വെംബ്ലിയിൽ നടന്ന സൗഹൃദ മത്സരത്തിൽ സ്വിറ്റ്‌സർലൻഡിനെതിരെ തകർപ്പൻ ജയം നേടി ഇംഗ്ലണ്ട്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇംഗ്ലീഷ് ടീമിന്റെ ജയം. ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമാണ് ഇംഗ്ലണ്ട് വിജയം നേടിയത്. 22 ആം മിനുട്ടിൽ ബ്രീൽ എംബോളോയിലൂടെ സ്വിസ് ആദ്യ പകുതിയിൽ ലീഡ് നേടിയെങ്കിലും ഇടവേളയ്ക്ക് മുമ്പ് ലൂക്ക് ഷാ സമനില പിടിച്ചു.
78 ആം മിനുട്ടിൽ പെനാൽറ്റിയിൽ നിന്നും ഹരി കെയ്ൻ ഇംഗ്ലണ്ടിന്റെ വിജയ ഗോൾ നേടി.ഈ ഗോളോടെ 49 ഇംഗ്ലണ്ട് ഗോളുകൾ നേടിയ കെയ്ൻ ഗാരി ലിനേക്കറെ മറികടന്ന് ബോബി ചാൾട്ടണും ഒത്ത് ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികവച്ച രണ്ടാം ഗോൾ സ്കോറർ ആയി നിൽക്കുന്നു. 53 ഗോളുകളുമായി വെയ്ൻ റൂണി മാത്രമാണ് ഇനി കെയ്നിന്റെ മുന്നിൽ.1981ലെ ലോകകപ്പ് യോഗ്യതാ തോൽവിക്ക് ശേഷം സ്വിസിനെതിരെ ഇംഗ്ലണ്ട് പരാജയപ്പെട്ടിട്ടില്ല.മാർക്ക് ഗുവേഹി, കെയ്ൽ വാക്കർ-പീറ്റേഴ്‌സ്, ടൈറിക് മിച്ചൽ എന്നിവർ ഇംഗ്ലണ്ടിനായി സീനിയർ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തി.
മറ്റൊരു മത്സരത്തിൽ 90 ആം മിനുട്ടിൽ ഡാനി ഒൽമോ നേടിയ ഗോളിൽ സ്പെയിൻ അൽബേനിയക്കെതിരെ വിജയം നേടി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വിജയം.18 വർഷത്തിന് ശേഷം കാറ്റലോണിയയിൽ നടന്ന സ്‌പെയിനിന്റെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്.ഏറെക്കുറെ തിങ്ങിനിറഞ്ഞ കോർനെല്ല-എൽ പ്രാറ്റ് സ്റ്റേഡിയത്തിൽ, കഴിഞ്ഞ വർഷത്തെ യൂറോ സെമിഫൈനലിസ്റ്റുകൾ തുടക്കം മുതൽ ആധിപത്യം പുലർത്തിയെങ്കിലും ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും പിറന്നില്ല. 75 ആം മിനുട്ടിൽ പകരക്കാരനായ യെറെമിയുടെ പാസിൽ നിന്ന് ഫെറാൻ ടോറസ് സ്‌പെയിനിന്റെ അക്കൗണ്ട് തുറന്നു. 85 ആം മിനുട്ടിൽ മിർട്ടോ ഉസുനി അൽബേനിയക്ക് സമനില നേടിക്കൊടുത്തു.കളി സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ചപ്പോൾ, ജോർഡി ആൽബയുടെ ഒരു ചെറിയ പാസ് ഓൾമോ സ്വീകരിച്ച് ബോക്‌സിന്റെ അരികിൽ മികച്ചൊരു ഷോട്ടിലൂടെ അൽബേനിയ വല ചലിപ്പിച്ച് സ്പെയിനിന് വിജയം നേടിക്കൊടുത്തു.
മറ്റൊരു സൗഹൃദ അന്താരാഷ്ട്ര മത്സരത്തിൽ ജർമ്മനി 2-0 ന് ഇസ്രയേലിനെ പരാജയപ്പെടുത്തി, ആദ്യ പകുതിയിൽ കെയ് ഹാവെർട്‌സും ടിമോ വെർണറും നേടിയ ഗോളുകൾക്കായിരുന്നു ജർമനിയുടെ ജയം.കോച്ച് ഹാൻസി ഫ്ലിക്കിന് കീഴിൽ എട്ട് മത്സരങ്ങളിൽ എട്ട് വിജയങ്ങൾ നേടാൻ ജര്മനിക്കായി.ജോഷ്വ കിമ്മിച്ച്, അന്റോണിയോ റൂഡിഗർ, സെർജി ഗ്നാബ്രി എന്നിവരുൾപ്പെടെ നിരവധി താരങ്ങൾ ഇല്ലാതെയാണ് ജർമ്മനി ഇന്നിറങ്ങിയത്.
ജോഹാൻ ക്രൈഫ് അരീനയിലെ നടന്ന മറ്റൊരു മത്സരത്തിൽ നെതർലൻഡ്‌സ് രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഡെന്മാർക്കിനെ പരാജയപ്പെടുത്തി.ക്രിസ്റ്റ്യൻ എറിക്‌സന്റെ ഡെന്മാർക്ക് ടീമിലേക്കുള്ള തിരിച്ചുവരവ് കണ്ട മത്സരത്തിൽ ആദ്യ ടച്ചിൽ തന്നെ താരം സ്കോർ ചെയ്യുകയും ചെയ്തു.നെതർലൻഡ്‌സ് ഫോർവേഡ് സ്റ്റീവൻ ബെർഗ്‌വിജൻ മത്സരത്തിൽ രണ്ടു ഗോളുകൾ നേടി.നഥാൻ അകെയും മെംഫിസ് ഡെപേയും നെതർലൻഡ്‌സിന്റെ മറ്റ് ഗോളുകൾ നേടിയത്. എറിക്സണ് പുറമെ ജാനിക് വെസ്റ്റർഗാർഡ് ആണ് ഡെന്മാർക്കിൽ ഗോൾ നേടിയത്.