❝എന്തുകൊണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആരാധിക്കുന്നത്, കാരണം വെളിപ്പെടുത്തി വിരാട് കോലി❞

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ഇന്ത്യൻ നായകൻ വിരാട് കോലി.കഠിനമായ പരിശീലനത്തോടൊപ്പം ഫിറ്റ്‌നസിന്റെ കാര്യത്തിലും വിട്ടുവീഴ്ച ചെയ്യാത്ത കോലിക്ക് വലിയ ആരാധക പിന്തുണ തന്നെയാണുള്ളത്.ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി പോർച്ചുഗീസ് ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനാണെന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. റൊണാൾഡോയോടും യുവന്റസ് ഫോർവേഡിന്റെ കഠിനാധ്വാന ധാർമ്മികതയോടും ബഹുമാനമുണ്ടെന്ന് കോലി പല അവസരങ്ങളിലും പ്രകടിപ്പിച്ചിട്ടുണ്ട്.

ഇപ്പോഴിതാ എന്തുകൊണ്ടാണ് റൊണാള്‍ഡോയോട് ഇത്രമാത്രം ആരാധന തോന്നാന്‍ കാരണമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിരാട് കോലി.’റൊണാള്‍ഡോയെ വളരെയധികം അഭിനന്ദിക്കുന്നു. കാരണം ഇക്കാലയളവില്‍ ഒരു കായിക ഇനത്തില്‍ ഇത്രയും ഉന്നതയിലിരിക്കുകയെന്നത് എളുപ്പമല്ല. ലോകത്തിലെ ഒന്നാമനായിരിക്കാനുള്ള മാനസിക ശക്തിയാണ് ഏറ്റവും മികച്ചത്. ലയണല്‍ മെസ്സിക്ക് സ്വാഭാവികമായ കഴിവ് കൂടുതല്‍ ലഭിച്ചിട്ടുണ്ടെന്നത് അംഗീകരിക്കുന്നു.

എന്നാല്‍ റൊണാള്‍ഡോ ഓരോ ദിവസവും കൃത്യമായി കഠിന പരിശീലനവും ചിട്ടയായ ജീവിത രീതിയുംകൊണ്ടാണ് കഴിഞ്ഞ 15 വര്‍ഷത്തോളമായി ഇത്തരമൊരു മത്സരത്തില്‍ ഒന്നാമതായി ഇരിക്കുന്നത്. എന്നെ സംബന്ധിച്ച് അദ്ദേഹത്തിന്റെ പ്രൊഫഷനിലസവും ജീവിതചര്യയും മാനസിക ധൈര്യവുമാണ് ആകര്‍ഷിച്ചത്. എല്ലാത്തവണ കളിക്കുമ്പോഴും എന്തോ സവിശേഷമായത് സംഭവിക്കുമെന്ന് ആരാധകര്‍ക്കറിയാം. അതെല്ലാമാണ് അവനെ അഭിനന്ദിക്കാനുള്ള കാരണം’ വിരാട് കോലി പറഞ്ഞു.

നിലവില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പര കളിക്കുകയാണ് കോലി. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര സ്വപ്‌നം കണ്ടാണ് കോലിയും സംഘവും ഇറങ്ങിയിരിക്കുന്നത്. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ടിന്റെ 183 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സെടുത്തിട്ടുണ്ട്.ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം, ഐപിഎൽ 2021 -ൽ ബാക്കിയുള്ള ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നതിനായി കോഹ്‌ലി ഇന്ത്യൻ സംഘത്തിനൊപ്പം യുഎഇയിലേക്ക് പോകും. അതിനു ശേഷം യുഎഇയിൽ ടി 20 വേൾഡ് കപ്പുമുണ്ട്.

Rate this post