ബാഴ്സലോണക്കും സ്പെയിൻ ദേശീയ ടീമിനും വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും അൻസു ഫാറ്റിയുടെ കാര്യത്തിൽ ക്ഷമിച്ചു കാത്തിരിക്കേണ്ടത് അത്യാവശ്യമാണെന്ന് സ്പെയിൻ പരിശീലകൻ ലൂയിസ് എൻറിക്വ. ഫാറ്റിയെ കേന്ദ്രീകരിച്ച് ഒരിക്കലും ടീം ഫോർമേഷൻ രൂപീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
”ഒരാളെ കേന്ദ്രീകരിച്ചു ടീം ഫോർമേഷൻ സൃഷ്ടിക്കുകയെന്നതു പരിഗണനയിലില്ല. ടീമാണ് എല്ലാത്തിനും മുകളിലുള്ളത്. എന്നാൽ ചില മത്സരങ്ങളിൽ ചിലപ്പോൾ ഇത്തരം നീക്കങ്ങൾ കൊണ്ട് ഫലങ്ങളുണ്ടായേക്കാം.” പത്രസമ്മേളനത്തിൽ എൻറിക്വ പറഞ്ഞു.
”ഒരു താരത്തിനു വേണ്ടി സിസ്റ്റം സൃഷ്ടിക്കപ്പെട്ടിട്ടില്ല. ടീമിനെ കേന്ദ്രീകരിച്ചാണ് സിസ്റ്റം നിലനിൽക്കുന്നത്. ഫാറ്റിയെക്കുറിച്ച് ക്ഷമ കാണിക്കേണ്ടത് അത്യാവശ്യമാണ്. ഒരു കളിക്കാരനെന്ന നിലയിൽ താരം ഇനിയും വളർന്നു വരാനുണ്ട്.” എൻറിക്വ പറഞ്ഞു.
സ്പെയിൻ ടീം ഒരു മികച്ച സ്ട്രൈക്കറുടെ അഭാവം നേരിടുന്നുണ്ടെന്ന് എൻറിക്വ സമ്മതിച്ചു. എന്നാൽ ഗോൾ നേടാൻ കഴിയുന്ന മധ്യനിര താരങ്ങൾ ടീമിലുണ്ടെന്നും അത്തരം പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുമെന്നും എൻറിക്വ വ്യക്തമാക്കി.