എഫ്സി ബാഴ്സലോണയിലെ അഴിച്ചു പണികൾ വളരെ വേഗത്തിൽ പുരോഗമിക്കുന്നു എന്നുള്ളതിന്റെ സൂചനകളാണ് ഇന്നും ഇന്നലെയുമാണ് ക്ലബിൽ നിന്ന് പുറത്തു വരുന്ന വാർത്തകൾ നൽകുന്നത്. ബാഴ്സയുടെ പരിശീലകൻ കീക്വേ സെറ്റിയനെ ഇന്നലെ ഔദ്യോഗികമായി ബാഴ്സ പുറത്താക്കിയിരുന്നു. ഇപ്പോഴിതാ മുൻ ബാഴ്സ താരവും നിലവിലെ ക്ലബിന്റെ സ്പോർട്ടിങ് ഡയറക്ടറുമായ എറിക് അബിദാലിനെ ബാഴ്സ പുറത്താക്കിയിരിക്കുന്നു.
ഒഫീഷ്യലായി ബാഴ്സ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ബാഴ്സയും അബിദാലും തമ്മിൽ കരാർ അവസാനിപ്പിക്കാൻ ധാരണയിൽ എത്തിയതായാണ് ബാഴ്സ അറിയിച്ചത്. അദ്ദേഹത്തിന്റെ പ്രൊഫഷണലിസത്തിനും ആത്മാർത്ഥക്കും ക്ലബ് നന്ദി അർപ്പിച്ചു. പുതിയ സ്പോർട്ടിങ് ഡയറക്ടർ ആരെന്ന് ക്ലബ് തീരുമാനിച്ചിട്ടില്ല.
2018-ൽ ആയിരുന്നു അബിദാലിനെ ക്ലബിന്റെ സ്പോർട്ടിങ് ഡയറക്ടർ ആയി നിയമിച്ചത്. എന്നാൽ ക്ലബിന് ഗുണകരമാവുന്ന ഒന്നും തന്നെ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നില്ല. ഇതാണ് അദ്ദേഹത്തെ പുറത്താക്കാൻ കാരണം. മുൻപ് മെസ്സിയും അദ്ദേഹത്തെ വിമർശിച്ചിരുന്നു. ക്ലബിന് വേണ്ടി പുതുതായി ഒന്നും തന്നെ ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നാണ് മെസ്സി പറഞ്ഞിരുന്നത്. അത് ശരിവെക്കുന്നത് ആയിരുന്നു ബാഴ്സയുടെ സമീപകാലപ്രകടനം. എറിക് അബിദാൽ നടത്തിയ സൈനിംഗുകൾ ഒന്നും തന്നെ ഫലം കണ്ടില്ല. ഇതോടെ ക്ലബ് അദ്ദേഹത്തെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു. 2007 മുതൽ 2013 വരെ ബാഴ്സയിൽ കളിച്ച താരമാണ് അബിദാൽ. ഫ്രഞ്ച് താരമായ ഇദ്ദേഹം 2006 വേൾഡ് കപ്പ് ഫൈനൽ കളിച്ചിട്ടുണ്ട്.