” 2022 ലോകകപ്പിൽ ഡെൻമാർക്ക്‌ ടീമിനൊപ്പമുണ്ടാവും ” , തിരിച്ചു വരവിൽ ആദ്യ ടച്ചിൽ ഗോൾ നേടിയതിന് ശേഷം ക്രിസ്ത്യൻ എറിക്സൻ

കഴിഞ്ഞ വർഷം നടന്ന യൂറോ 2020-ൽ ഹൃദയത്തിൽ വന്ന പ്രശ്നങ്ങളെ തുടർന്ന് ദീർഘകാലം ഫുട്ബോൾ മൈതാനത്ത് നിന്നും മാറി നിന്ന ഡെൻമാർക്ക്‌ മിഡ്ഫീൽഡർക്ക് ഇപ്പോഴും ഉയർന്ന തലത്തിൽ മത്സരിക്കാൻ കഴിയുമെന്ന് കാണിച്ച മത്സരമായിരുന്നു ഇന്നലെ ജോഹാൻ ക്രൈഫ് അരീനയിൽ നെതെര്ലന്ഡ്സിനെതിരെ നടന്ന സൗഹൃദ മത്സരം.രണ്ടാം പകുതിയിൽ പകരക്കാരനായി വന്ന താരം രണ്ടു മിനുട്ടിനുള്ളിൽ ആദ്യ ടച്ചിൽ തന്നെ ഗോൾ നേടി.2022 ലോകകപ്പിൽ ടീമിനോപ്പം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

“എനിക്ക് ഇപ്പോഴും കളിക്കാൻ കഴിയുമെന്ന് കാണിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്,” എറിക്സൻ ഡച്ച് ടിവിയോട് പറഞ്ഞു. “ഞാൻ ഒരിക്കലും ടീമിൽ നിന്ന് അകന്നിട്ടില്ലെന്ന് തോന്നുന്നു. ദേശീയ ടീമിൽ തിരിച്ചെത്തിയത് അൽപ്പം വികാരഭരിതമായിരുന്നു, എന്നാൽ കഴിഞ്ഞ 10 വർഷമായി എനിക്ക് കളികളൊന്നും നഷ്ടമായിട്ടില്ല, അതിനാൽ ഞാൻ ഈ കുടുംബത്തിന്റെ ഭാഗമാണ്” .

“നെതർലാൻഡ്‌സ് ആരാധകർ എന്നെ സ്നേഹത്തോടെയാണ് വരവേറ്റത് .വർഷങ്ങൾക്ക് മുമ്പ് ഞാൻ അയാക്സിന് വേണ്ടി ഇവിടെ കളിച്ചിട്ടുണ്ട്.അതിനാൽ തീർച്ചയായും അവർക്ക് എന്നെ അറിയാം, പക്ഷേ ഇത് തീർച്ചയായും ഹൃദയസ്പർശിയായ ഒരു സ്വീകരണമായിരുന്നു” എറിക്സൺ പറഞ്ഞു.”ഞാൻ ഖത്തർ ലോകകപ്പിൽ കളിക്കാൻ കാത്തിരിക്കുകയാണ്, പക്ഷേ അതിനിടയിൽ ധാരാളം ഗെയിമുകൾ ഉണ്ട്, ഞാൻ അവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു” എറിക്സൺ കൂട്ടിച്ചേർത്തു.

എറിക്‌സന്റെ തിരിച്ചുവരവ് ലോക ഫുട്‌ബോളിലെ ഏറ്റവും നല്ല മുഹൂർത്തങ്ങളിൽ ഒന്നാണ്. ഡെൻമാർക്കുമായുള്ള അദ്ദേഹത്തിന്റെ പ്രകടനം അദ്ദേഹത്തിന്റെ യാത്രയിലെ ഒരു സുപ്രധാന ചുവടുവയ്പ്പായി അടയാളപ്പെടുത്തി.മാർച്ച് 29ന് സെർബിയക്കെതിരെയാണ് ഡെന്മാർക്കിന്റെ അടുത്ത മത്സരം. ഹൃദയത്തിന്റെ പ്രശ്നങ്ങളെ തുടർന്ന് ഇറ്റാലിയൻ ക്ലബ് താരത്തിന്റെ കരാർ കഴിഞ്ഞ വര്ഷം റദ്ദാക്കിയിരുന്നു. 30 കാരൻ ഫെബ്രുവരി 26-ന് ഇംഗ്ളസിഹ് ക്ലബ് ബ്രെന്റ്‌ഫോർഡിനൊപ്പം തന്റെ ക്ലബ് കരിയർ പുനരാരംഭിച്ചിരുന്നു.

Rate this post