ഗോളടിച്ചു കൂട്ടി ലോക ചാമ്പ്യന്മാർ,വേൾഡ് കപ്പിന് ശേഷം സെഞ്ച്വറി തികച്ചു!

ഇന്നലെ യുവേഫ യൂറോപ ലീഗിൽ നടന്ന ഫൈനൽ മത്സരത്തിൽ റോമ പരാജയപ്പെട്ടിരുന്നു.പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു സ്പാനിഷ് കരുത്തരായ സെവിയ്യ റോമയെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ റോമക്ക് വേണ്ടി ഗോൾ നേടിയത് അർജന്റൈൻ സൂപ്പർ താരമായ പൗലോ ഡിബാലയാണ്.പെനാൽറ്റി ഷൂട്ടൗട്ടിൽ ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് അർജന്റൈൻ താരങ്ങളായ ലമേലയും ഒകമ്പസും മോന്റിയേലും ശ്രദ്ധ കേന്ദ്രങ്ങളായി മാറുകയായിരുന്നു.

ഏതായാലും പൗലോ ഡിബാല ഇന്നലെ ഗോൾ നേടിയതോടുകൂടി ലോക ചാമ്പ്യന്മാരായ അർജന്റീനയുടെ താരങ്ങൾ സെഞ്ച്വറി തികച്ചിട്ടുണ്ട്.അതായത് ഖത്തർ വേൾഡ് കപ്പിൽ മുത്തമിട്ടതിനു ശേഷം നടന്ന ക്ലബ്ബ് മത്സരങ്ങളിൽ 100 ഗോളുകൾ പൂർത്തിയാക്കാൻ അർജന്റീന താരങ്ങൾക്ക് ഇപ്പോൾ സാധിച്ചിട്ടുണ്ട്.SC ESPN ആണ് ഇതിന്റെ വിശദമായ കണക്കു വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

പരിക്ക് മൂലം വേൾഡ് കപ്പിൽ തിളങ്ങാനായിട്ടില്ലെങ്കിലും ശേഷം തകർപ്പൻ ഫോമിൽ കളിക്കുന്ന ലൗറ്ററോ മാർട്ടിനസ് തന്നെയാണ് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ അർജന്റൈൻ താരം.തന്റെ ക്ലബ്ബായ ഇന്റർമിലാന് വേണ്ടി ലൗറ്ററോ 20 ഗോളുകളാണ് വേൾഡ് കപ്പിന് ശേഷം നേടിയിട്ടുള്ളത്.ചാമ്പ്യൻസ് ലീഗിന്റെ കലാശ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ അദ്ദേഹം നേരിടുന്നുണ്ട്.അതേസമയം രണ്ടാം സ്ഥാനത്ത് മറ്റാരുമല്ല നായകനായ ലയണൽ മെസ്സി തന്നെയാണ്.10 ഗോളുകളാണ് അദ്ദേഹം വേൾഡ് കപ്പിന് ശേഷം നേടിയിട്ടുള്ളത്.

മൂന്നാം സ്ഥാനത്താണ് ഹൂലിയൻ ആൽവരസും പൗലോ ഡിബാലയും വരുന്നത്.വേൾഡ് കപ്പിന് ശേഷം ഈ രണ്ടു താരങ്ങളും 10 ഗോളുകൾ വീതം നേടിയിട്ടുണ്ട്.ആൽവരസിന് ഇനി സിറ്റിക്കൊപ്പം ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കാനുണ്ട്.ഡി മരിയ 8 ഗോളുകൾ നേടിയപ്പോൾ മാക്ക് ആല്ലിസ്റ്റർ,തിയാഗോ അൽമാഡ എന്നിവർ 7 ഗോളുകൾ വീതം വേൾഡ് കപ്പിന് ശേഷം നേടിയിട്ടുണ്ട്.പലാസിയോസ്,എയ്ഞ്ചൽ കൊറേയാ,നഹുവേൽ മൊളീന എന്നിവർ നാലു ഗോളുകൾ വീതം നേടിയപ്പോൾ അക്കൂഞ്ഞ 3 ഗോളുകളും എൻസോ ഫെർണാണ്ടസ് രണ്ട് ഗോളുകളും കരസ്ഥമാക്കിയിട്ടുണ്ട്.

യുവാൻ ഫോയ്ത്ത്,ഗോൺസാലോ മോന്റിയേൽ,ലിസാൻഡ്രോ മാർട്ടിനസ്,ഗൈഡോ റോഡ്രിഗസ്,നിക്കൊളാസ് ഓട്ടമെന്റി,ഡി പോൾ,പരേഡസ്,പപ്പു ഗോമസ് എന്നിവർ വേൾഡ് കപ്പിന് ശേഷം ഓരോ ഗോളുകൾ വീതമാണ് നേടിയിട്ടുള്ളത്.ഏതായാലും താരങ്ങളുടെ ഈ തകർപ്പൻ ഫോം അർജന്റീനക്ക് സന്തോഷം നൽകുന്ന കാര്യമാണ്.ഈ മാസം ഓസ്ട്രേലിയക്കെതിരെയും ഇൻഡോനേഷ്യക്കെതിരെയും അർജന്റീന ഫ്രണ്ട്ലി മത്സരങ്ങൾ കളിക്കുന്നുണ്ട്.

Rate this post
Argentina