താൻ ബാഴ്സലോണയിൽ മാറ്റങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചുവെന്നും എന്നാൽ ആ ദൗത്യത്തിൽ താൻ പരാജയപ്പെടുകയാണ് ചെയ്തതെന്നും തുറന്നു പറഞ്ഞ് മുൻ ബാഴ്സ താരം എറിക് അബിദാൽ. തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെയാണ് താരം വികാരഭരിതമായ വിടപറച്ചിൽ ക്ലബിനോട് പറഞ്ഞത്. തന്റെ സ്ഥാനമൊഴിയാൻ താൻ തന്നെ തീരുമാനിക്കുകയായിരുന്നുവെന്നും അബിദാൽ വെളിപ്പെടുത്തി.
ബാഴ്സ ബയേണിനോട് ദയനീയമായി പരാജയപ്പെട്ടതിന് ശേഷമാണ് ബാഴ്സയുടെ ടെക്നിക്കൽ മാനേജർ ആയിരുന്ന എറിക് അബിദാലിനെ ക്ലബ് പുറത്താക്കിയത്. തുടർന്ന് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയിരുന്ന റാമോൺ പ്ലാനസിനെ ഈ സ്ഥാനം ഏൽപ്പിക്കുകയും ചെയ്തു. 2018-ൽ ആയിരുന്നു ഇദ്ദേഹം ഈ സ്ഥാനം ഏറ്റെടുത്തത്. എന്നാൽ അദ്ദേഹത്തിന്റെ തീരുമാനങ്ങൾ ഒന്നും തന്നെ ഫലം കണ്ടില്ല. തുടർന്ന് രണ്ട് വർഷത്തിന് ശേഷം അബിദാലിനെ ബാഴ്സ പുറത്താക്കുകയായിരുന്നു. സൂപ്പർ താരം ലയണൽ മെസ്സിയുമായും ഇദ്ദേഹത്തിന് അഭിപ്രായവിത്യാസങ്ങൾ ഉണ്ടായിരുന്നു. പരിശീലകൻ സെറ്റിയനെയും അഴിച്ചു പണിയുടെ ഭാഗമായി ബാഴ്സയിൽ നിന്ന് പുറത്താക്കിയിരുന്നു.
അബിദാലിന്റെ ഇൻസ്റ്റാഗ്രാം കുറിപ്പ് ഇങ്ങനെയാണ് : “കഴിഞ്ഞ രണ്ട് വർഷമായി ബാഴ്സയിൽ ഞാൻ ഒരുപാട് മാറ്റങ്ങൾ കൊണ്ട് വരാൻ ശ്രമിച്ചു. അതായിരുന്നു ടീമിന് ഏറ്റവും അത്യാവശ്യം എന്നാണ് ഞാൻ ചിന്തിച്ചത്. പക്ഷെ എന്റെ നിർബന്ധബുദ്ധിയും മറ്റു കാര്യങ്ങളും എന്നെ അതിൽ പരാജിതനാക്കി. രണ്ട് വർഷത്തിന് ശേഷം ഞാൻ രണ്ടാം തവണയും വിടചൊല്ലുകയാണ്. ബാഴ്സയുടെ നല്ലതിന് വേണ്ടിയായിരുന്നു ഞാൻ ഈ രണ്ട് വർഷവും ശ്രമിച്ചിരുന്നത്. ഞാൻ എന്റെ സ്വന്തം തീരുമാനപ്രകാരമാണ് ക്ലബിൽ നിന്നും പുറത്ത് പോയത്. തിങ്കളാഴ്ച ബാഴ്സ ബോർഡ് വിശ്വാസപ്രമേയം എനിക്ക് നൽകിയിരുന്നു. എന്നാൽ ചൊവ്വാഴ്ച ഞാൻ എന്റെ രാജി ക്ലബിന് സമർപ്പിച്ചു. നിലവിൽ ക്ലബിൽ സങ്കീർണമായ അവസ്ഥയാണ് ഉള്ളത്. പക്ഷെ ബാഴ്സ എന്ന ക്ലബ് അത് അർഹിക്കുന്ന മഹത്തായ രീതിയിലേക്ക് തിരിച്ചെത്താൻ കഴിയുമെന്ന് ഞാൻ ഹൃദയം കൊണ്ട് വിശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു.