പെനാൽറ്റികളിലെ ആധിപത്യത്തിന് മെസിയുടെ ഉപദേശവും സഹായിച്ചു, എമിലിയാനോ മാർട്ടിനസ് പറയുന്നു

കഴിഞ്ഞ കോപ്പ അമേരിക്കയും ലോകകപ്പും അർജന്റീന സ്വന്തമാക്കിയപ്പോൾ അതിനു നിർണായക പങ്കു വഹിച്ച താരമാണ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്. ഈ രണ്ടു ടൂർണമെന്റുകളിൽ മൂന്നു പെനാൽറ്റി ഷൂട്ടൗട്ടുകളിലാണ് താരം ഹീറോയായത്. പെനാൽറ്റികൾ തടുക്കുന്നതിനു താരത്തിനുള്ള കഴിവ് ഏവരും സമ്മതിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം അതിന്റെ കാരണം താരം വ്യക്തമാക്കുകയുണ്ടായി.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ആസ്റ്റൺ വില്ലയും തമ്മിൽ നടന്ന മത്സരത്തിനിടെ ബ്രൂണോ ഫെർണാണ്ടസ് പെനാൽറ്റി എടുക്കാൻ വന്നപ്പോൾ എന്തുകൊണ്ടാണ് റൊണാൾഡോ എടുക്കാത്തത് എന്നു ചോദിച്ച് എമിലിയാനോ നാടകീയമായ രംഗം സൃഷ്‌ടിച്ചിരുന്നു. അതുപോലെ എതിരാളികളുടെ മനസ്സാന്നിധ്യം കളയുന്നതിനു പുറമെ മെസി നൽകിയ ഒരു ഉപദേശവും തന്നെ സഹായിക്കുന്നുണ്ടെന്നാണ് മാർട്ടിനസ് പറയുന്നത്.

“ഞാൻ വെറുതെ എന്തെങ്കിലും പറയുകയല്ല, മനഃപൂർവം കുഴപ്പങ്ങൾ സൃഷ്‌ടിക്കുക തന്നെയാണ്. മത്സരത്തിന്റെ തൊണ്ണൂറ്റിരണ്ടാം മിനുട്ടിൽ അവർക്ക് വിജയിക്കാനുള്ള എല്ലാം കയ്യിലുള്ളപ്പോൾ അതിൽ നിന്നും ശ്രദ്ധ മാറ്റാനുള്ളത് ചെയ്യണമായിരുന്നു. ബ്രൂണോ 25 പെനാൽറ്റികളോളം അതിനു മുൻപ് നഷ്‌ടമാക്കിയിട്ടില്ല. മുൻപ് പെനാൽറ്റി ബോക്‌സിനു മുന്നിലൂടെ ഞാൻ ഡാൻസ് ചെയ്യുന്നതു പോലെ നീങ്ങുന്നത് ഷൂട്ടർക്ക് ഇഷ്ടമാകില്ലെന്ന് മെസി പറഞ്ഞിരുന്നു.”

“ഡാൻസ് പരിശീലിച്ചിട്ടോ ഇഷ്ടമുണ്ടായിട്ടോ അല്ല ഞാനത് ചെയ്യുന്നത്. ഇപ്പോൾ ചെയ്യാൻ പറഞ്ഞാൽ എനിക്കതിനു കഴിയുകയുമില്ല. സ്‌ട്രൈക്കർമാർ ഒരു സ്പോട്ട് തിരഞ്ഞെടുത്ത് അവിടേക്കാണ് കിക്കടിക്കുക. ഞാൻ അതിനു മുന്നിലൂടെ നിർത്താതെ നീങ്ങുമ്പോൾ അവർക്കത് ബുദ്ധിമുട്ടുണ്ടാക്കും. നമ്മൾ അനങ്ങാതെ നിൽക്കുമ്പോൾ സ്പോട്ട് തിരഞ്ഞെടുക്കാൻ എളുപ്പമാണെന്നും മൂവ് ചെയ്യുമ്പോൾ ബുദ്ധിമുട്ടാണെന്നും മെസി പറഞ്ഞിട്ടുണ്ട്.” മാർട്ടിനസ് പറഞ്ഞു.

പെനാൽറ്റികൾ തടുക്കാൻ എമിലിയാനോ മാർട്ടിനസിനു വലിയ കഴിവുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ലോകകപ്പിൽ ഹോളണ്ടിനെതിരെ രണ്ടു പെനാൽറ്റികൾ തടുത്ത താരം അതിനു ശേഷം ഫൈനലിൽ ഒരു പെനാൽറ്റി സേവ് ചെയ്യുകയും മറ്റൊന്ന് പുറത്തു പോകാൻ വഴിയൊരുക്കുകയും ചെയ്‌തിരുന്നു. ലയണൽ മെസിയുടെ ഉപദേശവും ഇതിനു താരത്തെ സഹായിച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ വ്യക്തമാവുന്നത്.

5/5 - (1 vote)
Emiliano MartinezLionel Messi