ടോട്ടനത്തിൽ നിന്നും റയൽ മാഡ്രിഡിലേക്കു ചേക്കേറിയ ഗരത് ബേലല്ല ഇപ്പോൾ തിരിച്ചെത്തിയിരിക്കുന്നതെന്നു പരിശീലകൻ മൊറീന്യോ. സ്പർസ് താരങ്ങൾ അദ്ദേഹത്തിന്റെ മാറ്റം തിരിച്ചറിയണമെന്ന നിർദ്ദേശം നൽകിയ മൊറീന്യോ ഏഴു വർഷങ്ങൾക്കു ശേഷം സ്പർസിലെത്തിയ ബേലിന് ആദ്യമുണ്ടായിരുന്ന അതേ മികവ് ടീമിനൊപ്പം കാഴ്ച വെക്കാൻ കഴിഞ്ഞേക്കില്ലെന്ന മുന്നറിയിപ്പും നൽകി.
യൂറോപ്പ ലീഗ് മത്സരത്തിൽ തോൽവിയേറ്റു വാങ്ങിയതിനു ശേഷം ബേലിനെ രണ്ടാം പകുതിയിൽ പിൻവലിച്ചതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു മൊറീന്യോ. “ഏഴു വർഷം ഒരു വലിയ ഇടവേളയാണെന്നു ഞാൻ വീണ്ടും ആവർത്തിക്കുന്നു. ഏഴു വർഷങ്ങൾക്കു മുൻപും ശേഷവും ഏതു താരമാണ് അതു പോലെ ഉണ്ടായിട്ടുള്ളത്. അവർ വ്യത്യസ്തരായിരിക്കും.”
“നിങ്ങൾക്കു വേണമെങ്കിൽ ഏഴു വർഷങ്ങൾക്കു മുൻപുള്ള റൊണാൾഡോയേയും മെസിയേയും ഇപ്പോഴത്തെ അവരുമായി താരതമ്യം ചെയ്യുക. എല്ലാ കളിക്കാർക്കും ഇതുപോലെ സംഭവിക്കുമെന്നാണു ഞാൻ കരുതുന്നത്. ബേലും അതുപോലെ തന്നെ വ്യത്യസ്തനായ ഒരു താരമാണ്.” മൊറീന്യോ പറഞ്ഞു.
അടുത്ത മത്സരത്തിൽ ടീമിലിടം പിടിക്കാൻ താരം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് മൊറീന്യോ പറഞ്ഞു. തൊണ്ണൂറു മിനുട്ടും താരത്തെ കളിപ്പിക്കുക ദുഷ്കരമാണെങ്കിലും ബ്രൈറ്റണെതിരായ അടുത്ത മത്സരത്തിൽ താരം കളിക്കുമെന്നു തന്നെയാണ് പരിശീലകൻ പറയുന്നത്.