ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ (CBF) ദേശീയ ടീമിന്റെ പുതിയ പരിശീലകനായി ഡോറിവൽ ജൂനിയറിനെ ഔദ്യോഗികമായി നിയമിച്ചു. സാവോപോളോയുടെ പരിശീലകനായിരുന്ന 61-കാരൻ, വെള്ളിയാഴ്ച സിബിഎഫ് പുറത്താക്കിയ ഇടക്കാല പരിശീലകനായ ഫെർണാണ്ടോ ദിനിസിൽ നിന്ന് ചുമതലയേൽക്കും.
“ഡോറിവൽ ജൂനിയർ ദേശീയ ടീമിന്റെ പുതിയ പരിശീലകനാണ്. റിയോ ഡി ജനീറോയിലെ സിബിഎഫ് ആസ്ഥാനത്ത് വ്യാഴാഴ്ച നടക്കുന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹത്തെ അവതരിപ്പിക്കും,” സിബിഎഫ് പ്രസ്താവനയിൽ പറഞ്ഞു.2026 ലോകകപ്പ് വരെ ഡോറിവല്‍ ബ്രസീല്‍ ടീമിനൊപ്പം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രസീലിന്റെ പ്രക്ഷുബ്ധമായ കാലഘട്ടത്തിനിടയിലാണ് ഡോറിവൽ കോച്ചിംഗ് റോളിലേക്ക് ചുവടുവെക്കുന്നത്.2022 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റതിന്റെ ഫലമായി ടിറ്റെ സ്ഥാനമൊഴിഞ്ഞതിന് ശേഷം സ്ഥിരം പരിശീലകൻ ഉണ്ടായിരുന്നില്ല.
തുടക്കത്തിൽ ഇറ്റാലിയൻ കോച്ച് കാർലോ ആൻസലോട്ടിയെ കൊണ്ടുവരാൻ ലക്ഷ്യമിട്ടെങ്കിലും അദ്ദേഹം റയൽ മാഡ്രിഡുമായുള്ള കരാർ നീട്ടിയതോടെ പരിശീലക സ്ഥാനത്തേക്കുള്ള പ്രാഥമിക സ്ഥാനാർത്ഥിയായി ഡോറിവൽ ഉയർന്നു വന്നു.സാവോ പോളയിലേക്ക് എത്തുന്നതിന് മുന്‍പ് ബ്രസീലിയന്‍ ക്ലബ് ഫ്ലെമെംഗോയുടെ പരിശീലകനായിരുന്നു ഡോറിവല്‍. 2022ല്‍ കോപ്പ ലിബർട്ടഡോസും ബ്രസീലിയൻ കപ്പും ഫ്ലെമെംഗോ നേടിയപ്പോള്‍ ഡോറിവല്‍ ജൂനിയറായിരുന്നു ടീമിന്റെ പരിശീലകന്.
🚨Dorival Junior is officially the new manager of the Seleção.
— Brasil Football 🇧🇷 (@BrasilEdition) January 10, 2024
He will coach the team in the 2026 World Cup! pic.twitter.com/osBdtCNgqa
അത്ലറ്റിക്കോ മിനെയ്റോ, അത്ലറ്റിക്കോ പരാനെൻസ്, വാസ്കോ ഡ ഗാമ, ഇന്റര്‍നാസിയോണല്‍ എന്നീ ടീമുകളെയും ഡോറിവല്‍ പരിശീലിപ്പിച്ചിട്ടുണ്ട്.ആറ് കളികളിൽ രണ്ടെണ്ണം മാത്രം ജയിക്കുകയും മൂന്ന് തോൽവികൾ ഏറ്റുവാങ്ങുകയും ചെയ്ത ബ്രസീൽ നിലവിൽ സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ സ്റ്റാൻഡിംഗിൽ ആറാം സ്ഥാനത്ത് നിൽക്കുന്നതിനാൽ, ടീമിന്റെ പ്രകടനം പുനരുജ്ജീവിപ്പിക്കുക എന്ന വെല്ലുവിളി നിറഞ്ഞ ദൗത്യമാണ് ഡോറിവാളിന് മുന്നിലുള്ളത്.