തന്റെ പ്രിയപ്പെട്ട ക്ലബിൽ നിന്നും വിലമതിക്കുന്ന ഒരു കിരീടം നേടികൊണ്ട് വിടപറയുക എന്നുള്ളത് അപൂർവമായി ലഭിക്കുന്ന ഭാഗ്യമാണ്. അത്തരത്തിലുള്ള ഒരു ഭാഗ്യമാണ് സെവിയ്യയുടെ അർജന്റൈൻ താരം എവർ ബനേഗക്ക് ഇന്നലെ ലഭിച്ചത്. ഇന്റർമിലാനെ 3-2 ന് കീഴടക്കി കൊണ്ട് സെവിയ്യ തങ്ങളുടെ ആറാം യൂറോപ്പ ലീഗ് കിരീടം ചൂടിയപ്പോൾ മൂന്ന് കിരീടനേട്ടങ്ങളിലും നിർണായകപങ്ക് വഹിച്ച താരമാണ് എവർ ബനേഗ. ഒടുക്കം അയാൾ ഇന്നലെ ആരാധകരോട് വിടപറഞ്ഞു.വികാരഭരിതമായ വിടപറച്ചിലാണ് ബനേഗ ആരാധകർക്ക് നൽകിയത്.
2014-ലായിരുന്നു താരം സെവിയ്യയിൽ എത്തിയത്. 2015, 2016 യൂറോപ്പ ലീഗ് കിരീടം ക്ലബിനൊപ്പം നേടാൻ താരത്തിന് സാധിച്ചു. തുടർന്നു താരം ഇന്റർമിലാനിലേക്ക് ചേക്കേറി. ഏകദേശം രണ്ട് വർഷം അവിടെ ചിലവഴിച്ച ശേഷം തിരികെ സെവിയ്യയിലേക്ക് തന്നെ താരം വരികയായിരുന്നു. ഒടുക്കം മൂന്ന് വർഷത്തിന് ശേഷം താരം പടിയിറങ്ങാൻ തീരുമാനിച്ചു. സെവിയ്യക്ക് വേണ്ടി 238 മത്സരങ്ങൾ കളിച്ച താരം 29 ഗോളും 39 അസിസ്റ്റും നേടികഴിഞ്ഞു. സെവിയ്യക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരം കളിച്ച മൂന്നാമത്തെ താരമാണ് ബനേഗ. സൗദി ക്ലബായ അൽ ശബാബിലേക്കാണ് താരം കൂടുമാറുന്നത്.
” ഈയൊരു വൈകാരികമായ സമയത്ത് എന്താണ് പറയേണ്ടത് എന്നെനിക്കറിയില്ല.. !സത്യത്തിൽ എനിക്ക് സങ്കടമുണ്ട്. എന്റെ ജീവന് തുല്യം സ്നേഹിച്ച ക്ലബിനോടാണ് ഞാനിപ്പോൾ വിടപറയുന്നത്. പക്ഷെ ഞാൻ സംതൃപ്തനാണ്. മറ്റൊരു കിരീടം കൂടി നേടികൊണ്ട്, തലയുയർത്തി പിടിച്ചു കൊണ്ടാണ് ഞാൻ ഇവിടെ നിന്നും പടിയിറങ്ങുന്നത്. മറ്റൊരു കിരീടം കൂടി എനിക്ക് നേടിതന്നതിൽ സെവിയ്യ താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും ഞാൻ ഹൃദയത്തിൽ നിന്നുള്ള നന്ദി അറിയിക്കുന്നു. അത്പോലെ തന്നെ പരിശീലകൻ ജൂലെൻ ലോപെട്യുഗി കീഴിൽ പ്രവർത്തിച്ചത് ഞാൻ വളരെയധികം ഇഷ്ടപ്പെട്ട ഒന്നായിരുന്നു. തുടക്കത്തിൽ ഞാൻ ഒരല്പം പിറകിലായിരുന്നു. എന്നാൽ കഠിനാദ്ധ്യാനം ചെയ്യാതെ ഒന്നും നമുക്ക് നേടിയെടുക്കാനാവില്ലെന്ന് അദ്ദേഹം എനിക്ക് കാണിച്ചു തന്നു. ഇപ്പോൾ എനിക്ക് ഈ കിരീടനേട്ടം ആസ്വദിക്കാനുള്ള സമയമാണ് ” ബനേഗ പറഞ്ഞു.