ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ലിവർപൂളിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയ വിജയം പുതിയൊരു കാലഘട്ടത്തിന്റെ തുടക്കമാണെന്ന് പരിശീലകൻ എറിക് ടെൻ ഹാഗ്. ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളായ ലിവർപൂളിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയത്. പരിശീലകനെന്ന നിലയിലുള്ള തന്റെ തന്ത്രങ്ങളിൽ ഉപരിയായി ടീമിന്റെ മനോഭാവമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനു വിജയം സമ്മാനിച്ചതെന്നും മുൻ അയാക്സ് പരിശീലകൻ കൂട്ടിച്ചേർത്തു.
“എനിക്കൊരു വ്യത്യസ്തമായ സമീപനം വേണമായിരുന്നു, ഒരു വ്യത്യസ്ത മനോഭാവവും. അതാണവർ കളിക്കളത്തിലേക്ക് കൊണ്ടു വന്നത്. അതെനിക്ക് വളരെയധികം സംതൃപ്തി നൽകുകയും ചെയ്തു. നമുക്ക് തന്ത്രങ്ങളെക്കുറിച്ച് പറയാം, പക്ഷെ ഇത് മനോഭാവം കൊണ്ടുണ്ടായതാണ്.” മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കേ എറിക് ടെൻ ഹാഗ് പറഞ്ഞു. ടീമംഗൾ തമ്മിലുള്ള ആശയവിനിമയവും താരങ്ങളുടെ പോരാടാനുള്ള ആവേശവും മികച്ചതായിരുന്നുവെന്നും നല്ല ഫുട്ബോളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കാഴ്ച വെച്ചതെന്നും ടെൻ ഹാഗ് വെളിപ്പെടുത്തി.
“ഇതൊരു തുടക്കം മാത്രമാണ്, ഞങ്ങൾ എളിമയോടെ തുടരണം. താളം കണ്ടെടുത്താൽ ഇതിലും മികച്ച പ്രകടനം നടത്താൻ കഴിയും. ഞങ്ങൾക്ക് മികച്ച താരങ്ങളുണ്ട്, ഇനി മികച്ചൊരു ടീമായി മുന്നോട്ടു പോകണം. വാക്കിൽ മാത്രമല്ല, പ്രവൃത്തിയിലും അത് കാണിക്കണം. ഒരു ടീമാണെന്ന് ഉറപ്പു വരുത്തി പൊരുതുകയും ധൈര്യത്തോടെ തുടരുകയും വേണം.” എറിക് ടെൻ ഹാഗ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി എത്തിയതിനു ശേഷം പ്രീമിയർ ലീഗിൽ ടെൻ ഹാഗ് നേടുന്ന ആദ്യത്തെ വിജയമായിരുന്നു ഇന്നലത്തേത്.
ജാഡൻ സാഞ്ചോ, മാർക്കസ് റാഷ്ഫോഫ് എന്നിവരാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോളുകൾ നേടിയത്. മൊഹമ്മദ് സലാ ലിവർപൂളിന് വേണ്ടി ഒരു ഗോൾ മടക്കിയെങ്കിലും പരാജയം ഒഴിവാക്കാൻ അവർക്കായില്ല. ഇതോടെ പ്രീമിയർ ലീഗിലെ ആദ്യ മൂന്നു മത്സരത്തിലും വിജയം നേടാൻ ലിവർപൂളിന് കഴിഞ്ഞിട്ടില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ, ഹാരി മാഗ്വയർ എന്നിവരെ ഒഴിവാക്കിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ ഇലവനെ ഇറക്കിയത്. റൊണാൾഡോ എൺപതാം മിനുട്ടിനു ശേഷം പകരക്കാരനായി ഇറങ്ങിയിരുന്നു.