യുവതാരം അൻസു ഫാറ്റി കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. കഴിഞ്ഞ എൽ ക്ലാസിക്കോയിലും ഗോൾ നേടിയ ഫാറ്റി വീണ്ടും റെക്കോർഡ് കുറിച്ചിരുന്നു. എൽ ക്ലാസിക്കോയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതിയാണ് ഫാറ്റിക്ക് സ്വന്തമായത്. ഇതുപോലെ കഴിഞ്ഞ സീസണിലും ഈ സീസണിലും ബാഴ്സക്ക് വേണ്ടിയും സ്പെയിനിന് വേണ്ടിയും നിരവധി റെക്കോർഡുകൾ ഫാറ്റി സ്വന്തം പേരിൽ എഴുതിചേർത്തിരുന്നു.
ഇപ്പോഴിതാ ഫാറ്റിക്ക് ജന്മദിനഉപദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് കൂമാൻ. പതിനെട്ടു വയസ്സ് പൂർത്തിയാവുന്ന താരത്തിനോട് ശ്രദ്ധ വർധിപ്പിക്കാനാണ് കൂമാൻ ഉപദേശിച്ചിരിക്കുന്നത്. അലാവസിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് കൂമാൻ ഫാറ്റിയെ കുറിച്ച് പറഞ്ഞത്. ഫാറ്റിക്ക് പ്രതിഭയുണ്ടെന്നും എന്നാൽ ശ്രദ്ധ കുറവ് അദ്ദേഹത്തിൽ കാണുന്നുണ്ടെന്നും അത് പരിഹരിക്കണമെന്നുമാണ് കൂമാൻ പറഞ്ഞത്.
” ഫാറ്റിക്ക് പ്രതിഭാപാടവമുണ്ട്. നല്ല താരമാണ്. പക്ഷെ ചില ഉപദേശങ്ങൾ അദ്ദേഹത്തിന് നൽകാൻ ഞാൻ ഇഷ്ടപ്പെടുന്നു. നല്ല രീതിയിൽ വർക്ക് ചെയ്ത് പുരോഗതി പ്രാപിക്കണം. ഇന്നലെ ഞാൻ അദ്ദേഹവുമായി ശ്രദ്ധക്കുറവിന്റെ വിഷയം ഞാൻ സംസാരിച്ചിരുന്നു. അത് വർധിപ്പിക്കാൻ ഞാൻ ആവിശ്യപ്പെട്ടിട്ടുണ്ട്. ശ്രദ്ധയുടെ അഭാവമാണ് അദ്ദേഹത്തിൽ കാണുന്നത്. അല്ലാതെ ക്വാളിറ്റിയുടെ അഭാവമല്ല. വളരെയധികം കഴിവുകളുള്ള ഫാറ്റി സ്വയം സഹായിക്കുക തന്നെയാണ് വേണ്ടത്. ഇനിയും ഒരുപാട് പുരോഗതി കൈവരിക്കാൻ ശ്രദ്ധ കേന്ദ്രീകരിച്ചേ മതിയാകൂ ” കൂമാൻ പറഞ്ഞു.
ഈ സീസണിലെ ബാഴ്സയുടെ ടോപ് സ്കോററാണ് ഫാറ്റി. ഏഴ് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ താരം നേടികഴിഞ്ഞു. സെപ്റ്റംബറിൽ സ്പെയിനിന് വേണ്ടിയും ഗോൾ നേടാൻ താരത്തിന് കഴിഞ്ഞിരുന്നു. 95 വർഷത്തെ റെക്കോർഡ് ആണ് അന്ന് ഫാറ്റി തകർത്തു വിട്ടത്.