ട്രിൻകാവോയെ ഫസ്റ്റ് ടീമിൽ ഉൾപ്പെടുത്തി കൂമാൻ, ഫാറ്റിയുൾപ്പെടുന്ന സൂപ്പർ താരങ്ങൾ കാത്തിരിക്കണം !

കഴിഞ്ഞ സീസണിലെ തോൽവിയെ തുടർന്ന് ബാഴ്സയിൽ കാര്യമായ അഴിച്ചു പണികൾ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായിട്ടില്ല. സെറ്റിയന് പകരം കൂമാൻ വന്നപ്പോൾ ഒത്തിരി പുതിയ താരങ്ങൾ ടീമിൽ എത്തി ടീമിന്റെ ശക്തി വർധിപ്പിക്കും എന്ന് ധരിച്ചിരുന്നുവെങ്കിലും ഒന്നും ഇതുവരെ സംഭവിച്ചിട്ടില്ല.റാക്കിറ്റിച്ച് ക്ലബ് വിട്ടതും സുവാരസ്, വിദാൽ എന്നിവർ ക്ലബ് വിടാൻ ഒരുങ്ങി നിൽക്കുന്നതും കൂട്ടീഞ്ഞോ മടങ്ങി വന്നതും മാറ്റി നിർത്തിയാൽ കാര്യമായ അഴിച്ചു പണികൾ ബാഴ്‌സയിൽ ഉണ്ടായിട്ടില്ല.

യുവതാരങ്ങളുടെ കാര്യത്തിലും അത്‌ തന്നെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. നിലവിൽ ബാഴ്സയിൽ ആരൊക്കെ തുടരും, ആരൊക്കെ പോവും എന്ന് തീരുമാനമാവാത്തത് കൊണ്ട് ഒരു ഫസ്റ്റ് ടീമിനെ സെറ്റ് ചെയ്തെടുക്കാൻ കൂമാന് ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ സീസണിൽ അൻസു ഫാറ്റിയും റിക്കി പുജും അരൗജോയുമൊക്കെ ഫസ്റ്റ് ടീമിൽ കളിച്ചിരുന്നുവെങ്കിലും യഥാർത്ഥത്തിൽ ഇവരൊക്കെ ബാഴ്സ ബിയുടെ താരങ്ങൾ ആയിരുന്നു.പക്ഷെ ഇപ്രാവശ്യം സീനിയർ ടീമിലേക്ക് പ്രൊമോഷൻ കിട്ടും എന്നാണ് ഇവർ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ഇവരുടെ കാര്യത്തിൽ ഇതുവരെ കൂമാൻ തീരുമാനം കൈക്കൊണ്ടിട്ടില്ല.

ബാഴ്സയിലേക്ക് പുതുതായി എത്തിയ പോർച്ചുഗീസ് താരം ട്രിൻകാവോയുടെ കാര്യത്തിൽ കൂമാൻ തീരുമാനം എടുത്തിട്ടുണ്ട്. ഇരുപതുകാരനായ താരം പ്രീ സീസണിൽ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തിരുന്നു. ഫലമായി കൂമാൻ താരത്തെ ഫസ്റ്റ് ടീമിലേക്ക് എടുക്കാൻ തീരുമാനിക്കുകയായിരുന്നു. പക്ഷെ ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പതിനേഴാം നമ്പർ ജേഴ്സിയാണ് താരം അണിയുക. സെപ്റ്റംബർ ഇരുപത്തിയേഴിന് നടക്കുന്ന മത്സരത്തിൽ ഒരുപക്ഷേ താരത്തിന് കളിക്കാൻ അവസരം ലഭിച്ചേക്കുമെന്നും സ്പോർട്ട് പറയുന്നുണ്ട്.

എന്നാൽ അൻസു ഫാറ്റി, റിക്കി പുജ്‌, പുതിയ താരം പെഡ്രി, റൊണാൾഡ് അരൗജോ, എന്നിവർ ഇപ്പോഴും കാത്തിരിപ്പിലാണ്. ഇവരെ സീനിയർ ടീമിലേക്ക് പ്രൊമോഷൻ നൽകേണമോ അതോ ബാഴ്സ ബി താരങ്ങളായി പരിഗണിക്കേണമോ എന്നുള്ളതാണ് ബാഴ്സയും കൂമാനും ഇപ്പോൾ ചിന്തിച്ചു കൊണ്ടിരിക്കുന്നത്. ഫസ്റ്റ് ടീമിലേക്ക് സ്ഥാനം നേടാൻ അർഹതയുള്ളത് നിലവിൽ ഈ നാലു പേരുമാണ്. പക്ഷെ പ്രൊമോഷൻ നൽകിയാൽ താരങ്ങളുടെ സാലറിയിലും മറ്റു കാര്യങ്ങളിലും മാറ്റം വരുത്തേണ്ടി വന്നേക്കും. കൂടാതെ കൂമാന്റെ താല്പര്യം കൂടി പരിഗണിക്കേണ്ടതുണ്ട്. ഏതായാലും വരും ദിവസങ്ങളിൽ ഈ കാര്യത്തിൽ തീരുമാനം ഉണ്ടാവും.

Rate this post
Fc BarcelonaLa LigaRonald koeman