യൂറോപ്പ ലീഗിനു യോഗ്യതക്കായുള്ള പ്ലേഓഫ് മത്സരത്തിൽ എസി മിലാൻ റയോ അവേക്കെതിരെ വിജയം നേടിയെങ്കിലും അതിനു പെനാൽറ്റി ഷൂട്ടൗട്ട് വരെ കാത്തിരിക്കേണ്ടി വന്നെന്നതാണ് മറ്റൊരു വസ്തുത. എന്നാൽ പെനാൽറ്റി ഷൂട്ടൗട്ടിലും ഇറ്റാലിയൻ വമ്പൻമാർക്ക് പോർട്ടുഗീസ് ക്ലബ്ബിനെതിരെ വിയർക്കേണ്ടി വന്നിരിക്കുകയാണ്.
തുടർച്ചയായി 24 പെനാൽറ്റികൾക്ക് ശേഷമാണ് റോസ്സേനെരികൾക്ക് റിയോ അവേക്കെതിരെ വിജയം നേടാനായത്. 9-8 എന്ന ഗോൾ നിലയിലാണ് പെനാൽറ്റി ഷൂട്ടൗട്ട് അവസാനിച്ചത്. യൂറോപ്പ ലീഗിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇരു ടീമിന്റെയും 11 താരങ്ങളും ഷൂട്ടൗട്ടിൽ പെനാൽറ്റിയെടുക്കുന്നതെന്നതെന്നും ഈ മത്സരത്തിന്റെ പ്രത്യേകതയാണ്.
ആദ്യ 90 മിനുട്ടിൽ 1-1നു മത്സരം സമനിലയിലായതോടെ അധിക സമയത്തിലേക്കു നീങ്ങുകയായിരുന്നു. മിലാനു വേണ്ടി അലക്സിസ് സാലെമെക്കേഴ്സ് ഗോൾ നേടിയപ്പോൾ പോർച്ചുഗീസ് ക്ലബ്ബിനായി ഫ്രാൻസിസ്കോ ജെരാൾഡോ സമനില ഗോൾ നേടുകയായിരുന്നു. എന്നാൽ അധികസമയത്ത് ജെൽസണിലൂടെ റിയോ അവേ മുന്നിലെത്തുകയായിരുന്നു. ആവേശോജ്വലമായ മത്സരത്തിന്റെ 122-ാം മിനുട്ടിൽ എസി മിലാനു കിട്ടിയ പെനാൽറ്റി ഹകാൻ ചനനലു ലക്ഷ്യത്തിലെത്തിച്ചതോടെ ഷൂട്ടൗട്ടിലേക്കു നീങ്ങുകയായിരുന്നു.
എന്നാൽ ഷൂട്ടൗട്ടിലൂടെ നേടിയ വിജയത്തിന്റെ ആവേശം മത്സരശേഷം പരിശീലകൻ പയോളി തന്നെ തുറന്ന് പറയുകയും ചെയ്തു. “വികാരങ്ങൾ നിയന്ത്രിക്കാൻ വളരെ ബുദ്ദിമുട്ടാണ്. ഞങ്ങൾ ജയവും തോൽവിയുടെയും ഇടയിലൂടെയാണ് കടന്നു പോയത്. പെനാൽറ്റി ലോട്ടറി ഞങ്ങൾക്ക് പറഞ്ഞറിയിക്കാനാവാത്ത വികാരങ്ങളും ആവേശവുമാണ് തന്നത്. ഒരു ബുദ്ദിമുട്ടേറിയ എതിരാളികളെയാണ് മറികടന്നത്. ആദ്യത്തെ ലക്ഷ്യം ഞങ്ങൾ പൂർത്തീകരിച്ചിരിക്കുകയാണ്. കഷ്ടപ്പെടാതെ നമുക്കൊരിക്കലും വിജയം നേടാനാവില്ല. ” സ്കൈ സ്പോർട്സിനോട് പയോളി അഭിപ്രായപ്പെട്ടു.