മാധ്യമങ്ങൾ മെസ്സിയെ വിമർശിച്ചപ്പോൾ എനിക്ക് വേദനിച്ചിരുന്നു: വൈറലായ കുറിപ്പിനെ കുറിച്ച് എൻസോ ഫെർണാണ്ടസ് പറയുന്നു

2016 കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീന പരാജയപ്പെട്ടതോടുകൂടി ലയണൽ മെസ്സിക്ക് ലഭിച്ച വിമർശനങ്ങൾ ചെറുതൊന്നുമല്ല. തുടർച്ചയായ മൂന്നാം ഫൈനലിലും പരാജയപ്പെട്ടതോടുകൂടി ലയണൽ മെസ്സി എല്ലാ അർത്ഥത്തിലും തകർന്നിരുന്നു. മാധ്യമങ്ങളിൽ നിന്നും അർജന്റീന ആരാധകരിൽ നിന്ന് പോലും മെസ്സിക്ക് ലഭിച്ച വിമർശനങ്ങൾ അതിരില്ലാത്തതായിരുന്നു.

പക്ഷേ 2016ൽ മെസ്സിയെ ആശ്വസിപ്പിച്ചുകൊണ്ട്, അദ്ദേഹത്തിന് നന്ദി പറഞ്ഞുകൊണ്ടും അതോടൊപ്പം തന്നെ ക്ഷമ ചോദിച്ചു കൊണ്ടും എൻസോ ഫെർണാണ്ടസ് സാമൂഹിക മാധ്യമങ്ങളിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. അന്ന് അതിന് വലിയ ശ്രദ്ധയൊന്നും ലഭിച്ചിരുന്നില്ല. പക്ഷേ ആറു വർഷങ്ങൾക്കിപ്പുറം മെസ്സിയും അർജന്റീനയും വേൾഡ് കപ്പ് കിരീടം നേടുമ്പോൾ ആ വേൾഡ് കപ്പിലെ ഏറ്റവും മികച്ച യുവ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിക്കൊണ്ട് ഏവരുടെയും കൈയ്യടി നേടി കൊണ്ടാണ് എൻസോ ഫെർണാണ്ടസ് ഖത്തറിൽ നിന്നും മടങ്ങിയത്.

2016ലെ എൻസോയുടെ ആ കുറിപ്പ് ഇപ്പോൾ വലിയ രൂപത്തിൽ വൈറലായിട്ടുണ്ട്. ബുദ്ധിമുട്ടേറിയ ആ സമയത്ത് മെസ്സിയെ വളരെയധികം സപ്പോർട്ട് ചെയ്തുകൊണ്ടുള്ള ആ പോസ്റ്റിനെ കുറിച്ച് ഇപ്പോൾ സംസാരിച്ചിട്ടുണ്ട്. മാധ്യമങ്ങൾ അന്ന് മെസ്സിയെ വിമർശിച്ചപ്പോൾ തനിക്ക് വളരെയധികം വേദനിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ആ കുറിപ്പ് എന്നുമാണ് എൻസോ ഇപ്പോൾ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് നമുക്ക് പോകാം.

‘ ലയണൽ മെസ്സി എന്റെ ഐഡോൾ ആണ്.അത് മെസ്സിക്ക് തന്നെ അറിയാം എന്നാണ് ഞാൻ കരുതുന്നത്. ചെറിയ കുട്ടിയായിരിക്കുന്ന സമയത്ത് തന്നെ മെസ്സിയുടെ എല്ലാ മത്സരങ്ങളും ഞാൻ കാണുമായിരുന്നു. അദ്ദേഹത്തെ മാധ്യമങ്ങൾ വിമർശിക്കുന്ന സമയത്ത് എനിക്ക് വളരെയധികം വേദനിച്ചിരുന്നു. കാരണം ഞാൻ അദ്ദേഹത്തിന്റെ വലിയ ഒരു ആരാധകനായിരുന്നു. അതുകൊണ്ടാണ് ആ കുറിപ്പ് ഞാൻ അന്ന് എഴുതിയിരുന്നത്.ഞാൻ അദ്ദേഹത്തെ വളരെയധികം സ്നേഹിക്കുന്നു. അദ്ദേഹം എന്റെ ആരാധനാപാത്രമാണ്.അത് എന്നും അങ്ങനെ തന്നെയായിരിക്കും.ഈ വേൾഡ് കപ്പ് അദ്ദേഹം അർഹിച്ചത് തന്നെയാണ് ‘ ഇതാണ് എൻസോ പറഞ്ഞത്.

കാലത്തിന്റെ കാവ്യ നീതി എന്നോണം ലിയോ മെസ്സി വേൾഡ് കപ്പ് കിരീടം ഉയർത്തുമ്പോൾ അതിൽ വലിയ ഒരു സാന്നിധ്യം ആവാൻ എൻസോക്ക് കഴിഞ്ഞിട്ടുണ്ട്. വേൾഡ് കപ്പ് കഴിഞ്ഞതോടുകൂടി അദ്ദേഹത്തിന്റെ വാല്യു വളരെയധികം വർദ്ധിച്ചിരുന്നു.പ്രധാനപ്പെട്ട ക്ലബ്ബുകൾ എല്ലാവരും തന്നെ ഇപ്പോൾ ഈ അർജന്റീന താരത്തിന്റെ പിന്നാലെയാണ്.

Rate this post