വെയ്ൽസിനെ കീഴടക്കി ഇംഗ്ലണ്ടും ഇറാനെ മുട്ടുകുത്തിച്ച് അമേരിക്കയും അവസാന പതിനാറിൽ |Qatar 2022

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിലേക്ക്.അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അയൽക്കാരായ വെയ്ൽസിനെയാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. മാർക്കസ് റാഷ്ഫോർഡിന്റെ ഇരട്ട ഗോളിൽ ഇംഗ്ലണ്ട് വെയിൽസിനെ 3-0ന് തോൽപിച്ചു. മത്സരത്തിന്റെ തുടക്കം മുതൽ ഇംഗ്ലണ്ടിന്റെ ആധിപത്യം ദൃശ്യമായിരുന്നു.

ഹാരി കെയ്ൻ, മാർക്കസ് റാഷ്ഫോർഡ്, ഫിൽ ഫോഡൻ എന്നിവരടങ്ങിയ ഇംഗ്ലണ്ടിന്റെ മുന്നേറ്റ നിര മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ചു.എന്നാൽ, ആദ്യ മിനിറ്റുകളിൽ ലഭിച്ച അവസരങ്ങളൊന്നും മുതലാക്കാൻ ഇംഗ്ലണ്ടിനായില്ല.ഇംഗ്ലണ്ട് തങ്ങളുടെ അവസരങ്ങൾ പാഴാക്കിയതോടെ മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.തുടർന്ന് കളിയുടെ രണ്ടാം പകുതിയിൽ 50-ാം മിനിറ്റിൽ മാർക്കസ് റാഷ്ഫോർഡിലൂടെ ഇംഗ്ലണ്ട് ആദ്യ ലീഡ് നേടി. 20 വാര അകലെ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് നേരിട്ടുള്ള ഫ്രീകിക്ക് ഗോൾ നേടി. റാഷ്‌ഫോർഡ് തന്റെ സൈഡ് ഫൂട്ട് ഉപയോഗിച്ച് ശക്തമായ ഡിപ്പിംഗ് ഷോട്ട് എടുത്ത് വെയ്ൽസ് വലയുടെ മുകളിൽ വലത് മൂലയിലേക്ക് പന്ത് തുളച്ചു.

ഒരു മിനിറ്റിനുള്ളിൽ ഫിൽ ഫോഡൻ ഇംഗ്ലണ്ടിന്റെ ലീഡ് ഇരട്ടിയാക്കി. ഹാരി കെയ്‌നിന്റെ അസിസ്റ്റിലാണ് മാഞ്ചസ്റ്റർ സിറ്റി താരം ഗോൾ നേടിയത്.കളിയുടെ 68-ാം മിനിറ്റിൽ റാഷ്‌ഫോർഡ് തന്റെ രണ്ടാം ഗോൾ നേടി. ഫിലിപ്സിന്റെ അസിസ്റ്റിലാണ് റാഷ്ഫോർഡ് ഇംഗ്ലണ്ടിന്റെ മൂന്നാം ഗോൾ നേടിയത്. പിന്നീട് ഇംഗ്ലണ്ട് നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും, അവരുടെ സ്‌ട്രൈക്കർമാർ അത് ഗോളാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടു. എന്നിരുന്നാലും, വെയ്ൽസ് പിന്നീട് കാര്യമായ അവസരങ്ങളൊന്നും സൃഷ്ടിക്കാത്തതിനാൽ അവസാന വിസിലിൽ ഇംഗ്ലണ്ട് 3-0 ന് മുന്നിലായിരുന്നു.

അല്‍ തുമാമ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ ഒരു സമനില നേടിയാല്‍ പോലും പ്രീ ക്വാര്‍ട്ടറിലെത്താന്‍ കഴിയുമായിരുന്ന ഇറാനെ ഒരു ഗോളിന് പരാജയപ്പെടുത്തി അമേരിക്ക അവസാന പതിനാറിൽ സ്ഥാനം പിടിച്ചു.സൂപ്പര്‍താരം ക്രിസ്റ്റ്യന്‍ പുലിസിച്ചാണ് അമേരിക്കയ്ക്കായി ഗോള്‍ നേടിയത്. ഇറാന്‍ പ്രതിരോധം മത്സരത്തിലുടനീളം അമേരിക്കയ്ക്ക് കടുത്ത വെല്ലുവിളിയാണുയര്‍ത്തിയത്. ത്സരത്തിന്റെ തുടക്കം മുതൽ യുഎസ്എ ആക്രമണം തുടങ്ങി. ഇടത് വിങ്ങിൽ ഇറാൻ ബോക്‌സിൽ ആൻറണി റോബിൻസൺ ആക്രമണം തുടർന്നു. എന്നാൽ യു.എസ്.എയുടെ മുന്നേറ്റനിരക്കാർക്ക് അവസരം മുതലാക്കാൻ കഴിയാതെ വന്നതോടെ ഗോൾ അകന്നു.

ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ നേതൃത്വത്തിലുള്ള യുഎസ്എ മുന്നേറ്റ നിര ഗോൾ ലക്ഷ്യമാക്കി നിരവധി തവണ കുതിച്ചെങ്കിലും, ഫൈനൽ ഫിനിഷിങ്ങിലെ അഭാവം യുഎസ്എക്ക് ഗോൾ കണ്ടെത്തുന്നതിന് തടസ്സമായി. കളിയുടെ 28-ാം മിനിറ്റിൽ തിമോത്തി വെയ്‌ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാനായില്ല. തുടർന്ന്, കളിയുടെ 38-ാം മിനിറ്റിൽ മത്സരത്തിലെ ആദ്യ ഗോൾ പിറന്നു.മക്കെന്നിയുടെ മനോഹരമായ ഒരു പന്ത്, സെർജിയോ ഡെസ്‌റ്റ് അത് ബോക്‌സിലേക്ക് കൃത്യമായി തലവച്ചു. പുലിസിച്ച് ശരിയായ പൊസിഷനിൽ പന്ത് വലയിലെത്തിച്ചു.

ഇതോടെ ഈ ലോകകപ്പിൽ യു.എസ്.എ നേടിയ രണ്ട് ഗോളുകളിലും അവരുടെ ചെൽസി താരം പങ്കാളിയായി. നേരത്തെ, വെയിൽസിനെതിരെ തിമോത്തി വീഹ് യു.എസ്.എക്ക് വേണ്ടി സ്കോർ ചെയ്തപ്പോൾ പുലിസിച്ചാണ് അസിസ്റ്റ് നൽകിയത്. മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കുമ്പോൾ ഇറാനെതിരെ 1-0ന് അമേരിക്ക മുന്നിലായിരുന്നു.പ്രീ ക്വാര്‍ട്ടറില്‍ ഗ്രൂപ്പ് എ യിലെ ഒന്നാം സ്ഥാനക്കാരായ നെതര്‍ലന്‍ഡ്‌സാണ് എതിരാളികള്‍.

Rate this post