എൻസോ ഫെർണാണ്ടസ് ട്രാൻസ്‌ഫറിൽ ട്വിസ്റ്റ്, ചെൽസിയുടെ ഓഫർ നിരസിച്ച് ബെൻഫിക്ക

ഖത്തർ ലോകകപ്പിൽ തകർപ്പൻ പ്രകടനം നടത്തി ടൂർണമെന്റിലെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട എൻസോ ഫെർണാണ്ടസിനായി നിരവധി ക്ലബുകൾ രംഗത്തു വന്നിരുന്നു. ഇക്കഴിഞ്ഞ സമ്മറിൽ 18 മില്യൺ യൂറോ നൽകി റിവർപ്ലേറ്റിൽ നിന്നും ബെൻഫിക്ക സ്വന്തമാക്കിയ താരത്തിന് 120 മില്യൺ യൂറോയെന്ന റിലീസിംഗ് ക്ലോസ് തുക നൽകാമെന്നാണ് ക്ലബുകൾ വാഗ്‌ദാനം ചെയ്‌തത്‌. എന്നാൽ റിലീസിംഗ് ക്ലോസിനെക്കാൾ കൂടുതൽ തുക നൽകാമെന്ന ഓഫർ മുന്നോട്ടു വെച്ച് ചെൽസി എൻസോക്കു വേണ്ടി നടത്തിയ നീക്കങ്ങളിൽ മുന്നിലെത്തി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എൻസോ ചെൽസിയിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ തന്നെയാണ് പുറത്തു വരുന്നത്. എന്നാൽ അതിനുള്ള സാധ്യത മങ്ങിയേക്കാമെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ. താരത്തിനായി ചെൽസി മുന്നോട്ടു വെച്ച ആദ്യത്തെ ഓഫർ ബെൻഫിക്ക തള്ളിയതാണ് ഇതിനു കാരണം. എൻസോയുടെ ട്രാൻസ്‌ഫർ ഫീസ് നൽകുന്നതുമായി ബന്ധപ്പെട്ട് ചെൽസി മുന്നോട്ടു വെച്ച ആവശ്യങ്ങൾ പോർച്ചുഗീസ് ക്ലബിന് ഒട്ടും സ്വീകാര്യമല്ലെന്നാണ് ഡെയിലി മെയിലിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം എൻസോയുടെ റിലീസിംഗ് ക്ലോസായ 106 മില്യൺ പൗണ്ടിന് പകരം 112 മില്യൺ പൗണ്ട് നൽകാമെന്നാണ് ചെൽസിയുടെ വാഗ്‌ദാനം. ഈ തുകയിൽ 37.3 മില്യൺ പൗണ്ട് ആദ്യവും അതിനു ശേഷം മൂന്നു വർഷങ്ങളിലായി ബാക്കിയും നൽകാമെന്നാണ് ചെൽസി ഇപ്പോൾ പറയുന്നത്. ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങളെ മറികടക്കാൻ വേണ്ടിയാണ് ചെൽസി ഇങ്ങിനെയൊരു ഓഫർ മുന്നോട്ടു വെച്ചതെങ്കിലും ബെൻഫിക്കക്ക് അത് സ്വീകാര്യമല്ല. റിലീസിംഗ് ക്ലോസ് മുഴുവൻ ഒറ്റയടിക്ക് നൽകണമെന്നാണ് അവർ പറയുന്നത്.

ചെൽസിയിലേക്ക് ചേക്കേറാൻ എൻസോ തീരുമാനം എടുത്തുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിനു ശേഷമാണ് ഈ വാർത്തകൾ വരുന്നത്. ഈ നീക്കം നടന്നാൽ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകക്കുള്ള ട്രാൻസ്‌ഫർ എൻസോയുടേതാവും. നിലവിൽ ബെൻഫിക്കക്കൊപ്പം താരം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ട്രാൻസ്‌ഫർ ജാലകം ജനുവരി മുഴുവനുമുണ്ടെങ്കിലും എത്രയും വേഗം താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ചെൽസി ഉടനെ തന്നെ അടുത്ത ഓഫർ നൽകുമെന്നാണ് പ്രതീക്ഷ. എന്തായാലും മറ്റു ക്ലബുകളൊന്നും നിലവിൽ ചിത്രത്തിലില്ല.

Rate this post
Enzo Fernandez