ഈ വരുന്ന സീസണിൽ ആഴ്‌സണലിന്റെ ഒന്നാം ഗോൾ കീപ്പർ സ്ഥാനം ലഭിച്ചില്ലെങ്കിൽ ക്ലബ് വിടുമെന്ന് അറിയിച്ച താരമാണ് അർജന്റൈൻ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ്. കഴിഞ്ഞ സീസണിൽ ഒന്നാം ഗോൾ കീപ്പറായ ലെനോക്ക് പരിക്കേറ്റപ്പോൾ സ്ഥാനമെറ്റെടുത്ത എമിലിയാനോ മിന്നും പ്രകടനമായിരുന്നു കാഴ്ച്ചവെച്ചിരുന്നത്. പ്രീമിയർ ലീഗിൽ നിരവധി ക്ലീൻഷീറ്റുകൾ കരസ്ഥമാക്കിയ താരം എഫ്എ കപ്പ് കിരീടം ഗണ്ണേഴ്സിന് നേടികൊടുക്കുന്നതിൽ നിർണായകപങ്ക് വഹിച്ചു.
എന്നാൽ ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ താരത്തിന് ഇടം നേടാൻ സാധിച്ചിരുന്നില്ല. ലെനോ തന്നെയാണ് പീരങ്കിപടയുടെ വല കാത്തത്. ഇതോടെ താരം മറ്റൊരു പ്രീമിയർ ലീഗിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണ്. ആസ്റ്റൺ വില്ലയിലേക്കാണ് താരം കൂടുമാറുന്നത്. ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ട്രാൻസ്ഫർ ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. 19.5 മില്യൺ പൗണ്ടിനാണ് താരം ആസ്റ്റൺ വില്ലയിലേക്ക് പോവുക.
ആഴ്സണലും വില്ലയും തമ്മിൽ കരാർ ഉറപ്പിച്ചതയാണ് വാർത്തകൾ. മൂന്ന് ക്ലബുകൾ താരത്തിന് വേണ്ടി താല്പര്യം പ്രകടിപ്പിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു. ലീഡ്‌സ് യുണൈറ്റഡ്, ഷാൽക്കേ, ബ്രൈറ്റൻ എന്നീ ക്ലബുകളെ മറികടന്നു കൊണ്ടാണ് എമിലിയാനോ മാർട്ടിനെസിനെ ഇപ്പോൾ ആസ്റ്റൺ വില്ല സ്വന്തമാക്കാനിരിക്കുന്നത്. തങ്ങളുടെ പദ്ധതികൾ പ്രകാരം കാര്യങ്ങൾ നടക്കുകയാണെങ്കിൽ പ്രീമിയർ ലീഗിൽ ഷെഫീൽഡ് യുണൈറ്റഡിനെതിരായ മത്സരത്തിൽ താരം വില്ലയുടെ വലകാക്കുമെന്നാണ് ക്ലബ് പ്രതീക്ഷിക്കുന്നത്.
15 മില്യൺ പൗണ്ടും കൂടാതെ 4.5 മില്യൺ പൗണ്ട് ആഡ് ഓൺസുമായാണ് ഗണ്ണേഴ്സിന് ലഭിക്കുക. വില്ലയുടെ ഒന്നാം ഗോൾ കീപ്പറായ ടോം ഹീറ്റൻ പരിക്ക് മൂലം പുറത്താണ്. അതിനാലാണ് വളരെയധികം ദൃതിപ്പെട്ട് കൊണ്ട് മാർട്ടിനെസിനെ വില്ല ക്ലബ്ബിൽ എത്തിക്കുന്നത്. അതേ സമയം അടുത്ത മാസം നടക്കുന്ന അർജന്റീനയുടെ മത്സരങ്ങൾക്ക് വേണ്ടി താരത്തെ പരിഗണിക്കുമെന്നാണ് ആരാധകർ കരുതുന്നത്.