ബാഴ്സലോണയുടെ കൗമാര വിസ്മയമായ അൻസു ഫാറ്റിയെ മെസിയുടെ പിൻഗാമിയായി കരുതുന്നില്ലെന്ന് സ്പെയിൻ പരിശീലകൻ ലൂയിസ് എൻറിക്വ. പോർച്ചുഗൽ, സ്വിറ്റ്സർലൻഡ്, യുക്രൈൻ എന്നിവർക്കെതിരെയുള്ള മത്സരങ്ങൾക്കുള്ള സ്പാനിഷ് ടീമിനെ തിരഞ്ഞെടുത്തതിനു ശേഷം സംസാരിക്കുമ്പോഴാണ് മുൻ ബാഴ്സ പരിശീലകൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
“അൻസു ഫാറ്റി അൻസു ഫാറ്റിയുടെ തന്നെ പിൻഗാമിയാണ്. സ്വന്തം കഴിവുകളിൽ ഉറ്റു നോക്കി, മിതത്വം പാലിച്ച് നന്നായി അധ്വാനിക്കുകയാണ് താരം വേണ്ടത്. കുടുംബത്തിന്റെയും ഫുട്ബോളിൽ വളരെ പരിചയസമ്പത്തുള്ളവരുടെയും നിർദ്ദേശങ്ങൾ താരം സ്വീകരിക്കണം.”
“ഫാറ്റിയുടെ സാങ്കേതിക മികവാണ് ശ്രദ്ധിക്കേണ്ടത്. ഉയരം കുറവാണെങ്കിലും താരത്തിന് മികച്ച രീതിയിൽ ഹെഡ് ചെയ്യാനാകും. മത്സരത്തിന്റെ ഒഴുക്കിനെ നല്ല രീതിയിൽ മനസിലാക്കാനും ടീമിനൊപ്പം ഒരുമിച്ചു നിന്നു പ്രവർത്തിക്കാനും താരത്തിനു കഴിയും.” എൻറിക്വ വ്യക്തമാക്കി.
ബാഴ്സക്കൊപ്പം സീസണിൽ മികച്ച തുടക്കമാണ് ഫാറ്റി കുറിച്ചത്. രണ്ടു മത്സരങ്ങളിൽ നിന്നും മൂന്നു ഗോളുകൾ താരം നേടിക്കഴിഞ്ഞു. സ്പെയിൻ ടീമിൽ ആദ്യ ഇലവനിൽ തന്നെ താരം ഇടം പിടിക്കുമെന്നാണ് കരുതുന്നത്.