ക്ഷമ കെട്ട് എറിക് ടെൻ ഹാഗ്, ലിവർപൂളിനെതിരായ തോൽ‌വിയിൽ പരിശീലകന്റെ പ്രതികരണം

ലിവർപൂളിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയ ദയനീയമായ തോൽ‌വിയിൽ തന്റെ താരങ്ങളെ കുറ്റപ്പെടുത്തി പരിശീലകൻ എറിക് ടെൻ ഹാഗ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ എതിരില്ലാത്ത ഏഴു ഗോളുകളുടെ തോൽവിയാണു മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയത്. സലാ, നുനസ്, ഗാക്പോ എന്നിവർ ഇരട്ടഗോളുകൾ നേടിയപ്പോൾ ഒരു ഗോൾ പകരക്കാരൻ ഫിർമിനോയുടെ വകയായിരുന്നു.

“മത്സരഫലം വ്യക്തമായ ഒന്നാണ്, അൺപ്രൊഫെഷണലായിരുന്നു ടീം. എന്നാൽ ബ്രെന്റഫോഡിനെതിരായ മത്സരം നോക്കുമ്പോൾ വലിയ വ്യത്യാസം എന്താണെന്ന് വെച്ചാൽ ഞങ്ങൾ മോശമായി തുടങ്ങിയിട്ടാണ് ആദ്യപകുതിയിൽ തന്നെ നാല് ഗോളുകൾ ആ മത്സരത്തിൽ വഴങ്ങിയത്.” മത്സരത്തിന് ശേഷം മാധ്യമങ്ങളോട് എറിക് ടെൻ ഹാഗ് പറഞ്ഞു.

“എന്നാലിന്ന്, ആദ്യപകുതിയിൽ ഞങ്ങൾ മികച്ച ടീമായിരുന്നു. ആദ്യപകുതിയിൽ ഞങ്ങൾക്ക് നല്ല അവസരങ്ങൾ ഉണ്ടായിരുന്നു, ഗോളിയുമായി രണ്ട് വൺ ഓൺ വൺ അവസരങ്ങളുമുണ്ടായിരുന്നു. ലിവർപൂളിനത് ഉണ്ടായിരുന്നില്ല. എന്നാൽ ആദ്യപകുതിക്ക് മുൻപ് ഒരു പിഴവ് വരുത്തി ഗോൾ വഴങ്ങി. അതുവരെ ഞങ്ങൾ മത്സരത്തിലുണ്ടായിരുന്നു.”

“എന്നാൽ ആദ്യപകുതിക്ക് ശേഷം ഞങ്ങൾ മത്സരം വളരെ അനായാസം അവർക്ക് നൽകിയെന്നത് എന്നെ ആശ്ചര്യപ്പെടുത്തി കാര്യമായിരുന്നു. ഞങ്ങൾ മോശം തീരുമാനങ്ങളാണ് എടുത്തത്. ഗോളുകൾ വഴങ്ങിയ രീതി അസഹനീയമായിരുന്നു. ഗോളുകളിലെല്ലാം പ്രൊഫെഷണലല്ലാത്ത സമീപനമാണ് ടീം സ്വീകരിച്ചത്. എന്റെ ടീമിൽ നിന്നും ഇത് ഞാൻ കണ്ടിട്ടില്ല, ഇത് ഞങ്ങളാണെന്ന് കരുതുന്നില്ല.” എറിക് ടെൻ ഹാഗ് പറഞ്ഞു.

മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആറു ഗോളുകളും വഴങ്ങിയത്. ലോകകപ്പിന് ശേഷം ഗംഭീരഫോമിൽ കളിച്ചിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു കിരീടം സ്വന്തമാക്കിയതിന് പിന്നാലെയാണ് ഈ തോൽവി വഴങ്ങിയത്. ഇത് ടീമിന്റെ മനോഭാവത്തെ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

Rate this post