ക്രിസ്റ്റ്യാനോ റൊണാൾഡോ ന്യൂകാസിലിലേക്ക് എത്തുമെന്നുള്ള വാർത്തയോട് പ്രതികരിച്ച് ന്യൂകാസിൽ പരിശീലകൻ
ലോക ഫുട്ബോളിലെ സൂപ്പർതാരങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റിന് സാധിച്ചിരുന്നു.ഇന്നലെ അവർ തങ്ങളുടെ സൂപ്പർതാരത്തെ കാണികൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. നിരവധി ആരാധകരായിരുന്നു റൊണാൾഡോയെ കാണാൻ തടിച്ചു കൂടിയിരുന്നത്. ഇന്നലത്തെ പരിശീലനത്തിൽ റൊണാൾഡോ ക്ലബ്ബിനു വേണ്ടി പങ്കെടുക്കുകയും ചെയ്തു.
ഇന്നലെ പ്രമുഖ വാർത്താമാധ്യമമായ മാർക്കയുടെ ഒരു റിപ്പോർട്ട് ഫുട്ബോൾ ലോകത്ത് എങ്ങും ചർച്ചചെയ്യപ്പെട്ടിരുന്നു.അതായത് അടുത്ത യുവേഫ ചാമ്പ്യൻസ് ലീഗ് സീസണിലേക്ക് യോഗ്യത നേടാൻ പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡിന് സാധിച്ചാൽ റൊണാൾഡോ ലോൺ അടിസ്ഥാനത്തിൽ ന്യൂകാസിലിൽ എത്തിച്ചേരും എന്നായിരുന്നു വാർത്ത. അത്തരത്തിലുള്ള ഒരു നിബന്ധന റൊണാൾഡോയുടെ കോൺട്രാക്ടിൽ ഉണ്ടെന്നും ഇവർ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ റൂമർ വ്യാപകമായി പ്രചരിച്ചതോടെ ന്യൂകാസിൽ യുണൈറ്റഡ് പരിശീലകനായ എഡ്ഢി ഹൌയോട് ഇതേക്കുറിച്ച് പത്രപ്രവർത്തകർ ചോദിച്ചിരുന്നു. എന്നാൽ പരിശീലകൻ ഇതിനെ പൂർണമായും നിരസിച്ചു കളഞ്ഞു. അതായത് റൊണാൾഡോ ന്യൂകാസിൽ യുണൈറ്റഡിലേക്ക് എത്തില്ല എന്ന് തന്നെയാണ് ഇദ്ദേഹം അടിവരയിട്ട് ഉറപ്പിച്ച് പറഞ്ഞിരിക്കുന്നത്.ഇന്നലത്തെ പ്രീമിയർ ലീഗ് മത്സരവുമായി ബന്ധപ്പെട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഞങ്ങൾ എല്ലാവിധ ആശംസകളും നേരുന്നു. പക്ഷേ അദ്ദേഹം ന്യൂ കാസിൽ യുണൈറ്റഡിലേക്ക് വരുമെന്നുള്ള എല്ലാ വാർത്തകളും തെറ്റാണ് ‘ ന്യൂകാസിൽ പരിശീലകൻ സ്കൈ സ്പോർട്സിനോട് പറഞ്ഞു. ഇതോടെ ഈ കിംവദന്തികൾക്ക് അന്ത്യമാവുകയാണ്. റൊണാൾഡോ 2025 വരെ സൗദി അറേബ്യൻ ക്ലബ്ബിൽ സ്ഥിരമായി ഉണ്ടാകുമെന്ന് വ്യക്തമായി കഴിഞ്ഞു.
ഇന്നലത്തെ പ്രസന്റേഷൻ ചടങ്ങിൽ പല കാര്യങ്ങളെക്കുറിച്ചും റൊണാൾഡോ സംസാരിച്ചിരുന്നു. യൂറോപ്പിൽ തനിക്ക് ഒന്നും തന്നെ ഇനി നേടാനില്ലെന്നും അതുകൊണ്ടാണ് ഏഷ്യയിലേക്ക് വന്നത് എന്നുമായിരുന്നു റൊണാൾഡോ പറഞ്ഞിരുന്നത്. താൻ അതുല്യമായ ഒരു പ്രതിഭയാണെന്നും അതുകൊണ്ടാണ് അതുല്യമായ ഒരു കോൺട്രാക്ട് തനിക്ക് ലഭിച്ചത് എന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.