യുവേഫ യൂറോപ്പ ലീഗിൽ ആദ്യ ജയം നേടി മാഞ്ചസ്റ്റർ യുണൈറ്റഡ്. മോള്ഡിവാൻ ക്ലബ് എഫ്‌സി ഷെരീഫിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്.മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്റ്റാർ സ്‌ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഗോൾ നേടിയതാണ് ഹൈലൈറ്റ്.
ഈ സീസണിൽ 37 കാരൻ നേടുന്ന ആദ്യ ഗോളാണിത്.റൊണാൾഡോയുടെ കരിയറിലെ ആദ്യ യൂറോപ്പ ലീഗ് ഗോൾ കൂടിയായിരുന്നു ഇത്.കളിയുടെ ആദ്യ പകുതിയിൽ പതിനേഴാം മിനിറ്റിൽ ജാഡോൺ സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് നൽകി. ക്രിസ്റ്റ്യൻ എറിക്സന്റെ അസിസ്റ്റിൽ ജാദൺ സാഞ്ചോ ഗോൾ നേടി. ഒരു ഗോൾ വഴങ്ങിയ ശേഷം എഫ്‌സി ഷെരീഫ് കളിയിൽ പതറി. തുടർന്ന് 38-ാം മിനിറ്റിൽ ക്‌പോസോ ബോക്‌സിൽ വച്ച് ഡലോട്ടിനെ ഫൗൾ ചെയ്തതിന് റഫറി മാഞ്ചസ്റ്റർ യുണൈറ്റഡിന് പെനൽറ്റി വിധിച്ചു.
ഷെരീഫ് ഗോൾകീപ്പർ കോവലിനെ മറികടന്ന് പന്ത് സമർത്ഥമായി റൊണാൾഡോ വലയിലെത്തിച്ചു.ഇതോടെ മത്സരം 2-0ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കി.ഈ സീസണിൽ ഇതുവരെ ഭൂരിഭാഗം മത്സരങ്ങളും റൊണാൾഡോ ബെഞ്ചിൽ ആയിരുന്നു. ഇത് റൊണാൾഡോയുടെ മൂന്നാമത്തെ സ്റ്റാർട്ട് മാത്രമാണ്. ഈ ഗോൾ തന്റെ ഫോമിലേക്ക് തിരിച്ചുവരുന്നതിന്റെ ആദ്യ പടിയായാകും റൊണാൾഡോ കാണുന്നത്.മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച പ്രകടനമാണ് നടത്തിയത്.
കളിയിൽ 33 കൃത്യമായ പാസുകളാണ് റൊണാൾഡോ നൽകിയത്. മത്സരത്തിൽ 82% പാസ് കൃത്യത. കളിയിൽ 52 ടച്ചുകൾ എടുത്ത റൊണാൾഡോ രണ്ട് ക്ലിയറൻസുകൾ നടത്തി. മത്സരത്തിൽ റൊണാൾഡോ 2 റിക്കവറി നേടി. ഈ സീസണിൽ ഇതുവരെ കണ്ടെത്താനാകാതെ ഫോമിലേക്കുള്ള തിരിച്ചുവരവ് മത്സരത്തിലൂടെ കാണാൻ കഴിഞ്ഞു. ഇത് റൊണാൾഡോ ആരാധകർക്ക് സന്തോഷം പകരും.