“ചെൽസിയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കി ലിവർപൂൾ ,മെസ്സിയുടെ തകർപ്പൻ ഇരട്ട ഗോളിൽ പിഎസ്ജി”

ഫ്രഞ്ച് ലീഗ് 1 ൽ ലയണൽ മെസിയുടെ ഇരട്ട ഗോളിൻെറ മികവിൽ തകർപ്പൻ ജയം സ്വന്തമാക്കി പിഎസ്ജി.മോണ്ട്പെല്ലിയയെ മറുപടിയില്ലാത്ത നാല് ഗോളിനാണ് പിഎസ്ജി തകർത്തത്. തുടർച്ചയായ മൂന്ന് സമനിലകൾക്ക് ശേഷമാണ് പാരീസ് വമ്പൻമാർ വീണ്ടും വിജയം ആഘോഷിച്ചത്.

നെയ്മറിന്റെ അഭാവത്തിൽ പിഎസ്ജി മുന്നേറ്റനിരയുടെ നിയന്ത്രണം ഏറ്റെടുത്ത മെസിയുടെ ഗോളുകൾ 6, 20 മിനിറ്റുകളിലായിരുന്നു. അർജന്റീന സഹതാരം ഏയ്ഞ്ചൽ ഡി മരിയയും കിലിയൻ എംബാപ്പെയുമാണ് പിഎസ്ജിയുടെ മറ്റ് രണ്ട് ഗോളുകൾ നേടിയത്.പെനാൽറ്റിയിലൂടെ സ്‌കോർ ചെയ്ത എംബാപ്പെ 25 ഗോളുകളുമായി ലീഗ് വണ്ണിലെ ഗോൾ വേട്ടയിൽ ഒന്നാമതെത്തി.മൊണാക്കോയുടെ വിസാം ബെൻ യെഡറിനേക്കാൾ ഒരു ഗോളിന് മുന്നിലാണ് എംബപ്പേ.

ഹോം ഗ്രൗണ്ടിൽ സ്റ്റേഡ് ബ്രെസ്റ്റോയിസിനെ 4-2 ന് പരാജയപ്പെടുത്തിയ മത്സരത്തിൽ മോണോക്കക്ക് വേണ്ടി ബെൻ യെഡ്ഡർ ഹാട്രിക്ക് നേടി. സീസണിലെ ഒരു കളി ബാക്കിനിൽക്കെ, രണ്ടാം സ്ഥാനത്തുള്ള മൊണാക്കോയെക്കാൾ 15 പോയിന്റിന്റെ മുൻതൂക്കം PSG യ്ക്കുണ്ട്. മോണ്ട്പെല്ലിയർ 13-ാം സ്ഥാനത്താണ്.മെയ് 22ന് നടക്കുന്ന സീസണിലെ അവസാന ലീഗ് മത്സരത്തിൽ പിഎസ്ജി മെറ്റ്സിനെ നേരിടും.

ചെൽസിയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ പരാജയപ്പെടുത്തി എഫ്.എ കപ്പ് കിരീടം സ്വന്തമാക്കി ലിവർപൂൾ.നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകൾക്കും ഗോൾ നേടാനാവാതെ പോയതോടെ മത്സരം പെനാൽറ്റി ഷൂട്ട്ഔട്ടിൽ എത്തുകയായിരുന്നു. ഈ സീസണിൽ ഇരു ടീമുകളും 4 തവണ ഏറ്റുമുട്ടിയപ്പോഴും നിശ്ചിത സമയത്ത് വിജയികളെ കണ്ടെത്താനായിരുന്നില്ല.

ഷൂട്ട്‌ഔട്ടിൽ 6-5ന് മറികടന്നാണ് റെഡ്സ്‌ സീസണിലെ രണ്ടാം കിരീടം സ്വന്തമാക്കിയത്. സീസണിൽ ക്വാഡ്രപിൾ ലക്ഷ്യമിടുന്ന ലിവർപൂൾ ഇതോടെ രണ്ട് കടമ്പകൾ വിജയകരമായി പൂർത്തിയാക്കി.തുടർന്ന് പെനാൽറ്റിയിൽ ചെൽസിക്ക് വേണ്ടി മാർക്കോസ് അലോൺസോ, റീസ് ജെയിംസ്, റോസ് ബാർക്ലി, ജോർഗീനോ, സീയെച്ച് എന്നിവർ ലക്ഷ്യത്തിൽ എത്തിച്ചപ്പോൾ ലിവർപൂളിന് വേണ്ടി ജെയിംസ് മിൽനർ, തിയാഗോ, ഫിർമിനോ, അലക്സാണ്ടർ അർണോൾഡ്, ജോട്ട, സിംകാസ് എന്നിവർ ലക്‌ഷ്യം കണ്ടു. ചെൽസി താരങ്ങളായ സെസാർ അസ്പിലിക്വറ്റയും മേസൺ മൗണ്ടും പെനാൽറ്റി നഷ്ട്ടപെടുത്തിയപ്പോൾ ലിവർപൂൾ താരം സാദിയോ മാനെയും പെനാൽറ്റി നഷ്ടപ്പെടുത്തി.

Rate this post