2022ലെ ഖത്തർ ഫിഫ വേൾഡ് കപ്പ് നേടിയ അർജന്റീന ദേശീയ ടീം കഴിഞ്ഞ വർഷങ്ങളിൽ വളരെയധികം മികച്ച ഫോമിലാണ് പന്ത് തട്ടുന്നത്. ഫിഫ വേൾഡ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് വരെ എത്തിയ ലിയോ മെസ്സിയുടെ അർജന്റീന നിലവിൽ കോപ്പ അമേരിക്ക ടൂർണമെന്റിലേക്കാണ് ഫോക്കസ് ചെയ്യുന്നത്. സൂപ്പർ താരനിര അടങ്ങിയ മികച്ച ഫോമിൽ കളിക്കുന്ന അർജന്റീന ടീമിനെ നേരിടാൻ ഏതൊരു ടീമും ഭയക്കും എന്നത് ഉറപ്പാണ്.
താൻ നിരവധി യൂറോപ്പിൻ താരങ്ങളുമായി സംസാരിക്കുകയും അവർ പറയുന്നത് തങ്ങൾക്ക് ദേശീയ ടീമിൽ കളിക്കുന്നതിനേക്കാൾ കൂടുതൽ ആശ്വാസകരമായി കളിക്കാൻ ക്ലബ്ബിലാണ് കഴിയുന്നത് എന്ന് അവർ പറഞ്ഞതായി അർജന്റീന താരമായ എമിലിയാനോ മാർട്ടിനസ് വെളിപ്പെടുത്തി, എന്നാൽ അർജന്റീന താരങ്ങളെ സംബന്ധിച്ച് ഇത് വിപരീതമാണെന്നും എമിലിയാനോ മാർട്ടിനസ് കൂട്ടിച്ചേർത്തു.
“ഞാൻ നിരവധി യൂറോപ്യൻ താരങ്ങളുമായി സംസാരിച്ചു, അവർ എന്നോട് പറയുന്നത് ചില സമയങ്ങളിൽ ദേശീയ ടീമിനുവേണ്ടി കളിക്കുന്നത് സങ്കീർണമായ കാര്യമാണ്. ക്ലബ്ബിലേക്ക് മടങ്ങാനാണ് തങ്ങൾ ആ സമയത്ത് കൂടുതൽ ആഗ്രഹിക്കുക കാരണം ക്ലബ്ബിൽ കളിക്കുമ്പോൾ കൂടുതൽ ആശ്വാസം ലഭിക്കും. പക്ഷേ ഞങ്ങൾ അർജന്റീനകാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീതമാണ്, ഞങ്ങൾക്ക് ദേശീയ ടീമിലേക്ക് പോകാനാണ് ആഗ്രഹം. ദേശിയ ടീമിനോടൊപ്പം കളിക്കുന്ന എല്ലാവർക്കും വളരെയധികം സന്തോഷമുണ്ട്, ഇത് ഏറ്റവും അടുത്ത സുഹൃത്തുക്കളുമായി കളിക്കുന്നത് പോലെയാണ്.” – എമിലിയാനോ മാർട്ടിനസ് പറഞ്ഞു.
2019 ലെ കോപ്പ അമേരിക്ക ടൂർണമെന്റിലെ ബ്രസീലിനോടുള്ള സെമിഫൈനൽ തോൽവിക്ക് ശേഷം അപരാജിതരായി കുതിച്ച അർജന്റീന ടീം ഖത്തറിൽ വെച്ചാണ് സൗദി അറേബ്യയോട് ആദ്യമായി കീഴടങ്ങുന്നത്, എന്നാൽ ആ ടൂർണമെന്റിന്റെ കിരീടവും നേടി വീണ്ടും അപരാജിതകുതിപ്പ് ആരംഭിച്ച അർജന്റീന അടുത്ത കോപ്പ അമേരിക്ക, ഫിഫ വേൾഡ് കപ്പ് ടൂർണമെന്റ് കൂടി സ്വന്തമാക്കാൻ ലക്ഷ്യമാക്കിയാണ് അണിയറയിൽ ഒരുക്കങ്ങൾ ആരംഭിക്കുന്നത്.