ലോകകപ്പ് ഫൈനലിലെ സാധനങ്ങളെല്ലാം ബാഴ്‌സലോണയിലേക്ക് കൊണ്ടു പോകണം, മെസി പറയുന്നു

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലയണൽ മെസി പിഎസ്‌ജി കരാർ പുതുക്കുമോ എന്നത് സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായി ഉയർന്നു കൊണ്ടിരിക്കുകയാണ്. നേരത്തെ കരാർ പുതുക്കാമെന്ന തീരുമാനം എടുത്തിരുന്ന താരം അതിൽ നിന്നു പിന്മാറിയെന്ന അഭ്യൂഹങ്ങൾ പുറത്തു വന്നിരുന്നു. എന്നാൽ അതിനൊപ്പം തന്നെ മെസി കരാർ പുതുക്കുന്നതിനു വേണ്ടിയുള്ള ചർച്ചകൾ തുടരുകയാണെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു.

ലയണൽ മെസി പിഎസ്‌ജി കരാർ പുതുക്കുന്നില്ലെന്ന വാർത്ത ബാഴ്‌സലോണ ആരാധകർക്കും പ്രതീക്ഷ നൽകിയ ഒന്നാണ്. അപ്രതീക്ഷിതമായി ടീമിൽ നിന്നും പുറത്തു പോകേണ്ടി വന്ന താരത്തിന്റെ തിരിച്ചുവരവിന് ക്ലബിന്റെ ആരാധകർ വളരെയധികം ആഗ്രഹിക്കുന്നുണ്ട്. വീണ്ടുമൊരിക്കൽ കൂടി ക്യാമ്പ് നൂവിന്റെ മൈതാനത്ത് താരം ഇറങ്ങുകയെന്ന ആഗ്രഹം മെസി ആരാധകർക്കുമുണ്ടാകും.

കഴിഞ്ഞ ദിവസം ഡിയാറിയോ ഒലെയോട് സംസാരിക്കുമ്പോൾ മെസി പ്രതികരിച്ച ചില കാര്യങ്ങൾ ബാഴ്‌സലോണ ആരാധകർക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്. ലോകകപ്പ് ഫൈനലിൽ ഉപയോഗിച്ച കിറ്റ് ഓർമകളായി ബാഴ്‌സലോണയിലേക്ക് കൊണ്ടു പോകണമെന്നാണ് മെസി പറഞ്ഞത്. കരിയർ അവസാനിച്ചതിനു ശേഷം ബാഴ്‌സലോണയിൽ തന്നെ ജീവിക്കാനുള്ള ആഗ്രഹവും മെസി വെളിപ്പെടുത്തി.

“ലോകകപ്പ് ഫൈനലിലെ ജേഴ്‌സി, ബൂട്ട് എന്നിവയടക്കം എല്ലാ വസ്‌തുക്കളും ഞാൻ സൂക്ഷിച്ചിട്ടുണ്ട്. അവയെല്ലാം ഇപ്പോൾ അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഓഫീസിലുണ്ട്. മാർച്ചിൽ അതെല്ലാമെനിക്ക് ബാഴ്‌സലോണയിലേക്ക് കൊണ്ടു വരണം. അവിടെയാണ് എന്റെ ഓർമകളുള്ളത്. കരിയർ അവസാനിച്ചതിനു ശേഷം ബാഴ്‌സലോണയിൽ തന്നെ ജീവിക്കാനാണ് ആഗ്രഹം.” മെസി പറഞ്ഞു.

പിഎസ്‌ജി കരാർ പുതുക്കൽ വൈകുന്ന സാഹചര്യത്തിൽ ബാഴ്‌സലോണയോടുള്ള ഇഷ്‌ടം മെസി വെളിപ്പെടുത്തിയത് ആരാധകർക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണ്. എന്നാൽ ലയണൽ മെസി തിരിച്ചു വരാൻ ആഗ്രഹിച്ചാൽ പോലും കൊണ്ടുവരാനുള്ള ശേഷി ഇപ്പോൾ ബാഴ്‌സലോണക്കുണ്ടോ എന്ന കാര്യം സംശയമാണ്.

Rate this post
Lionel Messi