ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ സൂപ്പർ സ്ട്രൈക്കറായ എർലിങ് ഹാലണ്ട് പ്രീമിയർലീഗ് വമ്പന്മാരായ മഞ്ചസ്റ്റർ സിറ്റിയുടെ തട്ടകത്തിൽ എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു. ക്ലബ്ബിന്റെ ഭാഗത്ത് നിന്നുള്ള പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാവും എന്നാണ് സൂചനകൾ.
വ്യക്തിപരമായ കാരണങ്ങളാലാണ് താരത്തെ റിലീസ് ചെയ്യുന്നതെന്ന് ഡോർട്മുണ്ട് അറിയിച്ചിരുന്നു. താരത്തിന്റെ റിലീസ് ക്ലോസ് ആയ 75 മില്യണാണ് മാഞ്ചസ്റ്റർ സിറ്റി ഹാലണ്ടിനെ സ്വന്തമാക്കിയത്. ഹാലൻണ്ടിന് പിന്നാലെ റയൽ മാഡ്രിഡ്, ബാഴ്സലോണ തുടങ്ങിയ വമ്പൻ ക്ലബ്ബുകൾ എല്ലാം രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും മാഞ്ചസ്റ്റർ സിറ്റിക്കാണ് താരത്തെ സ്വന്തമാക്കാൻ കഴിഞ്ഞത്.
എർലിങ് ഹാലണ്ട് മാഞ്ചസ്റ്റർ സിറ്റിയുടെ ഏറ്റവും കൂടുതൽ വരുമാനം നേടുന്നവരിൽ ഒരാളായി മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. കണക്കുകൾ പ്രകാരം എർലിംഗ് ഹാലൻഡിന് ആഴ്ചയിൽ £500,000 വരെ സമ്പാദിക്കാനാകും. നിലവിൽ സിറ്റിയിൽ ഏറ്റവും ഉയർന്ന വരുമാനം നേടുന്നത് ബെൽജിയൻ താരം കെവിൻ ഡി ബ്രൂയ്ൻ ആണ്. അർജന്റീന താരം സെർജിയോ അഗ്യൂറോ ടീം വിട്ടുപോയതുമുതൽ മാഞ്ചസ്റ്റർ സിറ്റി ഒരു സ്ട്രൈക്കർ ഇല്ലാതെയാണ് ഇതുവരെയും കളിച്ചത്. ഹാലണ്ട് എത്തുന്നതോട് കൂടി ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
അണ്ടർ ട്വന്റി ലോകകപ്പിൽ ഹോണ്ടുറാസിനെതിരെ ഒറ്റ മത്സരത്തിൽ 9 ഗോളുകൾ നേടികൊണ്ടാണ് ഹാലാൻഡ് ഫുട്ബോൾ ലോകത്തിലേക്ക് വരവറിയിച്ചത്. 2018 സീസണിലാണ് ബുണ്ടെസ് ലീഗ ക്ലബ്ബായ എഫ്സി സാൽസ് ബർഗിലേക്ക് താരം എത്തുന്നത്. സൽസ്ബർഗിനുവേണ്ടി 27 മത്സരങ്ങളിൽ നിന്നും 29 ഗോളുകൾ നേടാനും താരത്തിന് കഴിഞ്ഞു. പിന്നീട് 2020 ൽ ബൊറൂസിയ ഡോർട്ട്മുണ്ടിൽ എത്തിയ ഹാലണ്ട് ക്ലബിന് വേണ്ടി 88 മത്സരങ്ങളിൽ നിന്ന് 85 ഗോളുകൾ നേടാൻ കഴിഞ്ഞു. യൂഎഫേ ചാംബ്യൻസ് ലീഗിൽ എഫ് സി സാൽസ് ബർഗിന് വേണ്ടി 8 ഗോളുകളും, ബൊറൂസിയ ഡോർട്മുണ്ടിന് വേണ്ടി 15 ഗോളുകളും താരം നേടിയിട്ടുണ്ട്.
ഏറ്റവും കുറച്ച് മത്സരങ്ങളിൽ (14) നിന്നും 20 യുവേഫ ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടിയ റെക്കോർഡും താരത്തിന്റ പേരിലാണ്. ഡോർട്ട്മുണ്ടിന് ഒപ്പം ഡിഎഫ്ബി ജർമൻ കിരീടവും താരം നേടിയിട്ടുണ്ട്. താരത്തിന്റെ ഈ ഗോളടി മികവ് തന്നെയാണ് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുമ്പോഴും ആരാധകർ പ്രതീക്ഷിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും, ചാമ്പ്യൻസ് ലീഗിലും താരത്തിന്റെ ബൂട്ടുകളിൽ നിന്നും കൂടുതൽ ഗോളുകൾ പിറക്കുമെന്ന പ്രതീക്ഷയിലാണ് എത്തിഹാദുകാർ.
തന്റെ പിതാവായ ആൽഫിങ് ഹാലണ്ട് കളിച്ച ക്ലബായിരുന്നു മാഞ്ചസ്റ്റർ സിറ്റി. 2000 – 2003 സീസൺ വരെയാണ് അൽഫി ഹാലണ്ട് സിറ്റിയിക്കായി ബൂട്ട് കെട്ടിയത്. തന്റെ അച്ഛൻ കളിച്ച ക്ലബ്ബിലേക്ക് മകനായ ഹാലണ്ട് കൂടി എത്തുമ്പോൾ അത് മറ്റൊരു മനോഹര നിമിഷമായിരിക്കും.