മെസ്സിക്ക് പകരം മെസ്സീഞ്ഞോയെന്ന അടുത്ത മെസ്സിയെ കൊണ്ടുവരാൻ ബാഴ്സലോണയുടെ നീക്കങ്ങൾ..

എഫ്സി ബാഴ്സലോണയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരവും ബാഴ്സലോണയുടെ ഇതുവരെയുള്ള നേട്ടങ്ങളിൽ ഭൂരിഭാഗം നേട്ടങ്ങൾക്കും കാരണമായ പ്രിയതാരം ലിയോ മെസ്സി ടീം വിട്ടതിനു ശേഷം കറ്റാലൻ ക്ലബ്ബിന് മെസ്സിയില്ലാതെ പഴയ പോലെ പ്രകടനങ്ങൾ നടത്താനായിട്ടില്ല. യുവേഫ ചാമ്പ്യൻസ് ലീഗ് ദിനങ്ങൾ പോലും ബാഴ്സലോണക്ക് മോശം ഓർമകളാണ് നൽകുന്നത്.

അതേസമയം ലിയോ മെസ്സിക്ക് പകരം മറ്റൊരു മെസ്സിയെ കൊണ്ടുവരാനുള്ള നീക്കങ്ങളിലേക്ക് ബാഴ്സലോണ തിരിയുകയാണെന്നാണ് റിപ്പോർട്ടുകൾ. ബ്രസീലിയൻ സൂപ്പർ താരങ്ങൾക്ക് വേണ്ടി യൂറോപ്യൻ ക്ലബ്ബുകൾ മത്സരിക്കുമ്പോൾ ബ്രസീലിയൻ യുവ താരമായ വിക്ടർ റോഖിന്റെ സൈനിങ് ബാഴ്സലോണ നേടിയിരുന്നു.

ആൻഡ്രെ ക്യൂരിയായിരുന്നു ഈ സൈനിങ്ങിന് പിന്നിൽ പ്രവർത്തിച്ച ഏജന്റ്. ഏജന്റ് ആന്ദ്രേ ക്യൂരി തന്നെ പരിചയപ്പെടുത്തുന്ന ഭാവിയിലെ ബാലൻ ഡി ഓർ ജേതാവ്, അടുത്ത മെസ്സി എന്നെല്ലാം ആന്ദ്രേ ക്യൂരി വിശേഷിപ്പിക്കുന്ന ഒരു താരത്തിലേക്ക് തങ്ങളുടെ റഡാർ തിരിക്കുകയാണ് ബാഴ്സലോണ. മെസ്സിയുടെ കടുത്ത ആരാധകനായ മെസ്സീഞ്ഞോ എന്ന പേരിൽ അറിയപ്പെടുന്ന 16-കാരനായ വില്യൺ ഇസ്റ്റാവോയെയാണ് ബാഴ്സലോണ നോട്ടമിടുന്നത്.

എന്നാൽ 60മില്യൺ റിലീസ് ക്ലോസ്സുള്ള പാൽമീറാസ് താരത്തിനെ സ്വന്തമാക്കാൻ യൂറോപ്പിൽ നിന്നുമുള്ള മറ്റു വമ്പൻ ക്ലബ്ബുകൾ കൂടി രംഗത്ത് വരുന്നതോടെ ട്രാൻസ്ഫർ പോരാട്ടം മുറുകും. ലിയോ മെസ്സിയെ പോലെയാവുക, ബാഴ്സലോണക്ക് വേണ്ടി കളിക്കുക തുടങ്ങിയവയാണ് മെസ്സീഞ്ഞോയുടെ ആഗ്രഹങ്ങൾ.

Rate this post
Fc Barcelona