‘മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു 15 വയസ്സുള്ള കുട്ടിയെപ്പോലെ ഓരോ നിമിഷവും ആസ്വദിക്കുന്നു’: കാസെമിറോ

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ കാസെമിറോ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തന്റെ മികച്ച ഫോം തുടർന്നുകൊണ്ടിരിക്കുകയാണ്.മുൻ റയൽ മാഡ്രിഡ് താരം 2022 ഫിഫ ലോകകപ്പിന് മുന്നോടിയായി യുണൈറ്റഡിൽ ചേരുന്നത്. ബ്രസീലിയൻ താരത്തിന്റെ വരവ് യുണൈറ്റഡിൽ വലിയ പ്രഭാവമാണ് ഉണ്ടാക്കിയത്, കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ യുണൈറ്റഡിന് എന്താണ് നഷ്ടപെട്ടത് എന്ന് കാസെമിറോയുടെ വരവോടെ മനസ്സിലായി.

ബ്രസീലിയൻ മിഡ്ഫീല്ഡറുടെ വരവോടെ കെട്ടുറപ്പുള്ള ഒരു മിഡ്‌ഫീൽഡും പ്രതിരോധത്തിൽ കൂടുതൽ ശക്തിയും നൽകി. എതിർ ടീമിൽ നിന്നും പന്ത് പിടിച്ചെടുക്കാനുള്ള താരത്തിന്റെ കഴിവ് യുണൈറ്റഡ് പ്രതിരോധത്തെ മാറ്റിമറിക്കുകയും അവരുടെ ദൗർബല്യങ്ങൾ ഇല്ലാതാക്കുകയും ചെയ്തു.ബ്രസീലിയൻ താരം, അടുത്തിടെ ഒരു അഭിമുഖത്തിൽ സ്പെയിനിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് വന്ന അനുഭവത്തെക്കുറിച്ച് സംസാരിച്ചു. ” മാഞ്ചസ്റ്റർ യൂണൈറ്റഡുമായി പെട്ടെന്ന് പൊരുത്തപ്പെട്ടതിൽ ഞാൻ സന്തുഷ്ടനാണ്,എന്റെ ടീമംഗങ്ങളും സ്റ്റാഫും എന്നെ ശരിക്കും സഹായിക്കുന്നു. എന്റെ ഇംഗ്ലീഷ് അത്ര നല്ലതെയിരുന്നില്ല പക്ഷേ ഞാൻ ശരിക്കും മെച്ചപ്പെടാൻ ശ്രമിക്കുന്നു,” കാസെമിറോ പറഞ്ഞു.

എറിക് ടെൻ ഹാഗിന്റെ കീഴിൽ 2017 ന് ശേഷം ആദ്യ കിരീടം നേടാനുള്ള ഒരുക്കത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് .നാല് കോംപെറ്റീഷനിലും നിലനിൽക്കുന്ന ഏക ഇംഗ്ലീഷ് ടീമാണ് ക്ലബ്.”ഇവിടെയുള്ള എല്ലാവരും ആദ്യ ദിവസം മുതൽ എന്നോട് വളരെ നന്നായിട്ടാണ് പെരുമാറിയിട്ടുള്ളത്.ഞാൻ എന്റെ വീട്ടിലാണെന്ന് തോന്നുന്നു. എന്നെ ഇവിടെ കൊണ്ടുവരാൻ ക്ലബ്ബ് നടത്തിയ എല്ലാ ശ്രമങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു,” മിഡ്ഫീൽഡർ പറഞ്ഞു.

“ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ വളരെ കംഫർട്ടബിളാണ്. ഇവിടെ വന്നതിൽ അതിയായ സന്തോഷമുണ്ട്. ഒരു 15 വയസ്സുള്ള കുട്ടിയെപ്പോലെ ഓരോ നിമിഷവും ആസ്വദിക്കുന്നു. പക്ഷേ ടീമിന്റെ വളർച്ചയാണ് ഏറ്റവും പ്രധാനം,” കാസെമിറോ കൂട്ടിച്ചേർത്തു.ഫെബ്രുവരി പകുതിയോടെ യൂറോപ്പ ലീഗിൽ എഫ്‌സി ബാഴ്‌സലോണയെ നേരിടാൻ യുണൈറ്റഡ് ഒരുങ്ങുകയാണ്. വർഷങ്ങളോളം സ്പാനിഷ് ക്ലബിനെതിരെ കളിച്ച പരിചയം ഉള്ള കാസെമിറോ തന്നെയാവും യുണൈറ്റഡ് കൂടുതൽ ആശ്രയിക്കുക.

Rate this post
CasemiroManchester United