14 ഗോൾ വിജയവുമായി ഫ്രാൻസ് , എംബപ്പേക്ക് ഹാട്രിക്ക് : അയർലണ്ടിനെ തോൽപ്പിച്ച് യൂറോ കപ്പ് യോഗ്യത ഉറപ്പാക്കി നെതർലൻഡ്‌സ് : മിന്നുന്ന ജയവുമായി ക്രൊയേഷ്യ : ജർമനിക്ക് വീണ്ടും തോൽവി

യൂറോ 2024 ഗ്രൂപ്പ് ബി യോഗ്യതാ മത്സരത്തിൽ 10 പേരടങ്ങുന്ന ജിബ്രാൾട്ടറിനെ 14-0ന് തോൽപ്പിച്ച് ഫ്രാൻസ് തങ്ങളുടെ എക്കാലത്തെയും വലിയ വിജയം രേഖപ്പെടുത്തി.2006-ൽ സാൻ മറിനോയ്‌ക്കെതിരെ ജർമ്മനിയുടെ 13-0 വിജയത്തെ മറികടന്ന് യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങളിലോ ലോകകപ്പ് മത്സരങ്ങളിലുള്ള ഏറ്റവും വലിയ വിജയം കൂടിയാണ് ഫ്രാൻസ് നേടിയത്.ഫ്രാൻസിനായി സൂപ്പർ താരം എംബപ്പേ ഹാട്രിക്ക് സ്വന്തമാക്കി.

മൂന്നാം മിനിറ്റിൽ ജിബ്രാൾട്ടർ താരം ഏഥൻ സാന്റോസിന്റെ സെല്ഫ് ഗോളിൽ ഫ്രാൻസ് ലീഡ് നേടി. നാലാം മിനുട്ടിൽ മാർക്കസ് തുറാം 16 ആം മിനുട്ടിൽ സയർ എമറി 30 ആം മിനുട്ടിൽ എംബാപ്പെ 34 ആം മിനുട്ടിൽ ജൊനാഥൻ ക്ലോസ് 36 ആം മിനുട്ടിൽ കിങ്‌സ്‌ലി കോമാൻ 37 ആം മിനുട്ടിൽ യൂസഫ് ഫോഫാന എന്നിവർ നേടിയ ഗോളുകൾക്ക് ആദ്യ പകുതിയിൽ ഫ്രാൻസ് 7-0ന് മുന്നിലായിരുന്നു.16-ാം മിനിറ്റിൽ നേടിയ ഗോളോടെ ഫ്രാൻസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്‌കോററായി മാറിയിരിക്കുകയാണ് സയർ എമറി.1914 ന് ശേഷമുള്ള ഏറ്റവും പ്രായം കുറഞ്ഞ ഫ്രാൻസ് കളിക്കാരനായി 17 വയസ്സുള്ള സയർ-എമറി മാറി.

18 ആം മിനുട്ടിൽ സാന്റോസിന്റെ ഫൗളിൽ സയർ എമറിക്ക് പരിക്ക് പറ്റി സബ്സ്റ്റിറ്റൂട്ട് ആവേണ്ടി തന്നു,ജിബ്രാൾട്ടർ താരത്തിന് ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ 7 ഗോളുകൾ കൂടിയ നേടിയ ഫ്രാൻസ് എക്കാലത്തെയും വലിയ വിജയം പൂർത്തിയാക്കി. ഹാട്രിക്കോടെ 46 ഗോളുകളുമായി ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച സ്‌കോറർമാരുടെ പട്ടികയിൽ അന്റോയ്ൻ ഗ്രീസ്മാനെ മറികടന്ന് എംബാപ്പെ മൂന്നാം സ്ഥാനത്തെത്തി,തിയറി ഹെൻറിക്ക് പിന്നിൽ അഞ്ച് ഗോൾ പിന്നിലാണ് താരം.പകരക്കാരനായി ഇറങ്ങിയ ഒലിവിയർ ജിറൂഡ് രണ്ട് ഗോളുകൾ നേടി തന്റെ രാജ്യത്തിനായി നേടിയ ഗോളുകൾ എണ്ണം 56 ആക്കി ഉയർത്തി.ഏഴ് ഗ്രൂപ്പ് ഗെയിമുകളിലും വിജയിച്ച ഫ്രാൻസ് ഒന്നാം സ്ഥാനത്താണ്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നെതർലൻഡ്‌സ് ഒരു ഗോളിന് അയർലണ്ടിനെ തോൽപ്പിച്ച് യൂറോ 2024 ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്.11 ആം മിനുട്ടിൽ സ്‌ട്രൈക്കർ വൗട്ട് വെഗോർസ്റ്റിന്റെ ഗോളാണ് ഡച്ച് ടീമിന് വിജയം നേടിക്കൊടുത്തത്. 15 പോയിന്റുമായി ഫ്രാൻസിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് നെതർലൻഡ്‌സ്.ഡച്ചുകാർ ഇപ്പോൾ തങ്ങളുടെ 11-ാമത് യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയിരിക്കുന്നു.

