റയലിനെതിരെ പോരിനിറങ്ങുമ്പോൾ ചെൽസിയുടെ അർജന്റീന താരം എൻസോ:”എനിക്ക് സമ്മർദ്ദമില്ല ഇത് ഒരു ഫുട്ബോൾ കളി മാത്രം”

ഇന്ന് റയൽ മാഡ്രിഡിനെതിരെ ബെർണബ്യൂവിൽ ചെൽസി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദ മത്സരത്തിന് ഇറങ്ങുകയാണ്. റയൽ മാഡ്രിഡിനെതിരെ ഇറങ്ങുമ്പോൾ ചെൽസിയുടെ റെക്കോർഡ് സൈനിങ്‌ താരമായ എൻസോ ഫെർണാണ്ടസ് ചില കാര്യങ്ങൾ വ്യക്തമാക്കുന്നു.

“എനിക്ക് സമ്മർദമില്ല, ഇതൊരു ഫുട്ബോൾ കളി മാത്രമാണ്… ചെൽസിയിൽ ഞാൻ എന്റെ ഉയർന്ന തലത്തിലെത്തിയെന്ന് ഞാൻ കരുതുന്നില്ല.ഞാൻ അധികകാലമായി ഇവിടെ കളിക്കുന്ന താരമല്ല, ഇത് മറ്റൊരു ലീഗാണ്, വ്യത്യസ്ത നഗരമാണിത്. ഒന്നും അത്ര എളുപ്പമല്ല, പക്ഷേ കഴിയുന്നത്ര മികച്ചത് ചെയ്യാൻ ഞാൻ ശ്രമിക്കും..”

ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവച്ച് ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം നേടി ബെൻഫിക്കയിൽ നിന്നും 120 മില്യൺ യൂറോ നൽകി ചെൽസി സ്വന്തമാക്കിയ താരമാണ് എൻസോ ഫെർണാണ്ടസ്. ചെൽസിക്കൊപ്പം കുഴപ്പമില്ലാത്ത രീതിയിൽ പ്രകടനം കാഴ്ചവെക്കാൻ കഴിയുന്നുണ്ടെങ്കിലും ടീം എന്ന നിലയിൽ ചെൽസി പരാജയമായികൊണ്ടിരിക്കുകയാണ്.

ഗ്രഹം പോട്ടറിന് കീഴിലാണ് എൻസോ ചെൽസിയിൽ കളി ആരംഭിച്ചതെങ്കിലും ക്ലബ്ബിന്റെ മോശം പ്രകടനത്തിന്റെ പേരിൽ ഈയടുത്ത് പരിശീലകനെ പുറത്താക്കിയിരുന്നു,പകരക്കാരനായി ചെൽസിയുടെ ഇതിഹാസതാരം ലാമ്പാർഡ് താൽക്കാലിക പരിശീലകനായി സേവനമനുഷ്ഠിക്കുമ്പോൾ റയൽ മാഡ്രിഡിനെതിരെ ഒരു അട്ടിമറി വിജയം സ്വപ്നം കാണുകയാണ് നീലപ്പട.

പരിക്കിന്റെ പിടിയിലായിരുന്ന ബ്രസീലിയൻ വെറ്ററൻ തിയാഗോ സിൽവ തിരിച്ചെത്തിയത് ടീമിന് അല്പം ആശ്വാസം പകരുന്നുണ്ട്, കൂടെ എൻഗോലോ കാന്റെയും ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇന്ന് ഇന്ത്യൻ സമയം 12 30നാണ് നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡും ചെൽസിയും തമ്മിലുള്ള പോരാട്ടം.

Rate this post