❝ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ സന്തോഷവാനാണെന്നും ടീമിന്റെ പുതിയ ശൈലിക്ക് അനുയോജ്യനാകുമെന്നും എറിക് ടെൻ ഹാഗ്❞|Cristiano Ronaldo| Erik Ten Hag |Manchester United

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്ന് സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ തുടക്കം മുതൽ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിനൊപ്പം തുടരുമെന്ന് പരിശീലകനായ എറിക് ടെൻ ഹാഗ് പറഞ്ഞു. നിലവാരമുള്ള താരങ്ങളെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആവശ്യമുണ്ടെന്നു പറഞ്ഞ അദ്ദേഹം തന്റെ പദ്ധതികളിൽ പോർച്ചുഗീസ് താരമുണ്ടെന്നും വ്യക്തമാക്കി.കഴിഞ്ഞ സീസണിൽ 24 ഗോളുകൾ നേടിയ അവരുടെ ടോപ്പ് സ്കോറർ ആയിരുന്നിട്ടും ഈ സീസണിലെ അവസാന രണ്ടു മത്സരങ്ങളിൽ താരത്തെ ബെഞ്ചിൽ ഇരുത്തിയതോടെ ക്ലബ് വിട്ടു പോവും എന്ന ഊഹാപോഹങ്ങളൂടെ ശക്തി കൂടിയിരുന്നു.

“ഞങ്ങൾ റൊണാൾഡോയിൽ സന്തുഷ്ടരാണ്, അദ്ദേഹം ഇവിടെ വന്നതിൽ സന്തോഷമുണ്ട്, ഒപ്പം സീസൺ ഒരുമിച്ച് വിജയിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. എല്ലാം വ്യക്തമാണ് ,ക്ലബ് എന്താണ് ഡിമാൻഡ് ചെയ്യുന്നതെന്ന് അദ്ദേഹത്തിനറിയാം . പരിശീലനത്തിൽ അത് കാണാൻ കഴിയും, അദ്ദേഹത്തിന് കഴിവുകളുണ്ടെന്ന് വ്യക്തമാണ്. അദ്ദേഹം ഒരു മികച്ച കളിക്കാരനാണെന്ന് ഞാൻ വിശദീകരിക്കേണ്ടതില്ല, അദ്ദേഹത്തിന് മികച്ച കഴിവുകളുണ്ട്, അതിനാൽ അവൻ എല്ലാ സിസ്റ്റത്തിലും എല്ലാ ശൈലിയിലും യോജിക്കും” ലെസ്റ്ററിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി ടെൻ ഹാഗ് പറഞ്ഞു.

“തീർച്ചയായും അതു വളരെ വ്യക്തമായ കാര്യമാണ്.” ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് എറിക് ടെൻ ഹാഗ് മറുപടി നൽകി. “എനിക്ക് നിലവാരമുള്ള താരങ്ങളെയാണ് വേണ്ടതെന്നാണു പറഞ്ഞത്. എല്ലാ മത്സരങ്ങളും പൂർത്തീകരിക്കണമെങ്കിൽ അവരെ ആവശ്യമായി വരും, സ്ഥിരതയും തുടരണം, അതിനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.” എറിക് ടെൻ ഹാഗ് പറഞ്ഞു.”നിരവധി സ്ഥാനങ്ങളിൽ ഞങ്ങൾക്ക് കൂടുതൽ ഓപ്ഷനുകളുണ്ട്. ഞങ്ങൾ കൊണ്ടുവന്ന കളിക്കാരിൽ ഞങ്ങൾ സന്തുഷ്ടരാണ്. അവർ ഗുണനിലവാരമുള്ള കളിക്കാരും അവർ മാഞ്ചസ്റ്റർ യുണൈറ്റഡിന് അനുയോജ്യമായ ആളുകളാണ് ” അദ്ദേഹം പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനു നഷ്ടമായതിനെ തുടർന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിടാനുള്ള ശ്രമം നടത്തിയിരുന്നത്. താരത്തിന്റെ ഏജന്റായ യോർഹെ മെൻഡസ്‌ നിരവധി ക്ലബുകൾക്ക് താരത്തിന്റെ സേവനം വാഗ്‌ദാനം ചെയ്‌തെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങൾ കാരണവും ക്ലബിന്റെ പദ്ധതികളെ ബാധിക്കുമെന്നതു കൊണ്ടും അവരാരും റൊണാൾഡോയെ സ്വന്തമാക്കാനുള്ള അവസരം ഉപയോഗപ്പെടുത്തിയില്ല. ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാനം വരെയും താരം ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബ്ബിലേക്ക് ചേക്കേറാൻ ശ്രമം നടത്തിയെന്നാണ് റിപ്പോർട്ടുകൾ.

Rate this post
Cristiano RonaldoManchester United