യൂറോപ്യൻ ചാമ്പ്യൻഷിപ്പുകൾ, കിരീടത്തിനായി പോരാടുന്നത് 12 അർജന്റൈൻ സൂപ്പർതാരങ്ങൾ

യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പുകളിലെ ഫൈനൽ മത്സരം ഏതൊക്കെ ടീമുകൾ തമ്മിലാണ് എന്നുള്ളതിന്റെ ലൈനപ്പ് ഇന്നലത്തോടുകൂടി പൂർത്തിയായിട്ടുണ്ട്.യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ ഇറ്റാലിയൻ കരുത്തരായ ഇന്റർ മിലാനാണ്.വരുന്ന ജൂൺ പതിനൊന്നാം തീയതിയാണ് ഈ കലാശ പോരാട്ടം നടക്കുക.യുവേഫ യൂറോപ ലീഗിന്റെ ഫൈനൽ മത്സരത്തിൽ സെവിയ്യയും റോമയും തമ്മിലാണ് ഏറ്റുമുട്ടുക.

രണ്ടാം പാദ സെമി ഫൈനൽ പോരാട്ടത്തിൽ യുവന്റസിനെ ഒന്നിനെതിരെ 2 ഗോളുകൾക്ക് പരാജയപ്പെടുത്തി കൊണ്ടാണ് സെവിയ്യ യൂറോപ ലീഗിന്റെ ഫൈനലിൽ എത്തിയിരിക്കുന്നത്.അർജന്റൈൻ സൂപ്പർ താരമായ എറിക്ക് ലമേലയുടെ മികവ് എടുത്തു പറയേണ്ടതാണ്.ഒരു ഗോളും ഒരു അസിസ്റ്റും നേടിക്കൊണ്ട് സെവിയ്യയെ ഫൈനലിലേക്ക് നയിച്ചത് ഈ സൂപ്പർ താരമാണ്.യുവേഫ കോൺഫറൻസ് ലീഗിന്റെ ഫൈനലിൽ ഫിയോറെന്റിനയും വെസ്റ്റ്‌ഹാം യുണൈറ്റഡും തമ്മിലാണ് ഏറ്റുമുട്ടുക.ബേസലിനെ പരാജയപ്പെടുത്തി കൊണ്ടാണ് ഫിയോറെന്റിന വരുന്നതെങ്കിൽ അൽകമാറിനെയാണ് വെസ്റ്റ്‌ഹാം യുണൈറ്റഡ് പരാജയപ്പെടുത്തിയിട്ടുള്ളത്.

ഈ മൂന്ന് കിരീടങ്ങൾക്ക് വേണ്ടി 12 അർജന്റൈൻ താരങ്ങളാണ് പോരാടുന്നത്.ചാമ്പ്യൻസ് ലീഗ് കിരീടം ഒരു അർജന്റൈൻ സ്വന്തമാക്കും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.മാഞ്ചസ്റ്റർ സിറ്റി നിരയിൽ ഹൂലിയൻ ആൽവരസ് അണിനിരക്കുമ്പോൾ രണ്ട് അർജന്റീന താരങ്ങളാണ് മറുഭാഗത്ത് ഇന്റർ മിലാനിലുള്ളത്.ലൗറ്ററോ മാർട്ടിനസ്,ജോക്കിൻ കൊറേയ എന്നിവരാണ് ഇന്റർമിലാന്റെ നിരയിൽ ഉള്ളത്.യുവേഫ യൂറോപ ലീഗിന്റെ കാര്യത്തിലേക്ക് വരുമ്പോഴും 2 ടീമുകളിലും അർജന്റൈൻ സാന്നിധ്യമുണ്ട്.പൗലോ ഡിബാലയാണ് റോമയുടെ ഏറ്റവും പ്രധാനപ്പെട്ട താരം.

അതേസമയം സ്പാനിഷ് ക്ലബ്ബായ സെവിയ്യയിൽ നിരവധി അർജന്റീന താരങ്ങളുണ്ട്. ലോക ചാമ്പ്യന്മാരായ അക്കൂഞ്ഞ,മോന്റിയേൽ,പപ്പു ഗോമസ് എന്നിവർക്കൊപ്പം ലമേലയും ഒകമ്പസും അർജന്റൈൻ സാന്നിധ്യങ്ങളായിക്കൊണ്ട് ഈ സ്പാനിഷ് ക്ലബ്ബിൽ ഉണ്ട്.കോൺഫറൻസ് ലീഗിൽ ഏത് ടീം കിരീടം നേടിയാലും അവിടെ ഒരു അർജന്റൈൻ സാന്നിധ്യം ഉണ്ടാവും.വെസ്റ്റ്‌ഹാം യുണൈറ്റഡിൽ ലാൻസിനിയാണ് ഉള്ളതെങ്കിൽ ഫിയോറെന്റിനയിൽ നിക്കോ ഗോൺസാലസും ക്വാർട്ടയുമുണ്ട്. ചുരുക്കത്തിൽ ഈ മൂന്ന് കിരീട നേട്ടങ്ങളിലും അർജന്റൈൻ സാന്നിധ്യമുണ്ട് എന്ന് ഉറപ്പായി കഴിഞ്ഞിരിക്കുകയാണ്.

ഖത്തർ വേൾഡ് കപ്പിന് ശേഷവും അർജന്റൈൻ താരങ്ങൾ മികച്ച പ്രകടനമാണ് തങ്ങളുടെ ക്ലബ്ബുകൾക്ക് വേണ്ടി പുറത്തെടുക്കുന്നത്.വേൾഡ് കപ്പ് നേടിയ താരങ്ങൾക്ക് ഇതിന് പുറമേ ഒരു യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പ് കൂടി നേടാൻ സാധിക്കുക എന്നുള്ളത് ഇരട്ടിമധുരം നൽകുന്ന ഒരു കാര്യമായിരിക്കും.

Rate this post
Argentina