ഇന്ന് പ്രീമിയർ ലീഗിൽ തീപാറും, നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ മാഞ്ചസ്റ്ററും ഒന്നാം സ്ഥാനത്തിനായി ആസ്റ്റൺ വില്ലയും.

ഇന്ന്പ്രീമിയർ ലീഗിൽ സൂപ്പർ പോരാട്ടങ്ങളാണ്, അതിലേറ്റവും ശ്രദ്ധേയം നിലവിൽ മൂന്നാം സ്ഥാനത്തുള്ള ആസ്റ്റൺ വില്ലയും അവസാന നാല് മത്സരങ്ങളും ജയിക്കാൻ കഴിയാത്ത മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗിനെ സംബന്ധിച്ചിടത്തോളം ഇത് ജീവൻമരണ പോരാട്ടമാണ്, അദ്ദേഹത്തിന് വേണ്ട രീതിയിൽ താരങ്ങളെ എത്തിച്ചു കൊടുത്തിട്ടും ടീമിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുന്നില്ല. ചാമ്പ്യൻസ് ലീഗിൽ യോഗ്യത നേടിയിട്ടും ആദ്യ റൗണ്ടിൽ തന്നെ ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരായി പുറത്തുപോയത് ടീമിനെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.നിലവിൽ പ്രീമിയർ ലീഗിൽ 18 റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് 28 പോയിന്റുകളുമായി എട്ടാം സ്ഥാനത്താണ്.

കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് വെസ്റ്റ് ഹാമിനോട് പരാജയപ്പെട്ടിരുന്നു. ഈ മാസം തന്നെ ബൗണ്മോതിനോട് ഓൾഡ് ട്രാഫോർഡിൽ 3 ഗോളുകൾക്ക് വഴങ്ങിയ തോൽവിയിൽ നിന്നും ഇതുവരെ മുക്തമായിട്ടില്ല.എതിരാളികളായി ഉനൈ എമിറയുടെ ആസ്റ്റൺ വില്ലയാണ്, ആസ്റ്റൺ വില്ലയെ സംബന്ധിച്ചിടത്തോളം പ്രീമിയർ ലീഗിലെ സ്വപ്നതുല്യമായ യാത്രയിലാണിപ്പോൾ.

നിലവിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണെങ്കിലും ഒന്നാം സ്ഥാനത്തുള്ള ആഴ്സണലിനേക്കാൾ രണ്ടു പോയിന്റുകൾ മാത്രമാണ് വ്യത്യാസം, ഈ ജയത്തോടെ താൽക്കാലികമെങ്കിൽ പോലും പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആസ്റ്റൺ വില്ല. ഓൾഡ് ട്രാഫോഡിൽ നടക്കുന്ന മത്സരം ഇന്ന് അർദ്ധരാത്രി 1 30 മുതൽ ഡിസ്നി ഹോട്ട്സ്റ്റാറിൽ ഇന്ത്യയിൽ തൽസമയം കാണാം.

പ്രീമിയർ ലീഗിലെ ഇന്നത്തെ മറ്റു മത്സരങ്ങൾ.
ന്യൂ കാസിൽ യുണൈറ്റഡ്-നോട്ടിൻഹാം ഫോറസ്റ്റ്(ഇന്ത്യൻ സമയം വൈകിട്ട് 6:00 മുതൽ).
ബൗണ്മൗത്ത്-ഫുൾഹാം(രാത്രി 8 30 മുതൽ ).
ഷെഫീൽഡ് യുണൈറ്റഡ്-ലുടോൺ (രാത്രി 8:30 മുതൽ)
ബെൺലി-ലിവർപൂൾ(ഇന്ന് രാത്രി 11 മുതൽ)
മാഞ്ചസ്റ്റർ യുണൈറ്റഡ്-ആസ്റ്റൺ വില്ല (രാത്രി 1:30 മുതൽ)

Rate this post