ആധുനിക ഫുട്ബോൾ ചരിത്രത്തിൽ രണ്ട് പതിറ്റാണ്ടോളം ടോപ് ലെവലിൽ മത്സരിച്ചു കളിക്കുന്ന രണ്ട് സൂപ്പർ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലിയോ മെസ്സിയും. ബാലൻ ഡി ഓർ പുരസ്‌കാരവേദി ഉൾപ്പടെ പല അവാർഡ് വേദികളും ഒരുമിച്ച് പങ്കിട്ട അർജന്റീനയുടെയും പോർച്ചുഗലിന്റെയും രണ്ട് സൂപ്പർ സ്റ്റാറുകൾ.
എന്നാൽ ആധുനിക ഫുട്ബോളിലെ രണ്ട് മികച്ച താരങ്ങൾ ആയതിനാൽ ഇരുവർക്കിടയിൽ ഏറ്റവും മികച്ച താരം ആരാണെന്ന ഒരു തർക്കവിഷയം സജീവമായി നിലകൊള്ളുന്നുണ്ട്. ഖത്തറിലെ ലോകകപ്പ് കിരീടം ലിയോ മെസ്സി നേടിയതോടെ അർജന്റീന താരത്തിന് ഈ വിഷയത്തിൽ മുൻതൂക്കം ഉണ്ടെന്നാണ് ആരാധകർ അവകാശപ്പെടുന്നത്.
ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ലിയോ മെസ്സിക്കും ശേഷം ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി മാറാൻ കഴിവുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം എർലിംഗ് ഹാലൻഡ് ക്രിസ്റ്റ്യാനോ – മെസ്സി വിഷയത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയുമാണ്.ഫൈവ് യൂട്യൂബ് ചാനലിന് നൽകിയൊരു അഭിമുഖത്തിൽ ലിയോ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നീ താരങ്ങളിൽ ഒരാളുടെ കാലിന്റെ കഴിവും ശക്തിയും ലഭിക്കാൻ അവസരം കിട്ടിയാൽ ആരുടെ പേരാണ് നിങ്ങൾ പറയുക എന്ന ചോദ്യത്തിനാണ് എർലിംഗ് ഹാലൻഡ് മറുപടി നൽകിയത്.
ഇതൊരു ബുദ്ദിമുട്ടുള്ള ചോദ്യമാണ് എന്ന് പറഞ്ഞു തുടങ്ങിയ ഹാലൻഡ് നിലവിൽ തനിക്ക് മികച്ച ഇടതുകാൽ ഉള്ളതിനാൽ തീർച്ചയായും പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വലത് കാലിന്റെ കഴിവും ശക്തിയും ലഭിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു.
ഈ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയ എർലിംഗ് ഹാലൻഡ് യൂറോപ്പിൽ ഗോളടിച്ചു തിമിർക്കുകയാണ്. യുവേഫ ചാമ്പ്യൻസ് ലീഗിന്റെയും എഫ്എ കപിന്റെയും ഫൈനൽ മത്സരങ്ങൾ മുന്നിൽ നിൽക്കവേ ഇത്തവണത്തെ ബാലൻ ഡി ഓർ മത്സരത്തിൽ മുൻനിരയിലുള്ള ഏർലിങ് ഹാലൻഡ് മികച്ച രീതിയിൽ സീസൺ അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.