സൂപ്പർ താരം ലയണൽ മെസ്സിക്കൊപ്പം അർജന്റീനയുടെ ദേശീയ ടീമിൽ കളിക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ള താരമാണ് സെർജിയോ അഗ്വേറോ. മാത്രമല്ല ക്ലബ്ബ് തലത്തിൽ മെസ്സിയോടൊപ്പം കളിക്കാൻ സെർജിയോ അഗ്വേറോ ആഗ്രഹിക്കുകയും ചെയ്തിരുന്നു. അങ്ങനെയായിരുന്നു 2021ലെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അഗ്വേറോ മാഞ്ചസ്റ്റർ സിറ്റി വിട്ടുകൊണ്ട് എഫ്സി ബാഴ്സലോണയിൽ എത്തിയത്.
എന്നാൽ ലയണൽ മെസ്സിയുടെ കാര്യത്തിൽ അപ്പോൾ മാറ്റം സംഭവിക്കുകയായിരുന്നു.ബാഴ്സയുമായി കരാർ പുതുക്കാൻ മെസ്സിക്ക് സാധിച്ചില്ല, അതുകൊണ്ടുതന്നെ താരത്തിന് ക്ലബ് വിടേണ്ടി വരികയായിരുന്നു.ചുരുക്കത്തിൽ മെസ്സിക്കൊപ്പം ക്ലബ്ബ് തലത്തിൽ കളിക്കുക എന്നുള്ള അഗ്വേറോയുടെ സ്വപ്നം അവിടെ പൊലിയുകയും ചെയ്തു.
ഇപ്പോൾ ആ നിമിഷത്തെക്കുറിച്ച് സെർജിയോ അഗ്വേറോ തന്നെ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അതായത് മെസ്സി ക്ലബ്ബ് വിട്ടത് ബാഴ്സ സ്ഥിരീകരിച്ചപ്പോൾ തനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല എന്നായിരുന്നു അഗ്വേറോ പറഞ്ഞത്. ഒന്നെങ്കിൽ ബാഴ്സ തമാശ പറഞ്ഞതായിരിക്കും,അല്ലെങ്കിൽ ബാഴ്സയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായിരിക്കും എന്നാണ് താൻ കരുതിയതെന്നും അഗ്വേറോ പറഞ്ഞു.
” ലിയോ ബാഴ്സ വിടുകയാണ് എന്നറിഞ്ഞപ്പോൾ എനിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ കരുതി ബാഴ്സയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആരെങ്കിലും ഹാക്ക് ചെയ്തത് ആയിരിക്കുമെന്ന്, അല്ലെങ്കിൽ ഇതൊരു തമാശ ആയിരിക്കുമെന്നാണ് ഞാൻ കരുതിയത്.പിന്നീട് ibai യാണ് ഇക്കാര്യം സത്യമാണ് എന്നുള്ളത് എന്നെ അറിയിച്ചത്.എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല ” അഗ്വേറോ പറഞ്ഞു.
Aguero thought Messi's Barcelona exit was a 'joke' & club had been 'hacked' – https://t.co/Cd7W7aFKfA https://t.co/a486D1lXhZ
— Barcelona Fans (@barcafans) October 25, 2022
അതേസമയം പിന്നീടും അഗ്വേറോയെ നിർഭാഗ്യം വേട്ടയാടി.ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കാരണം അഗ്വേറോക്ക് കളിക്കളത്തിൽ തുടരാൻ സാധിക്കാതെ ഇരിക്കുകയായിരുന്നു. തുടർന്ന് താരം ഫുട്ബോളിൽ നിന്ന് വിരമിക്കുകയും ചെയ്തു.