ഇല്ല..ഡിബാലയെ തടയാനാവില്ല.. താരത്തിന്റെ മികവിൽ റോമ കുതിക്കുകയാണ്.

ഖത്തർ വേൾഡ് കപ്പിൽ അർജന്റീനയോടൊപ്പം ലോക കിരീടം നേടാൻ സാധിച്ചിട്ടുള്ള താരമാണ് പൗലോ ഡിബാല.അത്രയധികം അവസരങ്ങളൊന്നും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല.പക്ഷേ വേൾഡ് കപ്പ് കിരീടം നേടാൻ സാധിച്ചതിൽ വളരെയധികം സന്തുഷ്ടനാണ്.ഫൈനലിൽ ഫ്രാൻസിനെതിരെ നിർണായക പെനാൽറ്റി അദ്ദേഹം ഗോളാക്കി മാറ്റുകയും ചെയ്തിരുന്നു.

വേൾഡ് കപ്പിന് ശേഷം അസാമാന്യ ഫോമിലാണ് തന്റെ ക്ലബ്ബായ റോമക്ക് വേണ്ടി ഡിബാല ഇപ്പോൾ കളിക്കുന്നത്.ആദ്യം കോപ്പ ഇറ്റാലിയ മത്സരത്തിൽ ജെനോവക്കെതിരെ ഗോൾ നേടിക്കൊണ്ട് റോമയെ മുന്നോട്ടു നയിച്ചത് ഈ അർജന്റീന താരമായിരുന്നു.അതിന് ശേഷം ഫിയോറെന്റിനക്കെതിരെ നടന്ന മത്സരത്തിലും ഡിബാല തന്റെ മികവ് പുറത്തെടുത്തു.

രണ്ട് ഗോളുകളാണ് ആ മത്സരത്തിൽ ഡിബാല നേടിയത്.അതിനുശേഷം സ്പസിയയെ റോമ പരാജയപ്പെടുത്തിയിരുന്നു.അന്ന് ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും രണ്ട് അസിസ്റ്റുകൾ നേടി കൊണ്ടാണ് ഡിബാല തന്റെ മികവ് തെളിയിച്ചത്.അതിന്റെ തനിയാവർത്തനം ഇപ്പോൾ ഒരിക്കൽ കൂടി ഇന്നലെ സംഭവിച്ചിട്ടുണ്ട്.രണ്ട് അസിസ്റ്റുകളാണ് ഇന്നലത്തെ മത്സരത്തിൽ ഡിബാല നൽകിയിട്ടുള്ളത്.

ഇന്നലെ എംപോളിക്കെതിരെയായിരുന്നു റോമ വിജയം നേടിയത്.എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഈ വിജയം.മത്സരത്തിന്റെ 6 മിനിറ്റിനുള്ളിൽ തന്നെ രണ്ട് ഗോളുകൾ റോമ കരസ്ഥമാക്കിയിരുന്നു.റോജർ ഇബാനസ്,ടാമ്മി എബ്രഹാം എന്നിവരാണ് ഹെഡറുകളിലൂടെ ഗോളുകൾ നേടിയത്.ഈ രണ്ട് അസിസ്റ്റുകളും രേഖപ്പെടുത്തപ്പെട്ടത് ഡിബാലയുടെ പേരിലാണ്.

ഇതോടുകൂടി 15 ഇറ്റാലിയൻ ലീഗ് മത്സരങ്ങളിൽ നിന്ന് 7 ഗോളുകളും ആറ് അസിസ്റ്റുകളും ഈ അർജന്റീന താരം പൂർത്തിയാക്കി കഴിഞ്ഞു.ഈ സീസണിൽ താരത്തെ എത്തിച്ച റോമക്ക് അതിന്റെ ഗുണഫലങ്ങൾ ലഭിച്ചു എന്നുള്ള കാര്യത്തിൽ ഇനി സംശയങ്ങൾ വേണ്ട.മാത്രമല്ല മറ്റൊരു റെക്കോർഡ് കൂടി ഇപ്പോൾ താരം കുറിച്ചിട്ടുണ്ട്.2004/05 സീസണിന് ശേഷം ഇത് ആദ്യമായാണ് ഇറ്റാലിയൻ ലീഗിൽ ഒരു താരം ആറു മിനുട്ടിനിടെ രണ്ട് അസിസ്റ്റുകൾ പൂർത്തിയാക്കുന്നത്.താരത്തിന്റെ മികവ് റോമയുടെ പരിശീലകനായ മൊറിഞ്ഞോക്കും ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്.നിലവിൽ ഇറ്റാലിയൻ ലീഗിൽ മൂന്നാം സ്ഥാനത്താണ് റോമാ.

Rate this post