സ്റ്റേഡിയത്തിൽ ആരാധകർ ഉണ്ടായിരുന്നെങ്കിൽ ചെൽസിയെ തോൽപിക്കുമായിരുന്നുവെന്ന് യുണൈറ്റഡ് പരിശീലകൻ

ചെൽസിക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കടുപ്പമേറിയ മത്സരക്രമങ്ങളെ വിമർശിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സോൾഷയർ. സ്വന്തം മൈതാനത്തു വെച്ചു നടന്ന മത്സരത്തിൽ ആരാധകരുടെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിൽ വിജയം നേടാൻ കഴിയുമായിരുന്നുവെന്നും സോൾഷയർ വ്യക്തമാക്കി. ഇന്നലെ നടന്ന മത്സരം ഇരുടീമുകളും ഗോൾ നേടാതെ സമനിലയിൽ പിരിയുകയായിരുന്നു.

“യൂറോപ്പിൽ കളിച്ച രണ്ടു ടീമുകൾ തമ്മിലാണ് ഏറ്റുമുട്ടിയതെന്നതു കൊണ്ട് ആദ്യ പകുതിയിൽ അതു പ്രകടമായിരുന്നു. രണ്ടാം പകുതിയിൽ യുണൈറ്റഡ് കൂടുതൽ മികച്ച പ്രകടനം നടത്തിയിരുന്നു. സ്റ്റേഡിയത്തിൽ ആരാധകരുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിൽ തീർച്ചയായും ഞങ്ങൾ ഗോൾ നേടുമായിരുന്നു.

“ഞങ്ങൾ കഠിനമായി അധ്വാനിച്ചിരുന്നു. തിയാഗോ സിൽവയുടെ ബ്ലോക്കും മെൻഡിയുടെ തകർപ്പൻ സേവുകളുമാണ് മത്സരം നഷ്ടമാക്കിയത്. എന്നാൽ സ്റ്റേഡിയത്തിലോ അതിന്റെ ഒരു ഭാഗമായ സ്ട്രെറ്റ്ഫോർഡ് എൻഡിലോ ആരാധകർ ഉണ്ടായിരുന്നെങ്കിൽ ഇതിനേക്കാൾ ആവേശത്തോടെ താരങ്ങൾ കളിക്കുമായിരുന്നു. മറ്റൊരു കായിക ഇനം പോലെയാണ് ആരാധകരില്ലാതെ ഫുട്ബോൾ കാണുമ്പോൾ തോന്നുന്നത്.” സോൾഷയർ പറഞ്ഞു.

1972നു ശേഷം ആദ്യമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സീസണിന്റെ തുടക്കത്തിലെ മൂന്നു ഹോം മത്സരങ്ങളിലും വിജയം നേടാതിരിക്കുന്നത്. ചെൽസിക്കെതിരെ സമനിലയിൽ പിരിഞ്ഞ മത്സരത്തിനു മുൻപ് ടോട്ടനം ഒന്നിനെതിരെ ആറു ഗോളുകൾക്കും ക്രിസ്റ്റൽ പാലസ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കും ഓൾഡ് ട്രാഫോഡിൽ യുണൈറ്റഡിനെ തോൽപിച്ചിരുന്നു.