ലയണൽ സ്കലോണി അർജന്റീന പരിശീലകനായതിനു ശേഷം ആദ്യത്തെ ഏതാനും മത്സരങ്ങളിൽ ലയണൽ മെസി ടീമിലുണ്ടായിരുന്നില്ല. 2018 ലോകകപ്പിൽ തോൽവി വഴങ്ങിയതിന്റെ നിരാശയിലാണ് മെസി കുറച്ചു കാലം ടീമിൽ നിന്നും വിട്ടു നിന്നത്. എന്നാൽ തന്റെ പദ്ധതികളിൽ ലയണൽ മെസിയുടെ സാന്നിധ്യം വളരെ നിർണായകമായ ഒന്നാണെന്ന് അറിയാമായിരുന്ന സ്കലോണി സഹപരിശീലകൻ പാബ്ലോ അയ്മർ വഴി മെസിയെ വീണ്ടും ടീമിലെത്തിച്ചു.
ലയണൽ മെസിയെ അച്ചുതണ്ടാക്കി ഒരു ടീമിനെ ഉണ്ടാക്കുകയാണ് ലയണൽ സ്കലോണി പിന്നീട് ചെയ്തത്. നിരവധി താരങ്ങളെ അതിനായി അദ്ദേഹം പരീക്ഷിച്ച് ഒരു മികച്ച ടീമിനെ ഉണ്ടാക്കി അതിൽ ആവശ്യമുള്ളപ്പോൾ മാറ്റങ്ങൾ വരുത്തിയാണ് ഒന്നര വർഷത്തിനിടയിൽ മൂന്നു കിരീടങ്ങൾ സ്വന്തമാക്കിയത്. കോപ്പ, അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് എന്നിവ നേടിയ അർജന്റീന ഏറ്റവും മികച്ച അപരാജിത കുതിപ്പുകളിലൊന്നും നടത്തി.
ലയണൽ മെസിക്ക് കൃത്യമായ പിന്തുണ നൽകുന്ന രീതിയിൽ ആവിഷ്കരിച്ച അർജന്റീനയുടെ പദ്ധതികളെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് പരാമര്ശിക്കുകയുണ്ടായി. “ലയണൽ മെസി ഒരാൾ മാത്രമേയുള്ളൂവെന്ന് ലോകകപ്പിൽ നമ്മൾ കണ്ടതാണ്, ബാക്കിയെല്ലാ കളിക്കാരും മികച്ച പ്രകടനം നടത്തിഒരു ടീമിന്റെ ഭാഗമായി നിൽക്കണം” എന്നാണു ടെൻ ഹാഗ് മെസിയെയും അർജന്റീന ടീമിനെയും കുറിച്ച് പറഞ്ഞത്.
ഒരു താരത്തെ കേന്ദ്രീകരിച്ച് ഒരു ടീമിനെ മുഴുവൻ സൃഷ്ടിക്കുകയെന്നത് ലയണൽ മെസിയുടെ കാര്യത്തിൽ മാത്രം പ്രായോഗികമായ ഒന്നാണെന്നാണ് എറിക് ടെൻ ഹാഗ് പറയുന്നതെന്ന് വ്യക്തം. ഫുട്ബോൾ ലോകത്തെ ബാക്കിയേത് താരങ്ങളെ എടുത്താലും അവർ ടീമിന്റെ ഭാഗമായി നിന്ന് കളിക്കേണ്ടവരാണെന്നും എന്നാൽ മെസിയുടെ കാര്യത്തിൽ അങ്ങിനെയല്ലെന്നും അദ്ദേഹം പറയുന്നു.
Manchester United coach Erik Ten Hag : “There is only one Messi, as we have seen at the World Cup, but all the others have to work for the team.” pic.twitter.com/CSm1LiIzAv
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) January 22, 2023
ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായി സ്ഥാനമേറ്റെടുത്തതിനു ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തിയ പരിശീലകനാണ് എറിക് ടെൻ ഹാഗ്. തന്നെ കൈകാര്യം ചെയ്ത രീതിയിൽ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച റൊണാൾഡോ ക്ലബ് വിടുകയും ചെയ്തു. ഇതിനു പിന്നാലെയുള്ള അദ്ദേഹത്തിന്റെ മെസി പ്രശംസ റൊണാൾഡോ ആരാധകർക്ക് ഇഷ്ടപ്പെടില്ലെന്നുറപ്പാണ്.