെയ്‌തിട്ടില്ല. മെസി എത്രത്തോളം ഓടുമെന്നു ഞങ്ങൾക്കറിയാം, പന്തുമായി എങ്ങിനെയൊക്കെ കളിക്കാൻ ഇഷ്‌ടപ്പെടുന്നു എന്നുമറിയാം. ഞങ്ങളുടെ പ്രതിരോധത്തിന്റെ പ്രധാന കാര്യം അച്ചടക്കമാണ്. ബ്രസീലിനെതിരെ നടത്തിയതു പോലെ താരത്തിനൊപ്പം നിന്നു കളിച്ചാൽ അർജന്റീനക്കെതിരെയും ഞങ്ങൾക്കൊന്നും പേടിക്കാനില്ല.” ക്രൊയേഷ്യൻ പരിശീലകൻ പറഞ്ഞു.

ക്രൊയേഷ്യ തുടർച്ചയായ രണ്ടാം ഫൈനൽ ലക്ഷ്യമിടുമ്പോൾ ലയണൽ മെസി തന്റെ കരിയറിലെ രണ്ടാമത്തെ ലോകകപ്പ് ഫൈനലിൽ ഇടം നേടാനാണ് സെമി ഫൈനലിൽ ഇറങ്ങുന്നത്. ഇതിനു മുൻപ് 2014 ലോകകപ്പ് ഫൈനലിൽ എത്തിയ താരത്തിന് പക്ഷെ ജർമനിക്കെതിരെ തോൽവി വഴങ്ങാനായിരുന്നു വിധി. സെമി ഫൈനൽ അർജന്റീനക്ക് കടുപ്പമാണെങ്കിലും അതിൽ വിജയിച്ചാൽ ഫ്രാൻസ്. മൊറോക്കോ എന്നീ ടീമുകളിൽ ഒന്നിനെയാകും ഫൈനലിൽ നേരിടേണ്ടി വരിക.

Rate this post