ലാത്വിയയെ 2-0 ന് തോൽപ്പിച്ച് ക്രൊയേഷ്യ അടുത്ത വർഷത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടുന്നതിന്റെ അടുത്തെത്തിയിരിക്കുകയാണ്.. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ വെയിൽസ് അർമേനിയയുമായി 1-1 ന് സമനിലയിൽ പിരിഞ്ഞത് ക്രോയേഷ്യക്ക് ഗുണമായി.അവസാന സ്ഥാനക്കാരായ ലാത്വിയയ്‌ക്കെതിരെ ലോവ്‌റോ മജറിന്റെയും ആന്ദ്രെ ക്രാമാരിച്ചിന്റെയും ഗോളുകൾ ക്രൊയേഷ്യയ്ക്ക് അനായാസ ജയം സമ്മാനിച്ചു.ക്രൊയേഷ്യയുടെ അവസാന മത്സരത്തിൽ അർമേനിയയ്‌ക്കെതിരെ ജയിച്ചാൽ അല്ലെങ്കിൽ ഗ്രൂപ്പ് ഡിയിലെ ലീഡർ തുർക്കിയെ കീഴടക്കാൻ വെയ്ൽസ് പരാജയപ്പെട്ടാൽ യോഗ്യതാ സ്ഥാനം ഉറപ്പിക്കും. 7 മത്സരങ്ങളിൽ നിന്നും 16 പോയിന്റുമായി തുർക്കിയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്, 13 പോയിന്റുമായി ക്രോയേഷ്യയും ,11 പോയിന്റുമായി വെയിൽസ്‌ അടുത്ത സ്ഥാനങ്ങളിൽ.

യൂറോ 2024 ആതിഥേയരായ ജർമ്മനിക്ക് വീണ്ടും തോൽവി. ഇന്നലെ സ്വന്തം മൈതാനത്ത് നടന്ന സൗഹൃദ മത്സരത്തിൽ ജർമനിയെ തുർക്കി രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി.സെപ്റ്റംബറിൽ ജർമൻ പരിശീലകനായി ജോലി ഏറ്റെടുത്ത ജൂലിയൻ നാഗൽസ്‌മാന്റെ ഹോം അരങ്ങേറ്റം തോൽവിയോടെയായി. യൂറോ 2024 ന് ഇതിനകം യോഗ്യത നേടിയ തുർക്കി മികച്ച പ്രകടനം പുറത്തെടുത്തു.

അഞ്ചാം മിനിറ്റിൽ അറ്റാക്കിംഗ് മിഡ്‌ഫീൽഡർ കെയ് ഹാവെർട്‌സിന്റെ ഗോളിൽ ജർമനി ലീഡ് നേടി.38-ാം മിനിറ്റിൽ അബ്ദുൾകെരിം ബർദാക്കി നൽകിയ ഡീപ് ക്രോസിൽ ഫെർഡി കാഡിയോഗ്ലുവിന്റെ ശക്തമായ ഷോട്ടിലൂടെ തുർക്കി സമനില നേടി.മുൻ ബയേൺ മ്യൂണിക്കിന്റെ യൂത്ത് പ്ലെയർ കെനാൻ യിൽഡിസിലൂടെ തുർക്കി ലീഡ് നേടി. 49 ആം മിനുട്ടിൽ നിക്ലാസ് ഫുൾക്രുഗ് ജർമനിയുടെ സമനില ഗോൾ നേടി. 70-ാം മിനിറ്റിൽ ഹാവേർട്‌സിന്റെ ഹാൻഡ്‌ബോളിന് പെനാൽറ്റി യൂസഫ് സാരി ഗോളാക്കി മാറ്റി തുർക്കിക്ക് ജയം നേടിക്കൊടുത്തു.സൗഹൃദ മത്സരത്തിൽ ജർമ്മനി ചൊവ്വാഴ്ച ഓസ്ട്രിയയെ നേരിടും.

Rate this post