ലോകകപ്പ് യോഗ്യതയിൽ ഗ്രൂപ്പ് സിയിലെ നിർണായക മത്സരത്തിൽ സമനില വഴങ്ങി ഇറ്റലിയും സ്വിസർലാന്റും. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചാണ് സമനില വഴങ്ങിയത്. ഇതോടെ ഗ്രൂപ്പിൽ ഇരു ടീമുകൾക്കും ഒരേ പോയിന്റ് ആയി. എങ്കിലും ഗോൾ വ്യത്യാസത്തിൽ ഇറ്റലി ആണ് മുന്നിൽ. 11 മത്തെ മിനിറ്റിൽ ഒകഫോറിന്റെ പാസിൽ നിന്നു ബോക്സിന് പുറത്തുള്ള അതുഗ്രൻ അടിയിലൂടെ വലത് ബാക്ക് സിൽവാൻ വിഡ്മറിലൂടെ സ്വിസ് ആണ് മത്സരത്തിൽ മുന്നിലെത്തിയത്.എന്നാൽ 36 മത്തെ മിനിറ്റിൽ ഇൻസിഗിനിയുടെ ബുദ്ധിപൂർവ്വമായ ഒരു ഫ്രീക്കിക്കിൽ നിന്നു ഹെഡറിലൂടെ ലോറൻസോ ഇറ്റലിക്ക് ആയി സമനില ഗോൾ നേടി.
തുടർന്ന് വിജയഗോളിനായി ഇരു ടീമുകളും പരിശ്രമിച്ചു. 89 മത്തെ മിനിറ്റിൽ മത്സരം തീരാൻ മിനിറ്റുകൾ ഉള്ളപ്പോൾ ബെറാർഡിയെ ബോക്സിൽ വീഴ്ത്തിയ ഗാർസിയ പെനാൽട്ടി വഴങ്ങി. വാറിലൂടെ ആണ് ഇറ്റലിയുടെ പെനാൽട്ടി അനുവദിക്കപ്പെട്ടത്. എന്നാൽ പെനാൽട്ടി എടുത്ത ജോർജീന്യോ അത് പോസ്റ്റിനു മുകളിലൂടെ പറത്തിയതോടെ മത്സരം സമനിലയിൽ അവസാനിച്ചു. ഇതോടെ നേരിട്ടുള്ള ലോകകപ്പ് യോഗ്യതക്ക് അടുത്ത മത്സരം ഇരു ടീമുകൾക്കും നിർണായകമായി.
വമ്പൻ ജയത്തോടെ ലോകകപ്പ് യോഗ്യത ഒരു സമനില മാത്രം അകലെയാക്കി ഇംഗ്ലീഷ് പട. അൽബാനിയയെ എതിരില്ലാത്ത 5 ഗോളുകൾക്കാണ് ഇംഗ്ലണ്ട് തകർത്തത്.ആദ്യ പകുതിയിൽ തന്നെ 5 ഗോളുകളും നേടിയ ഇംഗ്ലണ്ടിന് ആയി പെർഫക്റ്റ് ഹാട്രിക് ആണ് ക്യാപ്റ്റൻ ഹാരി കെയിൻ നേടിയത്. റഹീം സ്റ്റർലിംഗിന് പകരക്കാരനായി രണ്ടാം പകുതിയിൽ ആഴ്സണൽ യുവ താരം എമിൽ സ്മിത് റോ ഇംഗ്ലണ്ടിന് ആയി അരങ്ങേറ്റവും കുറിച്ചു. ഒമ്പതാം മിനിറ്റിൽ റീസ് ജെയിംസിന്റെ ഫ്രീക്കിക്കിൽ നിന്നു ഹെഡറിലൂടെ ഹാരി മക്വയർ ആണ് ഇംഗ്ലണ്ടിന് ആദ്യ ഗോൾ സമ്മാനിച്ചത്.
18 മത്തെ മിനിറ്റിൽ ഹെന്റേഴ്സന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഹാരി കെയിൻ മത്സരത്തിൽ തന്റെ ആദ്യ ഗോൾ കണ്ടത്തി. 10 മിനിറ്റിനു അപ്പുറം കെയിന്റെ പാസിൽ നിന്നു ഹെൻഡേഴ്സൻ ഇംഗ്ലണ്ടിന് മൂന്നാം ഗോളും സമ്മാനിച്ചു. 33 മൂന്നാമത്തെ മിനിറ്റിൽ സ്റ്റർലിംഗിന്റെ പാസിൽ നിന്നു ഇടൻ കാലൻ അടിയിലൂടെ കെയിൻ ഇംഗ്ലണ്ടിന്റെ നാലാം ഗോളും നേടി. ആദ്യ പകുതിക്ക് തൊട്ടു മുമ്പ് ഫോഡന്റെ പാസിൽ നിന്നു അതുഗ്രൻ ഓവർ ഹെഡ് കിക്കിലൂടെ ഹാരി കെയിൻ ഹാട്രിക് തികച്ചു ഇംഗ്ലണ്ടിന്റെ വലിയ ജയം ഉറപ്പിച്ചു.
