അർജന്റീന ലോകകപ്പ് നേടിയാലും ലയണൽ സ്‌കലോണിയുടെ ജന്മസ്ഥലം അതാഘോഷിക്കില്ല |Qatar 2022

ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ കുതിപ്പിനു പിന്നിലെ ബുദ്ധികേന്ദ്രം ലയണൽ സ്‌കലോണിയെന്ന പരിശീലകനാണ്. മെസിയെന്ന അസാമാന്യ കഴിവുകളുള്ള താരം സ്‌കലോണിയുടെ പദ്ധതികൾക്ക് കൂടുതൽ ശക്തി പകരുന്നുണ്ടെങ്കിലും ടീമിനെ ഒരുക്കിയെടുക്കാനും ഓരോ മത്സരത്തിനും അനുസരിച്ച് തന്ത്രങ്ങൾ മെനയാനും കളിയുടെ ഗതിയനുസരിച്ച് തന്ത്രങ്ങൾ മാറ്റാനുമെല്ലാം സ്‌കലോണിക്ക് പ്രത്യേക കഴിവാണുള്ളത്. കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം അർജന്റീനക്ക് നേടിക്കൊടുത്തതിനു ശേഷം ലോകകപ്പ് ഫൈനലിൽ ടീമിനെ എത്തിച്ചതോടെ ഇത് കൂടുതൽ വ്യക്തമായിട്ടുണ്ട്.

അർജന്റീന ലോകകപ്പിന്റെ ഫൈനലിൽ കടന്നതു മുതൽ രാജ്യത്തിന്റെ തെരുവുകളിൽ മുഴുവൻ ആഘോഷങ്ങൾ പൊട്ടിപ്പുറപ്പെട്ടിരിക്കയാണ്. ഭ്രാന്തമായ ഫുട്ബോൾ പ്രേമികളുള്ള രാജ്യത്തെ ആളുകളെല്ലാം അർജന്റീനയുടെ വിജയത്തിനായി പ്രാർത്ഥിക്കുന്നു. എന്നാൽ അർജന്റീനയുടെ വിജയത്തിലും ലയണൽ സ്‌കലോണിയുടെ ജന്മപ്രദേശമായ പുജാതോയിലെ ജനങ്ങൾക്ക് ആഘോഷിക്കാൻ കഴിയില്ല. 3700ഓളം ആളുകൾ താമസിക്കുന്ന പ്രദേശത്ത് താമസിച്ചിരുന്ന 27 വയസുള്ള അഗസ്റ്റിൻ ഫ്രാറ്റിനിയെന്ന യുവാവ് കാർ ആക്‌സിഡന്റിൽ മരിച്ചതാണ് ഇതിനു കാരണം.

“അർജന്റീന ലോകകപ്പ് ജേതാക്കളായാലും ഞങ്ങളത് ആഘോഷിക്കാൻ പോകുന്നില്ല. എല്ലാറ്റിനും അതിന്റേതായ സമയമുണ്ട്. ലോകകപ്പ് വിജയം ആഘോഷിക്കാനും ഒരു സമയമുണ്ടാകും.” പുജാതോ മുനിസിപ്പാലിറ്റി പ്രസിഡന്റായ ഡാനിയേൽ ക്വാക്വറിനി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു. അർജന്റീന കിരീടം നേടിയാൽ ലയണൽ സ്‌കലോണിയെക്കുറിച്ച് വളരെയധികം അഭിമാനമുണ്ടാകുമെന്നും പ്രദേശത്ത് എല്ലാവരും വളരെയധികം അടുപ്പത്തോടെയും പരസ്‌പര ബഹുമാനത്തോടെയുമാണ് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

നെതർലാൻഡ്‌സിനെതിരായ മത്സരത്തിന് ശേഷം ഫ്രാറ്റിനിയുടെ മരണത്തെക്കുറിച്ച് സ്‌കലോണി തന്നെ പരാമർശിച്ചിരുന്നു. പുജാതോ പ്രദേശത്തെ എല്ലാവർക്കും തന്റെ ആലിംഗനം അയക്കുന്നുവെന്നു പറഞ്ഞ സ്‌കലോണി ചെറുപ്പക്കാരന്റെ മരണത്തിൽ തന്റെ ദുഃഖം വെളിപ്പെടുത്തുകയും കുടുംബത്തിന് പിന്തുണ നൽകുകയും ചെയ്‌തു. പ്രാദേശത്ത് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു ആളായിരുന്ന ഫ്രാറ്റിനി ഒരു ഇലക്ട്രോമെക്കാനിക്കൽ ടെക്‌നീഷ്യൻ ആയിരുന്നു.

Rate this post