കഴിഞ്ഞ ദിവസം വൈറ്റാലിറ്റി സ്റ്റേഡിയത്തിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 4-1ന് ബോൺമൗത്തിനെ പരാജയപ്പെടുത്തി. മത്സരത്തിൽ, മാഞ്ചസ്റ്റർ സിറ്റിക്കായി ജൂലിയൻ അൽവാരസ്, എർലിംഗ് ഹാലൻഡ്, ഫിൽ ഫോഡൻ എന്നിവർ ഗോളുകൾ നേടിയതിനു പുറമേ, ബോൺമൗത്ത് ഡിഫൻഡർ ക്രിസ് മെഫാമിന്റെ സെൽഫ് ഗോളും മാഞ്ചസ്റ്റർ സിറ്റിയുടെ നേട്ടം ഉയർത്തി. ജെഫേഴ്സൺ ലെർമയാണ് ബോൺമൗത്തിന് വേണ്ടി ഗോൾ നേടിയത്.
മാഞ്ചസ്റ്റർ സിറ്റിയുടെ സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡ് ബോൺമൗത്തിനെതിരെ ഗോളടിച്ച് പുതിയ ക്ലബ് റെക്കോർഡ് സ്ഥാപിച്ചു. ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കായി 33 മത്സരങ്ങളിൽ നിന്ന് 33 ഗോളുകളാണ് എർലിംഗ് ഹാലൻഡ് നേടിയത്. ഇതിൽ 27 പ്രീമിയർ ലീഗ് ഗോളുകളും ഉൾപ്പെടുന്നു. ഇതോടെ ഒരു സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കായി ഏറ്റവും കൂടുതൽ പ്രീമിയർ ലീഗ് ഗോളുകൾ നേടിയ താരമായി നോർവീജിയൻ സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡ് മാറി. മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റീന ഇതിഹാസത്തെ മറികടന്നാണ് ഹാലാൻഡ് ഈ നേട്ടം കൈവരിച്ചത്.
2014/15 സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കായി സെർജിയോ അഗ്യൂറോ 26 പ്രീമിയർ ലീഗ് ഗോളുകൾ നേടി. ഈ റെക്കോർഡ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന 2022/23 സീസണിൽ ഹാലാൻഡ് മറികടന്നു. സെർജിയോ അഗ്യൂറോയും ഈ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. 2015/16 സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കായി 24 പ്രീമിയർ ലീഗ് ഗോളുകളാണ് അഗ്യൂറോ നേടിയത്. 23 ഗോളുകൾ വീതം നേടിയ സെർജിയോ അഗ്യൂറോയും കാർലോസ് ടെവസും പട്ടികയിൽ നാലാമതാണ്. 2011/12 സീസണിൽ അഗ്യൂറോ 23 ഗോളുകൾ നേടിയപ്പോൾ 2009/10 സീസണിൽ ടെവസ് 23 ഗോളുകൾ നേടി.
Erling Haaland has now scored the most goals in a Premier League season by a Man City player EVER 🤯 pic.twitter.com/QYEbJqyNXO
— GOAL (@goal) February 25, 2023
2022/23 സീസണിൽ എർലിംഗ് ഹാലൻഡ് ഇതിനകം 27 ഗോളുകൾ നേടിയതിനാൽ, തന്റെ ഗോൾ വേട്ട നീട്ടാനുള്ള അവസരമുണ്ട്. സീസണിൽ ഇതുവരെ 25 മത്സരങ്ങൾ മാത്രമാണ് മാഞ്ചസ്റ്റർ സിറ്റി കളിച്ചിട്ടുള്ളത്. ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഇനിയും 13 മത്സരങ്ങൾ കളിക്കാനുണ്ട്. അതുകൊണ്ട് തന്നെ തന്റെ ഗോൾ റെക്കോർഡ് വൻ വ്യത്യാസത്തിൽ ഉയർത്താൻ ഹാലാൻഡിന് കഴിയുമെന്ന് ഉറപ്പാണ്.