കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണ പ്രധാനമായും നോട്ടമിട്ട രണ്ടു താരങ്ങളാണ് മെംഫിസ് ഡീപേയും ഗിനി വിനാൾഡവും. എന്നാൽ ഇരുവരെയും ക്ലബ്ബിലെത്തിക്കാൻ ബാഴ്സക്ക് കഴിഞ്ഞിരുന്നില്ല. ഡീപേയുടെ കാര്യത്തിൽ ലിയോണുമായി കരാറിലെത്താൻ ബാഴ്സക്ക് കഴിഞ്ഞില്ല. കൂടാതെ വിനാൾഡമാവട്ടെ ക്ലോപിന്റെ അഭ്യർത്ഥന പ്രകാരം ലിവർപൂളിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.
ഡച്ച് താരങ്ങളായ ഇരുവരും കൂമാന് ഏറെ പ്രിയപ്പെട്ടതാരങ്ങളാണ്. ഇരുവർക്കും ഈ സീസൺ കഴിയുന്നതോട് തങ്ങളുടെ ക്ലബുമായുള്ള കരാറും അവസാനിക്കും. എന്നാൽ അതിന് മുമ്പ്, ഈ ജനുവരി ട്രാൻസ്ഫറിൽ ഇരുവരെയും ക്ലബ്ബിൽ എത്തിക്കുമോ എന്ന കാര്യത്തിൽ വ്യക്തത കൈവരുത്തിയിരിക്കുകയാണ് കൂമാൻ. ഇരുവരുടെയും ട്രാൻസ്ഫറുകൾ ഒരുപാട് കാര്യങ്ങളെ ആശ്രയിച്ചാണ് നിലകൊള്ളുന്നതെന്നും തനിക്ക് അതിനെപറ്റി കൂടുതൽ പറയാൻ കഴിയില്ലെന്നുമാണ് കൂമാൻ വ്യക്തമാക്കിയത്. നിലവിലുള്ള താരങ്ങളെ പറ്റി സംസാരിക്കാനാണ് തനിക്ക് ഇഷ്ടമെന്നും കൂമാൻ പറഞ്ഞു.
” മെംഫിസ് ഡീപേ ജനുവരിയിൽ ബാഴ്സയിലെത്തുമോ എന്ന കാര്യത്തെ കുറിച്ച് എനിക്കറിയില്ല. അതിൽ ഒരുപാട് കാര്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ബാഴ്സ, അദ്ദേഹത്തിന്റെ ക്ലബായ ലിയോൺ, കൂടാതെ സാമ്പത്തികകാര്യങ്ങൾ ഇവയെല്ലാം ശരിയായാൽ മാത്രമേ അത് നടക്കുകയൊള്ളൂ.വിനാൾഡം മികച്ച താരമാണ്. പക്ഷെ അദ്ദേഹം നിലവിൽ ലിവർപൂളിന്റെ താരമാണ്. അദ്ദേഹം ഭാവിയിൽ ഒരു ഓപ്ഷനാവാം. പക്ഷെ ഇപ്പോൾ അതിനെ പറ്റി എനിക്ക് കൂടുതൽ പറയാനില്ല. ടീമിന്റെ കരുത്ത് വർധിക്കുന്നതിൽ എനിക്ക് സന്തോഷമേ ഒള്ളൂ. പക്ഷെ അത് ക്ലബ്ബിന്റെ സാമ്പത്തികസ്ഥിതിയെ കൂടി ആശ്രയിച്ചിരിക്കുന്ന ഒന്നാണ് ” കൂമാൻ സ്പോർട്ടിനോട് പറഞ്ഞു.
അതേസമയം താൻ ജനുവരിയിൽ ബാഴ്സയിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന് ഡീപേ പറഞ്ഞിരുന്നു. ഈ സീസൺ മുഴുവനും ലിയോണിൽ തന്നെ ഉണ്ടാവുമെന്ന് ഉറപ്പ് പറയാനാവില്ല എന്നായിരുന്നു ഡീപേ പറഞ്ഞിരുന്നത്. എന്നാൽ താരം ലിയോണിൽ ഈ സീസൺ അവസാനം വരെ ഉണ്ടാവുമെന്ന് ക്ലബ് പ്രസിഡന്റ് അറിയിച്ചിരുന്നു.