അണ്ടോറയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തു ലോകകപ്പ് യോഗ്യത പ്രതീക്ഷകൾ നിലനിർത്തി പോളണ്ട്. ജയത്തോടെ ഗ്രൂപ്പിൽ ഇംഗ്ലണ്ടിന് പിറകിൽ രണ്ടാം സ്ഥാനത്ത് തന്നെ നിൽക്കുകയാണ് പോളണ്ട്. മത്സരത്തിലെ ആദ്യ മിനിറ്റിൽ തന്നെ മോശം ഫൗളിന് കുകു ചുവപ്പ് കാർഡ് കണ്ടതോടെ അണ്ടോറ 10 പേരായി ചുരുങ്ങിയിരുന്നു.അഞ്ചാം മിനിറ്റിൽ ലെവൻഡോസ്കി തന്നെയാണ് പോളണ്ടിന്റെ ഗോൾ വേട്ട ആരംഭിച്ചത്. തുടർന്ന് 11 മത്തെ മിനിറ്റിൽ കാമിൽ ജോസ്വിയാക് പോളണ്ടിനു രണ്ടാം ഗോൾ സമ്മാനിച്ചു. 45 മത്തെ മിനിറ്റിൽ അണ്ടോറ മാർക് വാലസിലൂടെ ഒരു ഗോൾ തിരിച്ചടിച്ചു എങ്കിലും 2 മിനിറ്റിനുള്ളിൽ ലെവൻഡോസ്കിയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ മിലിക് പോളണ്ടിനു മൂന്നാം ഗോളും സമ്മാനിച്ചു. രണ്ടാം പകുതിയിൽ 73 മത്തെ മിനിറ്റിൽ ലെവൻഡോസ്കി തന്നെയാണ് പോളണ്ട് ജയം പൂർത്തിയാക്കിയത്.
ഗ്രൂപ്പ് എഫിൽ തുടർച്ചയായ ഒമ്പതാം ജയവുമായി ഡെന്മാർക്ക്. ഇതിനകം തന്നെ ലോകകപ്പ് യോഗ്യത ഉറപ്പിച്ച ഡാനിഷ് പട ഫറോ ദ്വീപുകളെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് തോൽപ്പിച്ചത്. ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇത് ആദ്യമായാണ് ഡെന്മാർക്ക് ഒരു ഗോൾ വഴങ്ങുന്നത്. 18 മത്തെ മിനിറ്റിൽ ആന്ദ്രസ് ഓൽസനിലൂടെ ഡെന്മാർക്ക് ആണ് മത്സരത്തിൽ മുന്നിലെത്തുന്നത്. തുടർന്ന് രണ്ടാം പകുതിയിൽ പകരക്കാരൻ ആയി ഇറങ്ങിയ ജേക്കബ് ലാർസൻ അവർക്ക് രണ്ടാം ഗോളും സമ്മാനിച്ചു.എന്നാൽ 89 മത്തെ മിനിറ്റിൽ ആന്ദ്രസ് ഓൽസൻ ഫറോ ദ്വീപുകൾക്ക് ആയി ഒരു ഗോൾ തിരിച്ചടിച്ചു. എന്നാൽ മിനിറ്റുകൾക്ക് ഉള്ളിൽ ഗോൾ കണ്ടത്തിയ ജോകിം മഹലെ ഡാനിഷ് ജയം അനായാസമാക്കി. അതേസമയം ഗ്രൂപ്പിലെ മറ്റൊരു സ്കോട്ടലാന്റ് മാൾഡോവയെ എതിരില്ലാത്ത 2 ഗോളിന് തകർത്തു പ്ലെ ഓഫ് ഉറപ്പിച്ചു. നഥാൻ പാറ്റേഴ്സൻ, ചെ ആദംസ് എന്നിവർ ആണ് സ്കോട്ടിഷ് പടക്ക് ആയി ഗോൾ നേടിയത്.