ഒരിക്കൽക്കൂടി മാഞ്ചസ്റ്റർ യുണൈറ്റഡിനായി പ്രതിരോധമതിൽ കെട്ടി ലിസാൻഡ്രോ മാർട്ടിനസ്

ക്രിസ്റ്റൽ പാലസിനെതിരെ ഇന്നലെ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ പൊരുതിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം സ്വന്തമാക്കിയത്. രണ്ടു ഗോളിന് മുന്നിൽ നിൽക്കെ എഴുപതാം മിനുട്ടിൽ കസമീറോ ചുവപ്പുകാർഡ് നേടി പുറത്തു പോയതിനു പിന്നാലെ ക്രിസ്റ്റൽ പാലസ് ഒരു ഗോൾ നേടിയെങ്കിലും തുടർന്നുള്ള മിനിറ്റുകളിൽ അവരുടെ മുന്നേറ്റങ്ങളെ സമർത്ഥമായി പ്രതിരോധിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടുകയായിരുന്നു.

മത്സരത്തിൽ ഒരിക്കൽക്കൂടി മാഞ്ചസ്റ്റർ യുണൈറ്റഡിനായി മികച്ച പ്രകടനം നടത്താൻ അർജന്റീനിയൻ പ്രതിരോധതാരമായ ലിസാൻഡ്രോ മാർട്ടിനസിനു കഴിയുകയുണ്ടായി. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ അയാക്‌സിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ താരത്തിൽ ഒരുപാട് പേർ സംശയങ്ങൾ പ്രകടിപ്പിച്ചെങ്കിലും അതിനെയെല്ലാം മറികടന്ന് ഓരോ മത്സരങ്ങളിലും തിളങ്ങാൻ ലിസാൻഡ്രോക്ക് കഴിയുന്നുണ്ട്.

ഇന്നലെ നടന്ന മത്സരത്തിൽ 92 ശതമാനം പാസുകളും പൂർത്തിയാക്കിയ ലിസാൻഡ്രോ മാർട്ടിനസ് അഞ്ചു ക്ലിയറൻസുകൾ (മത്സരത്തിൽ ഏറ്റവും കൂടുതൽ) നടത്തി. ഇതിനു പുറമെ ഏഴു തവണ എതിരാളികളിൽ നിന്നും പോസെഷൻ വീണ്ടെടുത്ത താരം അഞ്ചു ഡുവൽസിലും വിജയിച്ചു. ഉയരക്കുറവാണെന്ന് പറഞ്ഞവർക്ക് മറുപടി നൽകി മത്സരത്തിൽ ഏറ്റവുമധികം എരിയൽ ഡുവൽസിൽ വിജയിച്ച താരവും ലിസാൻഡ്രോ മാർട്ടിനസ് തന്നെയാണ്.

മത്സരത്തിൽ ഒരിക്കൽപ്പോലും ലിസാൻഡ്രോ മാർട്ടിനസിനെ മറികടന്ന് ഡ്രിബിൾ ചെയ്‌തു പോകാൻ ക്രിസ്റ്റൽ പാലസ് താരങ്ങൾക്ക് കഴിഞ്ഞിട്ടില്ല. രണ്ടു ടാക്കിളുകൾ നടത്തിയ താരം രണ്ടു തവണ കൃത്യമായി ഓഫ്‌സൈഡ് ട്രാപ്പുകൾ സൃഷ്‌ടിക്കുകയും ചെയ്‌തു. ഇതിനു പുറമെ പ്രതിരോധതാരമായിരുന്നിട്ടു കൂടി നാല് തവണ എതിരാളികളുടെ ബോക്‌സിലേക്ക് മുന്നേറി ചെല്ലാനും താരത്തിന് കഴിഞ്ഞു.

ഉയരക്കുറവുണ്ടെങ്കിലും തന്റെ കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് മൈതാനത്ത് അതിനെ മറികടക്കുന്ന ലിസാൻഡ്രോ മാർട്ടിനസിന്റെ മനോഭാവം മാഞ്ചസ്റ്റർ യുണൈറ്റഡിന് പോരാടാനുള്ള ശേഷിയും നൽകുന്നു. ഇന്നലെ നടന്ന മത്സരത്തിൽ പൊരുതി വിജയം നേടിയതോടെ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

4.8/5 - (19 votes)