സമീപകാലത്ത് റയൽ മാഡ്രിഡ് നടത്തിയ ട്രാൻസ്ഫറുകളിൽ ഏറ്റവും പരാജയമായി മാറിയത് ഈഡൻ ഹസാർഡിന്റേതാണ്. ചെൽസി കരാർ അവസാനിക്കാൻ ഒരു വർഷം മാത്രം ബാക്കി നിൽക്കെ നൂറു മില്യൺ മുടക്കിയാണ് താരത്തെ റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. എന്നാൽ അമിതഭാരവുമായി ടീമിലെത്തിയ ബെൽജിയൻ താരത്തിന് പിന്നീടോരിക്കലും തന്റെ ഫോം ക്ലബിനോ ദേശീയ ടീമിനോ വേണ്ടി പുറത്തെടുക്കാൻ കഴിഞ്ഞില്ല.
മോശം ഫോമിനെ തുടർന്ന് റയൽ മാഡ്രിഡിൽ ഹസാർഡിനു അവസരങ്ങൾ തീരെ കുറവാണ്. ഈ സീസണിൽ ആകെ ഒരു ലീഗ് മത്സരത്തിൽ മാത്രമാണ് താരം ആദ്യ ഇലവനിൽ ഇറങ്ങിയിരിക്കുന്നത്. അവസരങ്ങൾ കുറഞ്ഞ താരത്തെ വിൽക്കാൻ റയൽ മാഡ്രിഡിന് താൽപര്യമുണ്ടെങ്കിലും തനിക്ക് ക്ലബ് വിടാൻ ഉദ്ദേശമില്ലെന്നാണ് കഴിഞ്ഞ ദിവസം ഹസാർഡ് വ്യക്തമാക്കിയത്.
“ഇതൊരു ബുദ്ധിമുട്ടേറിയ വർഷമായിരുന്നു, എന്നാൽ വലിയൊരു ടീമിനൊപ്പമായിരുന്നു അത്. ക്ലബുമായും ഇവിടെയുള്ള താരങ്ങളുമായും എനിക്ക് മികച്ച ബന്ധമാണുള്ളത്. എനിക്ക് കളിക്കാൻ ആഗ്രഹമുണ്ട്, എന്നാൽ അത് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് എനിക്കറിയാം. കൂടുതൽ പ്രയത്നിച്ച് കൂടുതൽ മത്സരങ്ങളിൽ കളിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.” ഹസാർഡ് കഴിഞ്ഞ ദിവസം പറഞ്ഞു.
2019ൽ അഞ്ചു വർഷത്തെ കരാറിലാണ് റയൽ മാഡ്രിഡ് ഹസാർഡിനെ സ്വന്തമാക്കിയത്. താരത്തിന്റെ കരാർ അവസാനിക്കാൻ ഒരു വർഷം മാത്രമേ ബാക്കിയുള്ളൂ എന്നിരിക്കെ വിൽക്കാനുള്ള അവസാനത്തെ അവസരമാണ് ഈ സമ്മറിലുള്ളത്. എന്നാൽ ആഴ്ച്ചയിൽ നാല് ലക്ഷം യൂറോ പ്രതിഫലം വാങ്ങുന്ന താരം അതൊഴിവാക്കി മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാൻ ഒരുക്കമല്ലാത്തത് റയൽ മാഡ്രിഡിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്.
Eden Hazard on his future: "Honestly, I’m planning to stay at Real Madrid next season". 🚨⚪️ #RealMadrid
— Fabrizio Romano (@FabrizioRomano) May 7, 2023
"I expect to stay as I want to celebrate the last year of contract I have left". pic.twitter.com/ntvd43Myq2
ഈ സീസണിൽ ആകെ 331 മിനുട്ട് മാത്രമാണ് ഹസാർഡ് റയൽ മാഡ്രിഡിന് വേണ്ടി ആകെ കളിച്ചിട്ടുള്ളൂ. സെപ്തംബറിൽ മയോർക്കക്കെതിരെ നടന്ന മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയ താരത്തിന് പിന്നീട് ലീഗിൽ ഒരവസരം ലഭിച്ചത് ഏപ്രിൽ മാസത്തിലാണ്. ഇത്രയും അവസരങ്ങൾ ഇല്ലാത്ത താരം വലിയ പ്രതിഫലം വാങ്ങി ക്ലബിൽ തുടരുന്നത് റയൽ മാഡ്രിഡിന് ബുദ്ധിമുട്ടാണെങ്കിലും താരത്തിന്റെ സമ്മതമില്ലാതെ ഒഴിവാക്കാൻ കഴിയില്ലെന്നത് പ്രതിസന്ധിയാണ്.