സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് ഏറെക്കാലമായി പിന്തുടരുന്ന സൂപ്പർതാരമാണ് പിഎസ്‌ജിയുടെ കിലിയൻ എംബാപ്പെ. 2022 വരെ കരാറുണ്ടെങ്കിലും താരത്തിന്റെ കരാർ പുതുക്കാൻ പിഎസ്‌ജിയും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ എംബാപ്പെയെ സ്വന്തമാക്കാനായില്ലെങ്കിൽ മറ്റൊരു സൂപ്പർതാരത്തെ ലക്ഷ്യമിട്ടിരിക്കുകയാണ് റയൽ മാഡ്രിഡ്.
ബൊറൂസിയ ഡോർട്മുണ്ടിന്റെ നോർവീജിയൻ സൂപ്പർതാരമായ എർലിംഗ് ഹാളണ്ടിനെയാണ് റയൽ മാഡ്രിഡ് നോട്ടമിട്ടിരിക്കുന്നത്. കൊറോണ മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ വലിയ തുക വേണ്ടി വന്നേക്കാവുന്ന എംബാപ്പെയെ സ്വന്തമാക്കുന്നതിനു സാധിച്ചില്ലെങ്കിൽ 64 മില്യൺ റിലീസ് ക്ലോസ് ഉള്ള ഹാളണ്ടിനു വേണ്ടി ശ്രമിക്കാനാണ് റയലിന്റെ നീക്കം.
33കാരനായ റയൽ മാഡ്രിഡ് സ്‌ട്രൈക്കർ കരിം ബെൻസിമക്ക് മികച്ച പകരക്കാരനാവാൻ ഹാളണ്ടിനു സാധിക്കുമെന്നാണ് റയൽ മാഡ്രിഡ് കണക്കുകൂട്ടുന്നത്. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം പുറത്തു വീട്ടിരിക്കുന്നത്. 62 മില്യൺ യൂറോക്ക് റയൽ മാഡ്രിഡ് സ്വന്തമാക്കിയ ലൂക്ക ജോവിച്ച് മോശം പ്രകടനം തുടരുന്നതോടെയാണ് ആക്രമണത്തിന് മൂർച്ച കൂട്ടാൻ ഹാളണ്ടിനു വേണ്ടി ശ്രമിക്കുന്നത്.
യുവ റയൽ മാഡ്രിഡ് മധ്യനിരതാരം മാർട്ടിൻ ഒഡഗാർഡിനൊപ്പം നോർവെയ്ക്കായി മികച്ച പ്രകടനമാണ് ഹാളണ്ട് കാഴ്ചവെക്കുന്നത്. അടുത്തിടെ റൊമാനിയക്കെതിരെ ഒഡഗാർഡിന്റെ ഹാട്രിക്ക് അസിസ്റ്റിൽ സൂപ്പർ ഹാട്രിക്കോടെ നോർവെക്കു വിജയം നേടിക്കൊടുക്കാൻ ഹാളണ്ടിനു കഴിഞ്ഞിരുന്നു. ഈ ഹാട്രിക്കോടെ നോർവെക്കു വേണ്ടി 48 മത്സരങ്ങളിൽ നിന്നും 51 ഗോളുകൾ നേടാൻ ഹാളണ്ടിനു സാധിച്ചിരിക്കുകയാണ്. റയൽ മാഡ്രിഡിനൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിനായി ശ്രമമാരംഭിച്ചിട്ടുണ്ട്.